മേക്കപ്പ്‌മാന്‍: ഇതും കഥ! ഇതും സിനിമ!

വ്യാഴം, 10 ഫെബ്രുവരി 2011 (20:32 IST)
PRO
നല്ല പേരും പെരുമയുമുള്ള കുടുംബത്തിന്‍റെ യശസൊന്നാകെ നശിപ്പിക്കാന്‍ ഒരുത്തനെങ്കിലും ആ കുടുംബത്തില്‍ ഉണ്ടാകും എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് ചില നല്ല സംവിധായകര്‍ ഇടയ്ക്ക് പടച്ചുവിടുന്ന സിനിമകള്‍. ഷാഫി മലയാളത്തിലെ നല്ല സംവിധായകരില്‍ ഒരാളാണ്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ളയാള്‍. അദ്ദേഹത്തിന്‍റെ പേര് നശിപ്പിക്കുന്ന ചില സിനിമകള്‍ ഇടയ്ക്ക് ജനിക്കും. ലോലിപോപ്പ് അങ്ങനെയൊന്നായിരുന്നു. ഇപ്പോഴിതാ മേക്കപ്പ്‌മാന്‍.

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന എന്‍റര്‍ടെയ്നറിന്‍റെ വിജയശോഭയില്‍ നില്‍ക്കുന്ന ഷാഫിക്ക് കണ്ണുകിട്ടാതിരിക്കണമെങ്കില്‍ ഒരു കറുത്തപൊട്ട് ആവശ്യമാണല്ലോ. ഷാഫിയുടെ കരിയറിലെ കറുത്ത പാടാണ് മേക്കപ്പ്‌മാന്‍. ഇതും കഥ, ഇതും സിനിമ എന്ന് പരിതപിക്കുകയല്ലാതെ വഴിയില്ല.

മികച്ച രീതിയില്‍ തുടങ്ങുകയും ആദ്യ പകുതി ഭംഗിയായി അവസാനിപ്പിക്കുകയും ചെയ്ത ശേഷം രണ്ടാം പകുതിയില്‍ മൂക്കും കുത്തി വീഴുന്ന അനുഭവം. (ഈ സിനിമ ഇടയില്‍ നിര്‍ത്തി ഷാഫി മേരിക്കുണ്ടൊരു കുഞ്ഞാട് ചെയ്യാന്‍ പോയതിന്‍റെ രഹസ്യം സിനിമ കണ്ടപ്പോഴാണ് മനസിലായത്. മേക്കപ്പ്‌മാന്‍റെ വിധി ഷാഫി മുമ്പുതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകണം).

അടുത്ത പേജില്‍ - കഥ എന്ന പേരില്‍ കാട്ടുന്ന അക്രമങ്ങള്‍

PRO
ബാ‍ലു(ജയറാം) ഒരു പാവം മനുഷ്യനാണ്. ഇദ്ദേഹത്തിന്‍റെ കാമുകിയാണ് സൂര്യ(ഷീല കൌള്‍). ആവശ്യത്തിലുമധികം കടഭാരങ്ങളുള്ളയാളാണ് ബാലു. അതിന്‍റെ കൂടെയാണ് ഈ പ്രണയവും. സൂര്യയുടെ വിവാഹം നിശ്ചയിക്കുന്നു. വിവാഹത്തിന്‍റെ തലേന്ന് സൂര്യ ബാലുവിനൊപ്പം ഒളിച്ചോടുന്നു.

സുഹൃത്തായ കിച്ചു മാഞ്ഞാലി(സുരാജ് വെഞ്ഞാറമ്മൂട്)യുടെ അടുത്താണ് ബാലുവും സൂര്യയുമെത്തുന്നത്. കിച്ചു സിനിമാ പ്രൊഡക്ഷന്‍ മാനേജരാണ്. കിച്ചു ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തിന് ഒരു നായികയെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ചിത്രത്തിന്‍റെ സംവിധായകന്‍ സിദ്ദാര്‍ത്ഥ്(സിദ്ദിഖ്) യാദൃശ്ചികമായി സൂര്യയെ കാണുകയും തന്‍റെ സിനിമയിലെ നായികയാക്കുകയും ചെയ്യുന്നു. ബാലുവിന്‍റെ ഭാര്യയാണ് സൂര്യയെന്ന് ആരും അറിയുന്നില്ല. വിധിയുടെ കളിയായിരിക്കാം, നായികയുടെ മേക്കപ്പ്‌മാനായി ബാലുവിനും രംഗപ്രവേശം ചെയ്യേണ്ടിവരുന്നു. തുടര്‍ന്ന് ഇരുവരും അകലുന്നു(ഒരു സംശയം. ഇതുതന്നെയല്ലേ വര്‍ഷങ്ങള്‍ക്ക് മുമ്പ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചുകൊച്ചു സന്തോഷങ്ങള്‍’ എന്ന സിനിമയുടെ കഥയും?).

