രാധികയുടെ കണ്ണീര്‍ ജഗ്ഗുഭായിയെ രക്ഷിക്കുമോ?

ശനി, 30 ജനുവരി 2010 (13:41 IST)
PRO
PRO
റിലീസാകുന്നതിന് മുമ്പുതന്നെ നെറ്റിലൂടെയും വഴിയോരത്ത് ഡിവിഡികളിലൂടെയും പ്രചരിച്ച് വന്‍ വിവാദമായ സിനിമയായിരുന്നു കെ‌എസ് രവികുമാര്‍ - ശരത്‌കുമാര്‍ ടീമിന്റെ ‘ജഗ്ഗുഭായ്’. ശരത്‌കുമാറും ഭാര്യ രാധികയും (രാധികയാണ് ഈ സിനിമ നിര്‍മിച്ചത്) കണ്ണീരോടെയാണ് പടം ലീക്കായ കഥ മാധ്യമങ്ങളെ അറിയിച്ചത്.

ഇതാ ഇപ്പോള്‍ ‘ജഗ്ഗുഭായി’ റിലീസായിക്കഴിഞ്ഞു. ശരത്തിന്റെയും രാധികയുടെയും കണ്ണുനീരിന്റെ പിന്‍‌ബലം ജഗ്ഗുഭായിക്ക് കൂട്ടാവുമോ എന്നുമാത്രമാണ് ഇനി കണ്ടറിയേണ്ടത്. കാരണം, ശരാശരി നിലവാരം പോലും പുലര്‍ത്താത്ത സിനിമയാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ജഗ്ഗുഭായി!

തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയെ ക്രിമിനലുകള്‍ ഇല്ലാത്ത നഗരമാക്കി മാറ്റാന്‍ ഏതറ്റം വരെ പോകാനും തയ്യാറായ പൊലീസ് ഓഫീസറാണ് ജഗനാഥന്‍. തന്റെ മുന്‍‌ഭാര്യ ആസ്ത്രേലിയയില്‍ വച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്നും കോടീശ്വരിയായ ഭാര്യയുടെ സ്വത്തുക്കളുടെ അവകാശിയായ തന്റെ മകളെ ഒരു ക്രിമിനല്‍ പിന്തുടരുന്നതായും ജഗനാഥന്‍ മനസിലാക്കുന്നു.

തന്റെ പഴയ എതിരാളിയും കൊടും ക്രിമിനലുമായ ഹമീദ് അന്‍‌സാരിയില്‍ (വീണ്ടും വില്ലന്‍ മുസ്ലീം തന്നെ!) നിന്ന് മകളെ രക്ഷിക്കാനായി ജഗനാഥന്‍ ആസ്ത്രേലിയയിലേക്ക് പുറപ്പെടുന്നു. സഹായത്തിന് കൌണ്ടമണി അവതരിപ്പിക്കുന്ന കഥാപാത്രവുമുണ്ട്. എങ്ങിനെയാണ് ഇരുവരും ചേര്‍ന്ന് മകളെ രക്ഷിക്കുന്നത് എന്നതാണ് കഥയുടെ ബാക്കിഭാഗം.

വിവേക്, വടിവേലു തുടങ്ങിയ കോമഡി താരങ്ങളുടെ പ്രഭയില്‍ നിറം‌മങ്ങിയ കൌണ്ടമണി ഗംഭീര തിരിച്ചുവരവ് നടത്തിയ സിനിമയാണ് ജഗ്ഗുഭായി. കൌണ്ടമണിയുടെ കുറിക്കുകൊള്ളുന്ന തമാശകള്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടും. വലിയ വായിലുള്ള സംസാരവും അമാനുഷിക ആക്ഷന്‍ രംഗങ്ങളും ഒഴിവാക്കിക്കൊണ്ട് ശരത്‌കുമാറും നായക കഥാപാത്രത്തോട് കൂറ് പുലര്‍ത്തി. ശ്രേയ ഇതില്‍ ‘അഭിനയിക്കുകയും’ ചെയ്തു!

സിനിമയില്‍ അമിതവൈകാരികത കുത്തിനിറച്ചിരിക്കുകയാണ്. മൊത്തം സെന്റിമെന്റലാണ് ഈ സിനിമ. എന്നാല്‍ എവിടെയൊക്കെ എങ്ങനെയൊക്കെ സെന്റിമെന്റ് തിരുകണം എന്നറിയാതെ പകയ്ക്കുന്ന സംവിധായകനെ സിനിമയിലുടനീളം കാണാം. ഇതുതന്നെയാണ് സിനിമയുടെ ഏറ്റവും വലിയ മൈനസ് പോയിന്റ്.

ആവര്‍ത്തനവിരസമായ കഥ, പ്രവചിക്കാവുന്ന പ്രമേയം, മോശം കാസ്റ്റ്, കാതിനിമ്പം പകരാത്ത സംഗീതം എന്നിവയും മൈനസ് പോയിന്റുകള്‍ തന്നെ. കൌണ്ടമണിയുടെയും ശരത്തിന്റെയും അഭിനയം, ആര്‍‌ഡി രാജശേഖറിന്റെ ക്യാമറ എന്നിവ മാത്രമാണ് സിനിമയുടെ പ്ലസ് പോയിന്റുകള്‍.

കഥയ്ക്കും ജഗ്ഗുഭായി എന്ന പേരിനും തമ്മിലുള്ള ബന്ധത്തെ പറ്റിയാവും വായനക്കാരിപ്പോള്‍ ചിന്തിക്കുന്നത്. നായകന്റെ പേര് ജഗനാഥന്‍. കക്ഷിയുടെ ചുരുക്കപ്പേരാവട്ടെ ‘ജഗ്ഗു’ എന്നും. എന്നാല്‍ ബഹുമാനത്തോടെ പലരും കക്ഷിയെ വിളിക്കുന്നത് ‘ഭായി’ എന്നാണ്. അപ്പോള്‍ സിനിമയുടെ പേര് ‘ജഗ്ഗുഭായി’. എങ്ങനെയുണ്ടെ സം‌വിധായകന്‍ കെ‌എസ് രവികുമാറിന്റെ ബുദ്ധി?

വാല്‍‌ക്കഷണം: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെയാണ് ജഗ്ഗുഭായിയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി കെ‌എസ് രവികുമാര്‍ ക്ഷണിച്ചത്. എന്നാല്‍ കഥ കേട്ടതോടെ രജനി ‘നോ’ പറഞ്ഞു. അതെത്ര നന്നായെന്ന് ചിന്തിച്ച് ആനന്ദിക്കുകയാവണം രജനീകാന്ത്!

വെബ്ദുനിയ വായിക്കുക