വനത്തിനുള്ളില്‍ ഷൂട്ട് ചെയ്ത മലയാള സിനിമകള്‍ അപൂര്‍വമാണ്. ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയിലേക്ക് ആകര്‍ഷിക്കുന്നതും അതുതന്നെയാണ്. വനത്തിന്‍റെ സൌന്ദര്യം ആവോളം നുകരാന്‍ ഒരു സിനിമ. ആ ആവശ്യം പൂര്‍ണമായും നിറവേറ്റുന്നുണ്ട് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍. എന്നാല്‍ ഒരു സിനിമയെന്ന നിലയില്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍റെ ഈ സംരംഭം പ്രേക്ഷകരെ എത്രമാത്രം തൃപ്തിപ്പെടുത്തുന്നുണ്ട് എന്നത് സംശയം.
തിരക്കഥയിലെ പാളിച്ചകളാണ് ഈ സിനിമയും പ്രേക്ഷകര്‍ക്കുമിടയില്‍ മതില്‍ പണിയുന്നത്. ഒരു ഹോളിവുഡ് സിനിമയ്ക്ക് ചേര്‍ന്ന കഥയാണെങ്കിലും അത് മിഴിവോടെ പറയാന്‍ സംവിധായകനായിട്ടില്ല. കഥാപാത്രനിര്‍മ്മിതിയും അപൂര്‍ണമായി. പല കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വമില്ല. സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാലുടന്‍ മറന്നുപോകുന്ന കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും. ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്ന പേരിടാന്‍ കാണിച്ച മിടുക്കും പ്രതിഭയും തിരക്കഥയില്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ പോയതാണ് സിനിമയെ ആസ്വാദ്യകരമല്ലാതാക്കുന്നത്.
പരിസ്ഥിതി പ്രാധാന്യമുള്ള ഒരു കഥ കണ്ടെത്താന്‍ കഴിഞ്ഞു എന്നതില്‍ സംവിധായകന്‍ അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ മഹത്തായൊരു കഥ കണ്ടെത്തുന്നതില്‍ മാത്രമല്ല, അത് മികച്ച രീതിയില്‍ അവതരിപ്പിച്ച് ഒരു നല്ല സിനിമയാക്കാനും സംവിധായകന് കഴിയേണ്ടതായിരുന്നു. ജയേഷ് നായരുടെ ഛായാഗ്രഹണമാണ് ഈ സിനിമയ്ക്ക് രക്ഷയാകുന്ന പ്രധാന ഘടകം. എന്നാല്‍ വനത്തിന്‍റെ സൌന്ദര്യം കണ്ട് മതിമറന്നിരിക്കുന്ന പ്രേക്ഷകര്‍ക്ക് അത് മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ് സിനിമയുടെ പോരായ്മ. റെക്സ് വിജയന്‍റെ സംഗീതം ചിത്രത്തിന് ദോഷമായി എന്നേ പറയാനുള്ളൂ.
കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ് ജോസ്, ജേക്കബ് ഗ്രിഗറി എന്നിവര്‍ തിളങ്ങി. മലവേടനായെത്തിയ സുധീര്‍ കരമനയും കഥാപാത്രത്തോട് നീതിപുലര്‍ത്തി. എന്നാല്‍ പാകതയില്ലാത്ത കഥാപാത്ര നിര്‍മ്മിതി അഭിനേതാക്കളുടെ പ്രകടനത്തെയും ബാധിച്ചതായി വേണം കാണാന്‍. ദിവ്യദര്‍ശന്‍ എന്ന നടനെ രൂപത്തിലും അഭിനയത്തിലും പുതിയ വഴിത്തിരിവിലെത്തിക്കുന്ന സിനിമയാണ് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍. സാഹസികത നിറഞ്ഞ ഒരു കഥയാണ് പറയുന്നതെങ്കിലും അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തന്‍റെ ആദ്യചിത്രമായ നോര്‍ത്ത് 24 കാതത്തിന്‍റെ ഹാംഗോവറില്‍ നിന്ന് മോചിതനാകാത്തതുപോലെ തോന്നി പലപ്പോഴും.
ചിത്രത്തിന്‍റെ വിഷ്വല്‍ ഇഫക്ട്സ് ഡിപ്പാര്‍ട്ടുമെന്‍റ് അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ ക്ലൈമാക്സില്‍ അത് കല്ലുകടിയായി. മനോജ് കണ്ണോത്തിന്‍റെ എഡിറ്റിംഗ് ഗംഭീരം. എന്തായാലും, സ്ഥിരം സഞ്ചരിക്കുന്ന വഴിയില്‍ നിന്ന് വേറിട്ടുള്ള ഒരു സിനിമ തന്നെയാണ് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി. എന്നാല്‍ പുതുമകള്‍ ഏറെയുണ്ടെങ്കിലും അവയെല്ലാം കൂട്ടിയിണക്കി ഒരു നല്ല സിനിമ സൃഷ്ടിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല.