റെഡ് വൈന്‍ - പഴകിയത്, പക്ഷേ വീര്യമില്ല!

വ്യാഴം, 21 മാര്‍ച്ച് 2013 (15:48 IST)
PRO
‘റെഡ് വൈന്‍’ റിലീസായി. സലാം ബാപ്പു സംവിധാനം ചെയ്ത ഈ സിനിമയെക്കുറിച്ച് അത്ര നല്ല റിപ്പോര്‍ട്ടല്ല ലഭിക്കുന്നത്. ഒരു ശരാശരി ആദ്യപകുതിയും വിരസമായ രണ്ടാം പകുതിയുമാണ് ചിത്രത്തിനുള്ളത്. തിരക്കഥയിലെ പാളിച്ചയാണ് സിനിമയ്ക്ക് വിനയാകുന്നത്.

ഒരു മര്‍ഡര്‍ മിസ്റ്ററിയാണ് ഈ സിനിമ. എന്നാല്‍ ഈ ജോണറിന്‍റെ കടുത്ത ആരാധകരെ പോലും റെഡ് വൈന്‍ രസിപ്പിക്കുന്നില്ല. വയനാടന്‍ രാഷ്ട്രീയവും കോര്‍‌പറേറ്റ് ജീവിതത്തിലെ താളപ്പിഴകളുമാണ് റെഡ് വൈനിന്‍റെ പശ്ചാത്തലം. ചിത്രത്തിന്‍റെ ഏറ്റവും പോസിറ്റീവ് ഘടകം ഫഹദ് ഫാസിലിന്‍റെ അഭിനയമാണ്. മോഹന്‍ലാലിന് പടര്‍ന്നുകയറി അഭിനയിക്കാനൊരു മരക്കൊമ്പ് കിട്ടാത്തതുപോലെയാണ് ചിത്രത്തിന്‍റെ അവസ്ഥ. മഹാനടനെ വേണ്ടവിധം ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല.

അനൂപ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. രമേശന്‍ എന്ന കഥാപാത്രമായി ആസിഫ് അലി എത്തുന്നു. ആസിഫിന് ഈ സിനിമയിലും തിളങ്ങാന്‍ കഴിഞ്ഞില്ല. രതീഷ് വാസുദേവന്‍ എന്ന അന്വേഷണോദ്യോഗസ്ഥന്‍റെ വേഷത്തിലാണ് മോഹന്‍ലാലിന്‍റെ വരവ്. വളരെ പരിമിതമായ ഇടത്തില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന് അസാധാരണമായി ഒന്നും ചെയ്യാനില്ല.

ഇന്‍റര്‍വെല്‍ വരെ വലിയ കുഴപ്പമില്ലാതെയാണ് സിനിമ നീങ്ങുന്നത്. എന്നാല്‍ രണ്ടാം പകുതിയോടെ കഥ തകര്‍ന്നുവീഴുകയാണ്. അനൂപ് എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെയുള്ള യാത്ര പലപ്പോഴും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു. ഫോക്കസില്ലാതെ കഥ ചുറ്റിക്കറങ്ങിയപ്പോള്‍ അനവധി കഥാപാത്രങ്ങള്‍ എന്തിനെന്നറിയാതെ വന്നും പോയുമിരുന്നു. ടി ജി രവിയും സൈജു കുറുപ്പും ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തി. എന്നാല്‍ മിയയും മരിയയും മേഘ്നയുമൊക്കെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു.

നൌഫല്‍ എഴുതിയ കഥയില്‍ ഒരു നല്ല ത്രില്ലറിനുള്ള സാധ്യതകളുണ്ടെങ്കിലും അത് തിരക്കഥയായപ്പോള്‍ ദുര്‍ബലമായ ഒരു പരീക്ഷണമായിപ്പോയി. സംഗീതവും ഛായാഗ്രഹണവുമൊക്കെ ഒരു പരിധി വരെ ഈ സിനിമയ്ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയെങ്കിലും തിരക്കഥയിലെയും സംവിധാനത്തിലെയും വീഴ്ച്ച സിനിമയ്ക്ക് ദോഷം ചെയ്തു.

വെബ്ദുനിയ വായിക്കുക