മുംബൈ പൊലീസ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

വെള്ളി, 3 മെയ് 2013 (19:20 IST)
PRO
സിനിമകള്‍ ഇങ്ങനെ കൂട്ടത്തോടെ വരുന്നത് എനിക്കത്ര ഇഷ്ടമുള്ള കാര്യമല്ല. കാരണം ഒരു ദിവസം ഒരു സിനിമ കാണാനുള്ള ആരോഗ്യം പോലും ദൈവം എനിക്ക് തന്നിട്ടില്ല. അപ്പോള്‍ മൂന്നും നാലും പടമൊക്കെ ഒരു ദിവസം ഇറങ്ങിയാലോ? കാണണമെന്ന് ആഗ്രഹിച്ചിരിക്കുന്ന സിനിമകള്‍ എല്ലാം കൂടി ഒരേ ദിവസം റിലീസായതിന്‍റെ ബുദ്ധിമുട്ട് ഇന്നാണ് ശരിക്കും അനുഭവിച്ചത്.

മുംബൈ പൊലീസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, ഭാര്യ അത്ര പോര - ഇങ്ങനെ മൂന്ന് വലിയ റിലീസുകളാണ് ഇന്നുണ്ടായത്. ഇതില്‍ ഏത് സിനിമയ്ക്ക് പോകണം എന്ന് എനിക്ക് കണ്‍‌ഫ്യൂഷന്‍ ഉണ്ടായിരുന്നു ഇന്നലെ രാത്രി വരെ. അങ്ങനെ ഒരു ആശയക്കുഴപ്പത്തില്‍ നേരം വെളുപ്പിച്ചു. രാവിലെ ‘മുംബൈ പൊലീസ്’ കളിക്കുന്ന തിയേറ്ററിന്‍റെ മാനേജരെ വിളിച്ച് രണ്ട് ടിക്കറ്റ് ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞു.

ഷെഫ്രീനെ വിളിച്ച് ഒപ്പം വരാന്‍ പറഞ്ഞു. അവള്‍ക്ക് റോഷന്‍ ആന്‍ഡ്രൂസിന്‍റെ സിനിമകള്‍ ഇഷ്ടമാണ്. മാത്രമല്ല, ത്രില്ലറുകള്‍ എന്നേക്കാള്‍ നന്നായി ആസ്വദിക്കുന്നതും അവളാണ്. ഞാന്‍ ഇമോഷണല്‍ സിനിമകളുടെ ആളാണ്. ‘മുംബൈ പൊലീസ്’ സഞ്ജയ് - ബോബി ടീമിന്‍റെ തിരക്കഥയായതുകൊണ്ട് വിശ്വസിച്ച് കാണാന്‍ പറ്റിയ പടമായിരിക്കുമെന്നും ഉറപ്പുണ്ട്. ‘അയാളും ഞാനും തമ്മില്‍’ എന്ന സിനിമ എനിക്ക് സമ്മാനിച്ച വേദനയും ആനന്ദവും ഇന്നും മറക്കാറായിട്ടില്ല.

അടുത്ത പേജില്‍ - മൂന്ന് ചോദ്യങ്ങള്‍. ഉത്തരം കാണാനാകുമോ?

PRO
മലയാള സിനിമയുടെ ഇക്കാലം വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ അതില്‍ ഏറ്റവും മികച്ച പൊലീസ് ത്രില്ലറുകളില്‍ ആദ്യത്തെ മൂന്ന് സിനിമകളിലൊന്ന് മുംബൈ പൊലീസ് ആയിരിക്കും. അതിഗംഭീരമായ ഒരു സിനിമയാണ് റോഷന്‍ ആന്‍ഡ്രൂസ് ഇത്തവണ നല്‍കിയിരിക്കുന്നത്. ‘കാസനോവ’യുടെ ക്ഷീണം റോഷന്‍ തീര്‍ത്തിരിക്കുന്നു. ഇങ്ങനെ ഒരു കഥ ആലോചിക്കാന്‍ ഈ ടീമിനേ കഴിയൂ‍ എന്ന് ആരെക്കൊണ്ടും പറയിക്കുന്ന രീതിയില്‍ ബ്രില്യന്‍റ്. മാത്രമല്ല, കഥ പറച്ചിലിലെ അസാമാന്യമായ ധൈര്യത്തെയും അഭിനന്ദിക്കാം.

സുഹൃത്തുക്കളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് മുംബൈ പൊലീസ്. എന്നാല്‍ സൌഹൃദത്തിന്‍റെ കഥ എന്നതിലുപരി ഇതൊരു കുറ്റാന്വേഷണ കഥയാണ്. ഒരു കൊലപാതകത്തിന്‍റെ പിന്നിലെ രഹസ്യങ്ങള്‍ തേടുന്ന ഒരു കഥ.

