മോഹന്‍ലാല്‍ മണ്ണിലേക്കിറങ്ങി; പച്ചയായ ജീവിതം പ്രേക്ഷകഹൃദയത്തെ തൊട്ടു- ‘ദൃശ്യം‘ റിവ്യൂ

വ്യാഴം, 19 ഡിസം‌ബര്‍ 2013 (18:25 IST)
PRO
PRO
ദൃശ്യം ഒരു സിനിമയുടെ അനുഭവം മാത്രമല്ല, ജീവിതത്തിന്റെയും മണ്ണിന്റെയും ഗന്ധമുള്ള ഒരു നേര്‍ക്കാഴ്ച. മോഹന്‍ലാല്‍ എന്ന താരം ഒരു പച്ചയായ മനുഷ്യനായി നിറഞ്ഞാടുന്ന സിനിമാ വിസ്മയമാണ് ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രം. ഇത് ഒരു കുടുംബ ചിത്രമാണ് ഒപ്പം ഒരു സസ്പെന്‍സ് ത്രില്ലറും. ഒരു കുടുംബചിത്രം ഒരിക്കലും ഒരു ത്രില്ലര്‍ ആവില്ലെന്ന നിലവിലെ സിനിമാ സങ്കല്‍പ്പത്തെ ജീത്തു പൊളിച്ചെഴുതിയിരിക്കുന്നു ഈ സിനിമയിലൂടെ. ദൃശ്യം കണ്ടിറങ്ങിയപ്പോള്‍ എനിയ്ക്കും യാത്രിക്കും അങ്ങനെയാണ് തോന്നിയത്. പനിയായിട്ടും യാത്രി പടം കാണാന്‍ വന്നത് ഒരു നല്ല കുടുംബ ചിത്രം ആണെന്ന മുന്‍വിധിയോടെയാണ്. താന്‍ കരുതിയതിനും മുകളിലാണ് സിനിമയെന്ന് യാത്രിയുടെ പ്രതികരണം. കൂടെ നെഗറ്റീവ് ഇല്ലാത്ത സിനിമയ്ക്ക് നിരൂപണം എഴുതുന്നില്ലെന്ന കമന്റും. സസ്പെന്‍സ് ഉള്ളതു കൊണ്ട് കഥയുടെ പ്ലോട്ട് മാത്രം പറഞ്ഞുപോകാം.

ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിള്‍ ടിവി സ്ഥാപനം നടത്തുകയാണ് ജോര്‍ജ് കുട്ടി(മോഹന്‍ലാല്‍). ഭയങ്കര സിനിമാ പ്രേമി. അനാഥനായ ജോര്‍ജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും(മീന) മക്കളായ അഞ്ജുവും അനുവാണ്(അന്‍സിബ, എസ്തേര്‍). പിശുക്കനായ ജോര്‍ജുകുട്ടിയും ഭാര്യയും മക്കളും, കണ്ടിരിക്കാന്‍ ഒട്ടേറെ രസകരമാ‍യ കുടുംബ മുഹൂര്‍ത്തങ്ങളുണ്ട് ആദ്യ പകുതിയില്‍. പക്ഷേ ജോര്‍ജുകുട്ടിയുടെ ജീവിതത്തിലും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. ഇവിടെ നിന്ന് പടം സസ്പെന്‍സ് മൂഡിലേക്ക് മാറുകയാണ്.

അടുത്ത പേജില്‍: സമകാലീന ജീവിതത്തിന്റെ ‘ദൃശ്യം’


PRO
PRO
സമകാലീന ജീവിതത്തില്‍ നാം ഏറെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വിഷയം തന്നെയാ‍ണ് ദൃശ്യവും പറയുന്നത്. മോഹന്‍ലാലിന്റെ അനായാസമായ അഭിനയമുഹൂര്‍ത്തങ്ങളും ഇതിനൊപ്പം ചേരുമ്പോള്‍ ചിത്രം പ്രേക്ഷകരുടെ കൈയടി നേടുന്നു. ജോര്‍ജുകുട്ടിയുടെ കുടുംബത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി വരുണ്‍(റോഷന്‍ ബഷീര്‍) എന്ന ചെറുപ്പക്കാരന്‍ വരുന്നതു മുതല്‍ പ്രേക്ഷകരും അല്‍പ്പം ആശങ്കയിലാവും, കഥാഗതി എങ്ങനെ മാറുന്നുവെന്ന് അറിയാതെ. അത്രമേല്‍ പ്രേക്ഷകനെ സിനിമയിലേക്ക് ആഴ്ത്തുന്ന കഥാകഥന രീതിയാണ് ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്. ഇടയ്ക്ക് ചിത്രത്തിന് ലാഗ് തോന്നാമെങ്കിലും ഏറെ നാളുകള്‍ക്കു ശേഷം ഒരു നല്ല കുടുംബ ചിത്രമെന്ന ലേബലില്‍ അത് അല്‍പ്പം പോലും അലട്ടില്ല. അത്ര ഹൃദയസ്പര്‍ശിയാണ് ദൃശ്യം എന്ന ചലച്ചിത്രം.

