മലബാര്‍ വെഡ്ഡിംഗ് ‘എന്‍റര്‍ടെയ്നര്‍’

WDWD
മലബാറില്‍ പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന സൊറകല്യാണത്തിന്‍റെ പശ്ചാത്തലത്തില്‍ നവാഗത സംവിധായകരായ രാജേഷും ഫൈസലും ചേര്‍ന്നൊരുക്കിയ മലബാര്‍ വെഡ്ഡിംഗിനെ നല്ലൊരു എന്‍‌ടര്‍ടെയ്നര്‍ എന്ന് വിശേഷിപ്പിക്കാം. പോരായ്മകളുണ്ടെങ്കിലും തമാശയുടെ മേമ്പൊടിയില്‍ നല്ലൊരു കുടുംബ ചിത്രമാണ് ഈ നവാഗതര്‍ കാഴ്ച വച്ചിരിക്കുന്നത്.

മലബാറില്‍ വിവാഹത്തിനു മുമ്പ് ദമ്പതികളെ തമാശകള്‍ക്ക് വിധേയമാക്കുന്ന അംഗീകരിക്കപ്പെട്ട തമാശ ചടങ്ങാണ് സൊറകല്യാണം. നാട്ടില്‍ ഏത് വിവാഹം നടന്നാലും ദമ്പതികളെ തമാശയ്ക്ക് വിധേയരാക്കാനും അനുകരിക്കാനുമൊക്കെയുള്ള അവകാശം തീറെടുത്തിരിക്കുന്നത് പോലെയാണ് മനുക്കുട്ടന്‍റെ പെരുമാറ്റം. മനുവിന്‍റെ സംഘത്തിലുള്ളവരുടെ തമാശകള്‍ എല്ലാവരും ആസ്വദിക്കുകയും ചെയ്യുന്നു.

മനുക്കുട്ടന്‍റെ സംഘത്തില്‍ സതീശനും സെയ്ദുവും അബൂബക്കറുമാണ് മുഖ്യ താരങ്ങള്‍. സംഘത്തിലുള്ളവരുടെ കല്യാണം വരുമ്പോഴും ഒരു വിട്ടു വീഴ്ചയും മനുവില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. വരുന്നതെല്ലാം സ്വീകരിക്കാന്‍ തയ്യാറായാണ് ഇവരും വിവാഹത്തിനൊരുങ്ങുന്നത്. ഈ കുറുമ്പുകള്‍ക്കെല്ലാം കാരണമായ മനുവിന്‍റെ വിവാഹ ദിവസം കാത്തിരിക്കുകയായിരുന്നു മിക്കവരും.

WDWD
ഈ അവസരത്തില്‍, സ്മിത എന്ന പെണ്‍കുട്ടിയുമായി മനുവിന്‍റെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. സ്മിത വളര്‍ന്നത് സ്വന്തം നാട്ടിലായിരുന്നില്ല. അതിനാല്‍, സൊറകല്യാണത്തെ കുറിച്ച് അവള്‍ക്ക് വലിയ പിടിയൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരെയും കല്യാണ തമാശയ്ക്ക് ഇരയാക്കുന്ന മനുക്കുട്ടന്‍റെ കല്യാണത്തിന് തമാശയൊപ്പിക്കാന്‍ ആരെങ്കിലും പിന്നോട്ട് നില്‍ക്കുമോ?


WDWD
മനുക്കുട്ടന്‍റെ കല്യാണ ദിവസവും സൊറകല്യാണം നല്ല വാശിയോടെ തന്നെ നടന്നു. മനുവിന് അസ്വാഭാവികമായി ഒന്നും തോന്നിയില്ലെങ്കിലും ഇതെല്ലാം ഉള്‍ക്കൊള്ളാനുള്ള മാനസിക സ്ഥിതിയിലായിരുന്നില്ല സ്മിത. അവളെ ചില പഴയകാര്യങ്ങള്‍ വേട്ടയാടിയിരുന്നു. കല്യാണ തമാശയും കൂടിയായപ്പോള്‍ അവളുടെ വിവാഹ ജീവിതത്തില്‍ താളപ്പിഴകളുണ്ടാവുന്നു.

ഇന്ദ്രജിത് മനുക്കുട്ടന്‍റെ വേഷം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. സ്മിതയുടെ വേഷത്തില്‍ ഗോപികയ്ക്ക് വലുതായൊന്നും ചെയ്യാനുള്ള അവസരം സംവിധായകര്‍ നല്‍കിയിട്ടില്ല. സുരാജ് വെഞ്ഞാറും‌മൂട് (സതീശന്‍), മാമുക്കോയ (അവൂക്കര്‍) തുടങ്ങിയ സംഘാംഗങ്ങളുടെ തമാശകള്‍ ചിത്രത്തെ മുന്നോട്ട് കൊണ്ടു പോവാന്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.

മലബാര്‍ വെഡ്ഡിംഗ് എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് പലപ്പോഴും ശക്തി ചോര്‍ന്ന് പോവുന്നുണ്ട്. ക്ലെമാക്സിലേക്ക് എത്തുമ്പോഴാണ് തിരക്കഥയുടെ ശക്തിയില്ലായ്മ അനുഭപ്പെടുന്നത്. തുടക്കത്തില്‍ വളരെ നല്ല നിലവാരം പുലര്‍ത്തുന്ന മലബാര്‍ വെഡ്ഡിംഗ് അവസാനമെത്തുമ്പോഴേയ്ക്കും പതറുന്നു. എന്തായാലും കണ്ടിരിക്കാന്‍ പറ്റുന്ന നല്ലൊരു സിനിമയാണ് എന്ന അഭിനന്ദനം ഈ സിനിമയ്ക്ക് നല്‍കേണ്ടിയിരിക്കുന്നു.

WDWD
ഗാനങ്ങളുടെ കാര്യത്തിലും സാങ്കേതിക മികവിന്‍റെ കാര്യത്തിലും മെച്ചമൊന്നും അവകാശപ്പെടാനില്ല എങ്കിലും പുതുമയാര്‍ന്നൊരു വിഷയം തെരഞ്ഞെടുത്തതില്‍ രാജേഷിനും ഫൈസലിനും അഭിമാനിക്കാം.

മലബാര്‍ വെഡ്ഡിംഗിനു വേണ്ടി വേല്‍ രാജാണ് ഛായാഗ്രഹണം നിര്‍‌വഹിച്ചിരിക്കുന്നത്‍. ജനാര്‍ദ്ദനന്‍, സുരാജ് വെഞ്ഞാറമൂട്, സന്തോഷ് ജോഗി, മണിയന്‍ പിളള രാജു, മാമുക്കോയ, അനൂപ് ചന്ദ്രന്‍, സീനത്ത്, മങ്കാ മഹേഷ്, അംബികാ മോഹന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.