യെന്നൈ അറിന്താല്‍ - ഇത് പുതിയ കാഴ്‌ചാനുഭവം!

ലിയോ സ്റ്റാലണ്‍ ഡേവിസ്

വ്യാഴം, 5 ഫെബ്രുവരി 2015 (17:18 IST)
തമിഴിലെ ഒരു സൂപ്പര്‍താരത്തിന്‍റെ സിനിമ റിലീസാകുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന മസാലക്കൂട്ടുകള്‍ സ്വീകരിക്കാന്‍ മനസൊരുക്കിക്കൊണ്ടുപോയാല്‍ - ആദ്യമേ പറയട്ടെ - ഇത് പടം വേറെയാണ്. അജിത്തിന്‍റെ സിനിമയല്ല, പൂര്‍ണമായും ഗൌതം വാസുദേവ് മേനോന്‍റെ ചിത്രം. 'യെന്നൈ അറിന്താല്‍' പുതിയൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നു. 'ഐ' പോലെയുള്ള ബ്രഹ്മാണ്ഡസിനിമകള്‍ക്കിടെ സ്വയം ഉരുകിത്തെളിഞ്ഞ് ജ്വലിക്കാന്‍ കെല്‍പ്പുള്ള ഒരു സിനിമ.
 
ഉറക്കെ ആക്രോശിക്കുകയും നൂറുപേരെ അടിച്ചുമലര്‍ത്തുകയും ചെയ്യുന്ന നായകനെ ഈ ചിത്രത്തിലെങ്കിലും, അജിത്തില്‍ പ്രതീക്ഷിക്കരുത്. കാരണം ഇതിലെ നായകന്‍ ഹൈലി ഇമോഷണലാണ്. അയാള്‍ ഒരു കാമുകനാണ്, പിതാവാണ്. ഒപ്പം അയാളൊരു ടഫ് പൊലീസ് ഉദ്യോഗസ്ഥനാണ്, ഹൃദയാലുവായ ഒരു കൊലപാതകിയും!
 
സ്ഥിരം ഗിമ്മിക്കുകളില്‍ പെട്ട്, ആരംഭവും വീരവുമൊക്കെ സൃഷ്ടിച്ച്, വെറും താരമായി ഒതുങ്ങിനിന്നിരുന്ന അജിത്തിനെ, നാനാവിധഭാവങ്ങളിലേക്ക് തട്ടിയുണര്‍ത്തിയ ഗൌതം മേനോന് നന്ദി പറയാം. അജിത്തിന്‍റെ നായകന്‍ ആവേശം കൊള്ളിക്കുക മാത്രമല്ല, അയാള്‍ നമ്മെ കരയിക്കുന്നു, നമ്മുടെ ഹൃദയത്തെ തകര്‍ക്കുന്നു, സ്വയം തകര്‍ന്നവനായി ജീവിക്കുന്നു. യെന്നൈ അറിന്താല്‍ അജിത് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വകനല്‍കുമെന്ന് തീര്‍ച്ച. അവരുടെ ആരാധനാമൂര്‍ത്തി ഒരു താരബിംബം മാത്രമല്ല, ഒന്നാന്തരം അഭിനേതാവ് കൂടിയാണെന്ന് തിരിച്ചറിയാനുള്ള അവസരം കൂടിയാണ് ഈ സിനിമ അവര്‍ക്ക് നല്‍കുന്നത്. താരമായി ദൂരെ നില്‍ക്കുകയല്ല, കഥാപാത്രമായി കാഴ്ചക്കാരുടെ തൊട്ടടുത്ത് നില്‍ക്കുകയാണ് അജിത്.
 
സത്യദേവ് എന്നാണ് അജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. അയാളുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങള്‍, പ്രണയം, സന്തോഷം, സന്താപം, തിരിച്ചടി, സംഘര്‍ഷം, പ്രതികാരം എല്ലാമാണ് ഈ സിനിമ - യെന്നൈ അറിന്താല്‍. ഒരുപക്ഷേ, 'വാരണം ആയിരം'  എന്ന ഗംഭീര സിനിമയ്ക്ക് ശേഷം അതേ ഊര്‍ജ്ജത്തോടെ മറ്റൊരു ഗൌതം ചിത്രം.
 
