ആണിലും പെണ്ണിലുമുള്ള അന്തര്‍മുഖതയെ, ഭയത്തെ, ഒതുങ്ങിക്കൂടലിനെയാണ് ഇത്തവണ രാജേഷ് പിള്ള ക്യാമറയില്‍ ആവാഹിച്ചിരിക്കുന്നത്. 'മിലി' ഒരു ചെറിയ സിനിമയാണ്. പക്ഷേ അത് സംസാരിക്കുന്നത് വലിയ മാറ്റത്തെക്കുറിച്ചാണ്. നമ്മിലെ നമ്മളെ കണ്ടെത്തേണ്ടതിനെക്കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന സിനിമ എന്ന ധാരണയുമായി തിയേറ്ററില്‍ കയറുന്നവര്‍ ഇറങ്ങിവരുന്നത് പൂര്‍ണമായും ഒരു അമലപോള്‍ സിനിമ ആസ്വദിച്ച ശേഷമായിരിക്കും. അതെ, ഇത് അമല പോളിന്‍റെ സിനിമയാണ്. മിലി എന്ന കഥാപാത്രമായി അമല ജീവിക്കുമ്പോള്‍ അത് സിനിമയാണെന്നുപോലും മറന്ന് പ്രേക്ഷകര്‍ ആഹ്ലാദിച്ച് കണ്ടിരിക്കുന്നു.
കഥപറച്ചിലിനോടൊത്തുപോകുന്ന സംഗീതമാണ് ഗോപി സുന്ദറിന്‍റേത്. ഛായാഗ്രഹണവും മികച്ചത്. എന്നാല്‍ ട്രാഫിക്കിന്‍റെ ഓര്‍മ്മയില്‍, ആ ചടുലത പ്രതീക്ഷിച്ചുവരുന്നവര്‍ക്ക് മുമ്പില്‍ താളത്തിലൊഴുകുന്ന പുഴപോലെ ഒരു കഥയാണ് രാജേഷ് പിള്ള പറയുന്നത്. കുറച്ച് നിരാശയ്ക്ക് അത് വഴിവച്ചേക്കാം.