മൂന്ന് കാര്യങ്ങളാണ് ഈ കൊലപാതകത്തേക്കുറിച്ച് അന്വേഷിക്കുന്നത്. ഈ കൊലപാതകം,

അത് ആര് ചെയ്തു?

എങ്ങനെ ചെയ്തു?

എന്തിന് ചെയ്തു?

ഇതിന് മൂന്നിനുമുള്ള ഉത്തരം കണ്ടുപിടിക്കുന്നത് ആന്‍റണി മോസസ് എന്ന എറണാകുളം എ സി പിയാണ്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും തിളങ്ങുന്ന കഥാപാത്രം തന്നെയാണ് ആന്‍റണി മോസസ്.

അടുത്ത പേജില്‍ - കൊല്ലപ്പെടുന്നതാര്? കൊല്ലുന്നതാര്?

PRO
മട്ടാഞ്ചേരി പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണറായ ആര്യന്‍ ജോണ്‍ ജേക്കബ്(ജയസൂര്യ) ആണ് ഈ സിനിമയില്‍ കൊല്ലപ്പെടുന്നത്. ഈ കേസില്‍ അന്വേഷണച്ചുമതല ആന്‍റണി മോസസിനായിരുന്നു. അയാള്‍ അത് അന്വേഷിച്ച് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ആരാണ് കുറ്റക്കാരന്‍ എന്ന വിവരം പുറത്തുവരുന്നതിന് മുമ്പ് ആന്‍റണി മോസസ് ഒരു അപകടത്തില്‍ പെടുന്നു. ആ അപകടത്തോടെ അയാളുടെ ഓര്‍മ്മ നഷ്ടപ്പെടുകയാണ്.

കഴിഞ്ഞ കാലത്തേക്കുറിച്ചോ നിലവിലുള്ള സാഹചര്യങ്ങളേക്കുറിച്ചോ ഒന്നും ഓര്‍മ്മിക്കാന്‍ ആന്‍റണിക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ആര്യന്‍ വധക്കേസ് തെളിവുകളൊന്നുമില്ലാതെ മറഞ്ഞുപോകുമെന്ന സ്ഥിതിയുണ്ടാകുന്നു. അവിടെയാണ് പൊലീസ് കമ്മീഷണറായ ഫര്‍ഹാന്‍ അമന്‍(റഹ്‌മാന്‍) ആന്‍റണിയുടെ സഹായത്തിനെത്തുന്നത്. എന്നാല്‍ ആന്‍റണിക്ക് ഓര്‍മ്മകള്‍ തിരിച്ചെടുക്കാന്‍ കഴിയുന്നില്ല.

ഒടുവില്‍ കാര്യങ്ങള്‍ യഥാര്‍ത്ഥ ട്രാക്കിലേക്ക് വരുന്നു. ആന്‍റണി തന്നെ അന്വേഷണം തുടരുകയാണ്. അവിടെയാണ് അയാള്‍ ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ തിരിച്ചറിയുന്നത്. ആരാണ് കൊലപാതകി എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുമ്പോഴുണ്ടാകുന്ന ടെന്‍ഷന്‍ തിയേറ്ററിനെ പിടിച്ചുകുലുക്കുന്നതാണ്.

അടുത്ത പേജില്‍ - അമ്പരപ്പിക്കുന്ന ക്ലൈമാക്സ്

PRO
ക്ലൈമാക്സ് ആണ് ‘മുംബൈ പൊലീസ്’ എന്ന സിനിമയിലെ താരം. മലയാളത്തില്‍ ഇതിന് മുമ്പ് ഇങ്ങനെ ഒരു ക്ലൈമാക്സ് പരീക്ഷിക്കപ്പെട്ടിട്ടില്ല. ഞാന്‍ പടം കണ്ട തിയേറ്ററില്‍ ഒരേസമയം കൈയടിയും കൂവലും ഉയര്‍ന്നു. കൂവിയത് പൃഥ്വിരാജിന്‍റെ കടുത്ത ആരാധകരാണെന്ന് വ്യക്തം. താരസ്നേഹികള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒരു കഥാപാത്രമല്ല ഈ ചിത്രത്തില്‍ പൃഥ്വിരാജിന്‍റേത്.

ഇത് ന്യൂജനറേഷന്‍ സിനിമയുടെ കാലമാണ്. അപ്പോള്‍ എന്ത് അശ്ലീലവും കൈയടിച്ച് പ്രോത്സാ‍ഹിപ്പിക്കുക എന്നത് ഇന്ന് മലയാള സിനിമാപ്രേക്ഷകരുടെ വിധിയാണ്. അടുത്തിടെ വന്ന ചില ചിത്രങ്ങളില്‍ പച്ചത്തെറി വിളിച്ചുപറഞ്ഞതുപോലും അംഗീകരിക്കപ്പെട്ടു. എന്നാല്‍ തീര്‍ത്തും അംഗീകരിക്കാന്‍ കഴിയാത്ത ഒരു യാഥാര്‍ത്ഥ്യത്തെ ചങ്കൂറ്റത്തോടെ അതിമനോഹരമായി കാഴ്ചക്കാരുടെ മുമ്പിലേക്കിട്ടുതരികയാണ് സംവിധായകന്‍.