ഇത്രയും കേള്‍ക്കുമ്പോള്‍ അത്ര കുഴപ്പങ്ങളൊന്നുമില്ലാത്ത ഒരു സിനിമയുടെ കഥയെന്ന് നമുക്ക് തോന്നാം. ആദ്യ പകുതി വരെ പ്രേക്ഷകരും അത് വിശ്വസിക്കുന്നു. എന്നാല്‍ പിന്നീട് കാണുന്നത് കഥയുടെയും കഥാപാത്രങ്ങളുടെയും കൂട്ടത്തകര്‍ച്ചയാണ്. എന്താണ് ചെയ്യേണ്ടതെന്ന് തിരക്കഥാകൃത്തുക്കള്‍ക്കോ(സച്ചി - സേതു) സംവിധായകനോ പോലും തിരിച്ചറിയാനാവാത്ത അവസ്ഥ. ഈ വണ്ടി ഒരിടവഴിയില്‍ ഇടിച്ചുനിര്‍ത്തി രക്ഷപ്പെടുകയാണ് ഷാഫിയും സച്ചി - സേതുമാരും. പ്രേക്ഷകര്‍ക്ക് അങ്ങനെ രക്ഷപ്പെടാനാവില്ലല്ലോ. അവര്‍ പതിവുപോലെ രക്തസാക്ഷികളായി മാറുന്നു.

അടുത്ത പേജില്‍ - നായികയെ പ്രണയിക്കുന്ന സംവിധായകന്‍

PRO
തന്‍റെ സിനിമയിലെ നായികയോട് സംവിധായകന്‍ സിദ്ദാര്‍ത്ഥിന് ഒരു ചായ്‌വ് തോന്നിത്തുടങ്ങുന്നിടത്താണ് സിനിമയുടെ തകര്‍ച്ചയുടെ വഴിത്തിരിവ്. കല്ലുകടിയായിത്തീരുന്ന സീനുകളും സംഭാഷണങ്ങളും. പക്വതയില്ലാത്ത തിരക്കഥയാണ് ഈ സിനിമയുടെ അന്ത്യം കുറിക്കുന്നത്. സച്ചിയും സേതുവും എഴുത്തില്‍ ഏറെക്കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന തിരക്കഥ.

സച്ചിയും സേതുവും ആദ്യമെഴുതിയ ചോക്ലേറ്റ്(ഷാഫി തന്നെയായിരുന്നു സംവിധാനം) രസകരമായ ചിത്രമായിരുന്നു. എന്നാല്‍ പിന്നീടെത്തിയ റോബിന്‍‌ഹുഡില്‍ അവര്‍ പരാജയമായി. റോബിന്‍‌ഹുഡിന് സംഭവിച്ചത് തന്നെയാണ് മേക്കപ്പ്‌മാനും സംഭവിച്ചത്. ഒരു നല്ല ത്രെഡിനെ സിനിമയാക്കുമ്പോള്‍ അതെങ്ങനെ സരസമായി മുന്നോട്ടുകൊണ്ടുപോകണമെന്നോ എവിടെ നിര്‍ത്തണമെന്നോ അറിയാതെ പോയി.

ജയറാം തനിക്ക് ലഭിച്ച കഥാപാത്രത്തെ മികച്ചതാക്കി. ഷീലയും മോശമായില്ല. സുരാജിന്‍റെ പല നമ്പരുകളും തിയേറ്ററുകളില്‍ ഏല്‍ക്കുന്നില്ല. ചില പ്രയോഗങ്ങള്‍ ഡബിള്‍ മീനിംഗാകുകയും ചെയ്തു. സിദ്ദിഖിന്‍റെ പ്രകടനത്തിനും പ്രത്യേകതകളൊന്നുമില്ല. ജഗതി, ജനാര്‍ദ്ദനന്‍ എന്നിവര്‍ നിര്‍മ്മാതാക്കളുടെ വേഷത്തില്‍ തിളങ്ങി.

തിരക്കഥ തന്നെയാണ് താരമെന്ന് ഷാഫി തിരിച്ചറിയേണ്ടതുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാടും ചോക്ലേറ്റും കല്യാണരാമനുമൊക്കെ തിരക്കഥ നല്ലതായതുകൊണ്ടാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അല്ലാതെ മള്‍ട്ടിസ്റ്റാര്‍ കെട്ടുകാഴ്ചയുടെ പേരില്‍ പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയുമൊക്കെ(അതു പറഞ്ഞില്ലല്ലോ. പൃഥ്വിയും ചാക്കോച്ചനും മേക്കപ്പ്‌മാനില്‍ സിനിമയില്‍ അതിഥിതാരങ്ങളാണ്. എന്തിനാണോ ആവോ?) സിനിമയില്‍ കാണിച്ചാലൊന്നും വിജയം ലഭിക്കില്ല. നല്ല തിരക്കഥകള്‍ രൂപപ്പെടുത്താനായി ഷാഫി സമയം ചെലവഴിക്കട്ടെ എന്ന് ആഗ്രഹിക്കാം.

വെബ്ദുനിയ വായിക്കുക