കഥാപാത്രങ്ങളുടെ മികവ് ഇതില്‍ എടുത്തു പറയണം. മൈബോസില്‍ കലാഭവന്‍ ഷാജോണ്‍ എന്ന നടന് ബ്രേക്ക് നല്‍കിയ സംവിധായകന്‍ ജീത്തു ദൃശ്യത്തിലൂടെ ഒരു നല്ല മേക്ക് ഓവറാണ് നല്‍കിയിരിക്കുന്നത്. ജോര്‍ജുകുട്ടിയെ തകര്‍ക്കാന്‍ നടക്കുന്ന പൊലീസ് കോണ്‍സ്റ്റബിളായി ഷാജോണ്‍ ഭംഗിയായി അഭിനയിച്ചു. ഏറെക്കാലം ചെറിയ റോളുകള്‍ ചെയ്ത ഒരു നടനെ കാണിച്ചാണ് ചിത്രം ആരംഭിക്കുന്നത്. ആ നടന്‍ ഏറ്റവുമധികം ഷോട്ടുകളില്‍ അഭിനയിച്ച ആദ്യ സിനിമയും ഇതായിരിക്കും. മറ്റാരുമല്ല, ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂ‍രാണ് ആ നടന്‍.

ആന്റണിയുടെ പൊലീസുകാരന്റെ ഷോട്ടില്‍നിന്നാണ് ലാലിന്റെ ഇന്‍‌ട്രൊഡക്‍ഷന്‍ സീന്‍, അതും വളരെ ലളിതമായ ഷോട്ടില്‍. കുറേക്കാലം കൂടി ലാലിനെ ഒരു കുടുംബനാഥനായി കണ്ടപ്പോള്‍ വളരെ ഫ്രഷ്നെസ് തോന്നി.

അടുത്ത പേജില്‍: ലാലിന്റെ കണ്ണിലാണ് കഥ


PRO
PRO
ലാലിന്റെ കണ്ണില്‍ നിന്നാണ് കഥ തുടങ്ങുന്നത്. തമാശയ്ക്ക് പറഞ്ഞതാണ്, എങ്കിലും അല്‍പ്പം കാര്യമുണ്ട്. ലാലിന്റെ കണ്ണില്‍നിന്നു തുടങ്ങുന്ന ദൃശ്യത്തിലൂടെ ഒരു ഫ്ലാഷ്ബാക്ക് ആയിട്ടാണ് കഥ പറയുന്നത്. ഡിറ്റക്ടീവ് മുതല്‍ മെമ്മറീസ് വരെയും ഇപ്പോള്‍ ദൃശ്യത്തിലൂടെയും ഫ്ലാഷ്ബാക്ക് സങ്കേതം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ജീത്തു ജോസഫ്.

സുജിത് വാസുദേവന്‍ എന്ന ഛായാഗ്രാഹകന്‍ കഥയ്ക്കൊപ്പം മിഴിവുള്ള ചിത്രങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നു. അനില്‍ ജോണ്‍സണും വിനു തോമസും സംഗീതം ഒരുക്കിയിരിക്കുന്നു. ആശാ ശരത്തിന്റെ ഗീത എന്ന പൊലീസ് ഓഫീസര്‍ വേഷവും ശ്രദ്ധേയം. സിദ്ദിഖ്, ഇര്‍ഷാദ്, ശ്രീകുമാര്‍ എന്നീ നടന്മാരും ചിത്രത്തിലുണ്ട്. എഡിറ്റിംഗ്: അയൂബ് ഖാന്‍.

ഏറെക്കാലത്തിനുശേഷം കുടുംബപ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും കണ്ടിരിക്കാവുന്ന ഒന്നാന്തരം ചിത്രം.

പിന്‍‌കുറിപ്പ്: ഒരു കൂവലില്ലാതെ, നാളുകള്‍ക്കുശേഷം കൈയടിയോടെ കണ്ട ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം. കാരണം കൂവലിനുള്ള ഗ്യാപ് കഥയിലില്ല!

അടുത്ത പേജില്‍: ദൃശ്യത്തിലെ ലാല്‍ സാ‍ന്നിധ്യം


PRO
PRO

PRO
PRO

PRO
PRO

PRO
PRO

PRO
PRO

PRO
PRO

PRO
PRO

PRO
PRO

PRO
PRO

PRO
PRO

വെബ്ദുനിയ വായിക്കുക