ആര്യന്‍ ജോണ്‍ ജേക്കബ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ എന്തിന് കൊന്നു എന്ന കണ്ടെത്തല്‍ മലയാള സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കും. ഇങ്ങനെയൊരു ഷോക്കിംഗ് ക്ലൈമാക്സ് ആരും പ്രതീക്ഷിക്കില്ല. അതുകൊണ്ടുതന്നെ ഇത് എങ്ങനെ സ്വീകരിക്കപ്പെടും എന്ന് പ്രവചിക്കുകയും അസാധ്യം. എന്നാല്‍ എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇത് ധൈര്യപൂര്‍വമായ ഒരു പരീക്ഷണമാണ്. തീര്‍ത്തും വ്യത്യസ്തമായ ഒരു പര്യവസാനം.

(ഷെഫ്രീന്‍ ഈ ക്ലൈമാക്സില്‍ അസ്വസ്ഥയാണ്. അവള്‍ പടം കഴിഞ്ഞിറങ്ങിയപ്പോള്‍ മുതല്‍ മുഖം ചുളിച്ചിരിപ്പാണ്. പൃഥ്വിരാജിനെ അങ്ങനെ സങ്കല്‍പ്പിക്കാന്‍ പോലും അവള്‍ക്ക് കഴിയുന്നില്ല)

അടുത്ത പേജില്‍ - ഈ പടത്തില്‍ പൃഥ്വി ചെയ്തത്

PRO
ഈ പടത്തില്‍ പൃഥ്വിരാജ് ചെയ്തത് ഇതിന് മുമ്പ് മലയാളത്തില്‍ ഒരു നായകനും ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ്. മമ്മൂട്ടിയോ മോഹന്‍ലാലോ അങ്ങനെ ഒരു പരീക്ഷണത്തിന് മുതിര്‍ന്നിട്ടില്ല. തന്‍റെ താരപദവിയെക്കുറിച്ച് തെല്ലും ഭയമില്ലാതെ നടത്തിയ ഈ പരീക്ഷണം പൃഥ്വിരാജിന്‍റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിത്തീരുകയാണ്.

അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജ് വിസ്മയിപ്പിക്കുന്ന സിനിമയാണ് മുംബൈ പൊലീസ്. ഈ സിനിമ അവസാനിക്കുമ്പോള്‍ പൃഥ്വിരാജ് എന്ന നടന്‍റെ പ്രകടനവും ക്ലൈമാക്സും മാത്രമാണ് ഏവരും ചര്‍ച്ച ചെയ്യുന്നത്. മലയാളത്തിലെ ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും ഈ ക്ലൈമാക്സിനോട് പൊരുത്തപ്പെടാനാകുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിന്‍റെ ബോക്സോഫീസ് ഭാവി. എന്തായാലും മള്‍ട്ടിപ്ലക്സുകളില്‍ ഈ സിനിമ തകര്‍ത്തുവാരുമെന്ന് ഉറപ്പ്.

മെമന്‍റോ, ബോണ്‍ ഐഡന്‍റിറ്റി തുടങ്ങിയ സിനിമകളുടെ കഥാഗതിയുമായി മുംബൈ പൊലീസിനുള്ള സാധ്യത വേണമെങ്കില്‍ ആരോപിക്കാം. എന്നാല്‍ അതിന്‍റെയൊക്കെ ഛായയുണ്ടെങ്കിലും കഥാഗതി വികസിക്കുന്നതോടെ അവയെയെല്ലാം അതിശയിക്കുന്ന മികച്ച സൃഷ്ടിയായി മുംബൈ പൊലീസ് മാറുന്നു.

ജയസൂര്യ, റഹ്‌മാന്‍ എന്നിവരും ഗംഭീര പ്രകടനം കാഴ്ചവച്ചു. കുറച്ചുനേരം മാത്രമുള്ള കുഞ്ചന്‍ സൂപ്പര്‍ പെര്‍ഫോമന്‍സിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്. ഗോപി സുന്ദറിന്‍റെ വ്യത്യസ്തമായ പശ്ചാത്തല സംഗീതം ഈ സിനിമയുടെ മൂഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. എന്നാല്‍ ദിവാകറിന്‍റെ ഛായാഗ്രഹണം ശരാശരിയിലൊതുങ്ങി.

വെബ്ദുനിയ വായിക്കുക