നഷ്ടപ്പെടലിന്‍റെ ദുഃഖം ഘനീഭവിച്ചുനില്‍ക്കുന്നുണ്ട് ഈ സിനിമയിലുടനീളം. അവിടെ പോര്‍വിളികളെക്കാള്‍ നമ്മെ ഉണര്‍ത്തുന്നത് പൊട്ടാറായി നില്‍ക്കുന്ന സങ്കടക്കുമിളകളാണ്. വില്ലനോട് പോലും സഹതാപം തോന്നുന്ന സാഹചര്യങ്ങള്‍. 
 
ത്രിഷ! ഈ സിനിമയിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ത്രിഷ. ആദ്യകാലങ്ങളില്‍ നമ്മള്‍ കണ്ട അതേ ത്രിഷ തന്നെ. അതേ പ്രസരിപ്പ്, അതേ സൌന്ദര്യം. കണ്ണുകള്‍ കൊണ്ട് സ്നേഹം വിടര്‍ത്തുന്ന മാജിക് ഈ സിനിമയിലും ത്രിഷ തുടരുന്നു. സത്യം പറയാമല്ലോ, കൂടുതല്‍ സ്ക്രീന്‍ സ്പേസുള്ള അനുഷ്കയെക്കാള്‍ വശീകരിക്കുന്നത് ത്രിഷ തന്നെ.
 
വിക്ടര്‍ എന്ന കഥാപാത്രമായി അരുണ്‍ വിജയ്  നടത്തുന്ന പകര്‍ന്നാട്ടമാണ് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കാര്യം. വളരെ സ്റ്റൈലിഷാണ് വിക്ടര്‍. ഈ കഥാപാത്രത്തിന്‍റെ ഹെയര്‍ സ്റ്റൈല്‍ ആയിരിക്കാം ഇനി വരുന്ന ട്രെന്‍ഡ്. അരുണ്‍ വിജയുടെ ഭാര്യയായി പാര്‍വതി നായര്‍ അഭിനയിക്കുന്നു.
 
ഹാരിസ് ജയരാജ് ജീവന്‍ പകര്‍ന്ന ഓരോ ഗാനവും പിടിച്ചുനിര്‍ത്തുന്നതും പിടിച്ചുലയ്ക്കുന്നതുമാണ്. സന്ദര്‍ഭത്തിന് ഏറ്റവും യോജ്യമായ, ഹൃദയഹാരിയായ ഈണങ്ങള്‍. ഡാനിന്‍റെ ഛായാഗ്രഹണം യെന്നൈ അറിന്താല്‍ പുതിയൊരു കാഴ്ചാനുഭവമാക്കുന്നു.
 
ആദ്യമേ പറഞ്ഞല്ലോ ഇതൊരു അജിത് സിനിമയല്ല, ഗൌതം ചിത്രമാണെന്ന്. എന്നാല്‍ ഇതില്‍ നിറഞ്ഞുനില്‍ക്കുന്ന അജിത്തിനെ, ആ അഭിനയ പ്രതിഭയെ കാണാതെ പോകുന്നതെങ്ങനെ? യെന്നൈ അറിന്താല്‍ ഒരു നവ്യാനുഭവം പകര്‍ന്നുതരുന്നുണ്ടെങ്കില്‍ അതിന് രക്തവും അസ്ഥിയും മാംസവുമായി നില്‍ക്കുന്നത് അജിത് എന്ന നടനാണ്. കാണുക, 100 ശതമാനം സംതൃപ്തി തരുമെന്നുറപ്പ്.
 
യെന്നൈ അറിന്താല്‍ - റേറ്റിംഗ്: 4/5

വെബ്ദുനിയ വായിക്കുക