ബിജു ഹീറോയാണ് പക്ഷേ, ആക്ഷന്‍ കമ്മി!

യാത്രി ജെസെന്‍

വ്യാഴം, 4 ഫെബ്രുവരി 2016 (17:57 IST)
ഒരു മനുഷ്യനൊപ്പം വെറുതെ യാത്ര ചെയ്യുക. അയാളുടെ ദൈനം ദിന പ്രവൃത്തികള്‍ പകര്‍ത്തുക. അയാള്‍ ഒരു സാധാരണക്കാരനായിരിക്കാം. പക്ഷേ, ജീവിതത്തിന്‍റെ ചില സന്ദര്‍ഭങ്ങളിലൊക്കെ ചില അസാധാരണ പെരുമാറ്റങ്ങള്‍ അയാളില്‍ നിന്നുണ്ടാകും. ചിലപ്പോഴൊക്കെ യഥാര്‍ത്ഥ ഹീറോയിസവും പ്രതീക്ഷിക്കാം. ‘ആക്ഷന്‍ ഹീറോ ബിജു’ അത്തരത്തില്‍ ഒരു കഥാപാത്രത്തെ പിന്തുടരുന്ന സിനിമയാണ്. 
 
ഈ ചിത്രത്തില്‍ ഒരു ഭരത്ചന്ദ്രനോ ബല്‍‌റാമോ ഇല്ല. ഉള്ളത് ബിജു പൌലോസ് എന്ന സാധാരണ മനുഷ്യന്‍ മാത്രം. കാക്കിയിട്ട ഒരു സാധാരണക്കാരന്‍. അയാളുടെ റിയല്‍ ലൈഫ് യാതൊരു ഏച്ചുകെട്ടലുകളും ചായം‌പൂശലുമില്ലാതെ കാണിക്കുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ ചെറിയ സിനിമ പ്രേക്ഷകര്‍ ഇഷ്ടപ്പെടും വിധമാണ് ഒരുക്കിയിരിക്കുന്നത്. കമ്മീഷണറോ ഇന്‍‌സ്പെക്ടര്‍ ബല്‍‌റാമോ പ്രതീക്ഷിച്ച് ഈ സിനിമ കളിക്കുന്ന തിയേറ്ററുകളുടെ നാലയലത്തുപോലും പോകരുതെന്ന് മാത്രം!
 
‘പ്രേമം’ സിനിമ ഇറങ്ങി വലിയ ഇടവേളയ്ക്ക് ശേഷമാണ് നിവിന്‍ പോളിയുടെ ഒരു ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷാഭാരത്തിന്‍റെ സമ്മര്‍ദ്ദം ഈ സിനിമയ്ക്ക് നേരിടേണ്ടിവരുന്നു. എന്നാല്‍ ഫ്രഷായ മനസോടെ സിനിമ കാണുന്ന ഒരാള്‍ക്ക്, ആസ്വദിക്കാവുന്ന എല്ലാ ഘടകങ്ങളുമുള്ള ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു.
 
നമ്മുടെ പോലീസ് സിനിമകള്‍ പതിവായി സംസാ‍രിക്കുന്നത് വലിയ വലിയ കാര്യങ്ങളാണ്. കള്ളക്കടത്ത്, അധോലോകം, തീവ്രവാദം അങ്ങനെ പോകും കാര്യങ്ങള്‍. അതില്‍ക്കുറഞ്ഞൊന്നും ചിന്തിക്കാന്‍ വയ്യ. എന്നാല്‍ ഇവിടെ എസ് ഐ ബിജു പൌലോസിന്‍റെ ശത്രുക്കള്‍ നാട്ടുമ്പുറത്തെ കള്ളന്‍‌മാരും പൂവാലന്‍‌മാരും ചെറുകിട കഞ്ചാവ് വില്‍പ്പനക്കാരുമൊക്കെയാണ്.
 
ഒരു ചെറുപുഞ്ചിരിയോടെ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോരാം എന്നതാണ് ആക്ഷന്‍ ഹീറോ ബിജു നല്‍കുന്ന ഏറ്റവും വലിയ ഉറപ്പ്. അതിനപ്പുറമൊന്നും പ്രതീക്ഷിക്കരുത്. എബ്രിഡ് ഷൈന്‍റെ ആദ്യ സിനിമയായ 1983 നല്‍കിയ ഇമോഷണല്‍ ഫീലിംഗൊന്നും ഈ സിനിമ നല്‍കുന്നില്ല. ഒരുപാട് സമയം ചെലവഴിച്ച്, വളരെ ശ്രദ്ധയോടെ ചിത്രീകരിച്ച ഒരു പടത്തിന്‍റെ ബ്രില്യന്‍സും കാണാനില്ല.
 
കൃത്യമായ ഒരു കഥയെ പിന്തുടരുന്നില്ല എന്നത് സാമ്പ്രദായിക മലയാള സിനിമകള്‍ കണ്ട് ആനന്ദിക്കുന്ന പ്രേക്ഷകര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കും. എന്നാല്‍ റിയലിസ്റ്റിക്കായ സംഭവങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു കഥാപാത്രത്തിന്‍റെ സ്വാഭാവിക ഒഴുക്ക് പുതുമ നല്‍കുകയും ചെയ്യും. സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് നടന്നുകയറിക്കൊണ്ടിരിക്കുന്ന ഒരു താരത്തിന്‍റെ സ്റ്റാര്‍ഡത്തിന് ഉതകുന്ന തരത്തിലുള്ള സെറ്റപ്പുകള്‍ ചിത്രത്തിലില്ല. അത് നിവിന്‍ പോളി ആരാധകരെ കുറച്ചൊന്ന് വിഷമിപ്പിക്കും.
 
ബിജു പൌലോസ് എന്ന കഥാപാത്രത്തെ ജീവസുറ്റതാക്കിയിട്ടുണ്ട് നിവിന്‍ പോളി. എങ്കിലും പ്രേമത്തിലെ ജോര്‍ജ്ജിന്‍റെ ഹാംഗോവറിനെ സാറ്റിസ്ഫൈ ചെയ്യുന്ന ഗിമ്മിക്സൊന്നും എബ്രിഡ് ഷൈന്‍ ഈ ചിത്രത്തില്‍ ഒരുക്കിവച്ചിട്ടില്ല. അനു ഇമ്മാനുവലാണ് നായിക. കാര്യമായ പങ്കാളിത്തമൊന്നും നായികയ്ക്ക് കഥയിലില്ല. ജോജു, സുരാജ്, മേഘനാഥന്‍, ജൂഡ് ആന്‍റണി ജോസഫ്, സൈജു കുറുപ്പ്, ദേവി അജിത്, രോഹിണി തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ മികച്ചതാണ്.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. സിനിമയുടെ സ്വഭാവത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ക്യാമറാചലനങ്ങളാണ് അലക്സ് നല്‍കിയിരിക്കുന്നത്. ജെറി അമല്‍‌ദേവിന്‍റെ സംഗീതമാണ് എടുത്തുപറയേണ്ടത്. ‘പൂക്കള്‍ പനിനീര്‍ പൂക്കള്‍’ എന്ന ഗാനം കുറച്ചുകാലത്തേക്കെങ്കിലും പ്രേക്ഷകരുടെ ചുണ്ടുകളിലുണ്ടാവും.
 
ആക്ഷന്‍ ഹീറോ ബിജു ഹീറോയിസത്തിനായി സ്ലോമോഷനില്‍ നടക്കുന്ന നായകന്‍റെ കഥയല്ല. നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതമാണ്. മുന്‍‌ധാരണകളില്ലാതെ തിയേറ്ററുകളിലെത്തുക.
 
റേറ്റിംഗ്: 3.5/5

വെബ്ദുനിയ വായിക്കുക