ഫെയ്സ് ടു ഫെയ്സ് - നിരൂപണം

വെള്ളി, 30 നവം‌ബര്‍ 2012 (16:41 IST)
PRO
“രക്ഷിതാക്കള്‍ നിര്‍ബന്ധമായും മക്കളോടൊപ്പമിരുന്ന് ഈ സിനിമ കാണണം“ - ഇതാണ് ഫെയ്സ് ടു ഫെയ്സ് എന്ന സിനിമയുടെ പരസ്യവാചകം. പത്തിലധികം ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന് ശേഷമെത്തുന്ന മമ്മൂട്ടി സിനിമ എന്ന നിലയില്‍ ‘ഫെയ്സ് ടു ഫെയ്സ്‘ കാണാനെത്തിയവര്‍ അധികം പ്രതീക്ഷിച്ചിരിക്കില്ല. ‘പ്രതീക്ഷയില്ലാതെ വന്നതിനാല്‍ നിരാശയുമില്ല’ എന്നാണ് സിനിമ കഴിഞ്ഞിറങ്ങിയ ഒരാള്‍ പ്രതികരിച്ചത്.

ജവാന്‍ ഓഫ് വെള്ളിമല പോലെ നിരാശ സമ്മാനിക്കുകയാണ് ഫെയ്സ് ടു ഫെയ്സും. ഒരു മികച്ച തുടക്കം ലഭിക്കുകയും രണ്ടാം പകുതിയില്‍ തകര്‍ന്നടിയുകയും ചെയ്യുകയാണ് സിനിമ. രണ്ടാം പകുതിയില്‍ ഫാമിലി സെന്‍റിമെന്‍റ്സിന് പ്രാധാന്യം നല്‍കാനുള്ള വി എം വിനുവിന്‍റെ തീരുമാനമാണ് സിനിമയെ പരാജയത്തിലേക്ക് നയിക്കുന്നത്.

ആദ്യപകുതി ഗംഭീരമായാണ് വി എം വിനു ഒരുക്കിയിരിക്കുന്നത്. ഈ സിനിമ വിനുവിന്‍റേതുതന്നെയാണോ എന്നുപോലും സംശയം തോന്നി. നല്ല പേസില്‍ ഇന്‍റര്‍വെല്‍ വരെ കഥ പറഞ്ഞുപോയി. മമ്മൂട്ടിയുടെ പ്രകടനവും ഗംഭീരമായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ഹാഫ് എഴുതിയ മനോജ് പയ്യന്നൂര്‍ തന്നെയാണോ സെക്കന്‍റ് ഹാഫിനും തൂലിക ചലിപ്പിച്ചത് എന്ന് സംശയിച്ചുപോകും. കഥ ഗതിമാറിയൊഴുകി. സസ്പെന്‍സ് ത്രില്ലറില്‍ നിന്ന് ഫാമിലി സെന്‍റിമെന്‍റ്സ് മെലോഡ്രാമയിലേക്ക്. അവിടെ കൂപ്പുകുത്തിവീണ് തവിടുപൊടിയായി. ദുര്‍ബലമായ ക്ലൈമാക്സ് കൂടിയായപ്പോള്‍ എല്ലാം പൂര്‍ണം.

അടുത്ത പേജില്‍ - അന്വേഷണത്തിന്‍റെ പുതുവഴികള്‍

PRO
അനീതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നതിനാല്‍ സര്‍വീസിലിരുന്നതിനേക്കാള്‍ കൂടുതല്‍ സസ്പെന്‍ഷനില്‍ കഴിയാന്‍ വിധിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് ബാലചന്ദ്രന്‍(മമ്മൂട്ടി). അയാള്‍ ഇന്ന് പൊലീസ് യൂണിഫോമിനോട് വിടപറഞ്ഞ് ജീവിതം ആഘോഷിക്കുകയാണ്. മുന്‍‌മന്ത്രിയുടെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത് ഈ സമയത്താണ്. ഈ കേസ് അന്വേഷിക്കാന്‍ എസ് പി രാംദാസ്(സിദ്ദിക്ക്) എത്തുന്നു.

ഈ കേസിന്‍റെ കുരുക്കുകള്‍ അഴിക്കാന്‍ രാംദാസ് തന്‍റെ പഴയ സുഹൃത്തായ ബാലചന്ദ്രന്‍റെ സഹായം തേടുന്നു. എന്നാല്‍ പൊലീസിലേക്ക് ഒരു മടങ്ങിവരവിന് വിസമ്മതിച്ച് ബാലചന്ദ്രന്‍ തന്‍റേതായ രീതിയില്‍ അന്വേഷണം ആരംഭിക്കുകയാണ്.

ഈ സിനിമയുടെ സ്വഭാവത്തേക്കുറിച്ച് സംവിധായകന് തന്നെ ആശയക്കുഴപ്പമുണ്ടായതോടെയാണ് ഫെയ്സ് ടു ഫെയ്സിന് നിലതെറ്റിയത്. ഒരു സസ്പെന്‍സ് ത്രില്ലറിനെ കുടുംബചിത്രമാക്കി മാറ്റാനുള്ള ശ്രമമാണ് വി എം വിനു നടത്തിയത്. എന്നാല്‍ ആ ശ്രമം പരാജയമായി. ആദ്യപകുതിയില്‍ കാണിച്ച ബ്രില്യന്‍സ് രണ്ടാം പകുതിയിലും നിലനിര്‍ത്തിയിരുന്നു എങ്കില്‍ മമ്മൂട്ടിയുടെ പരാജയ ഘോഷയാത്രയ്ക്ക് ഫെയ്സ് ടു ഫെയ്സ് വിരാമമിടുമായിരുന്നു.

അടുത്ത പേജില്‍ - മമ്മൂട്ടിയുടെ നൃത്തരംഗം

PRO
രാഗിണി ദ്വിവേദിയാണ് ഫെയ്സ് ടു ഫെയ്സിലെ നായിക. തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാഗിണിയുടേത്. സിദ്ദിക്ക് തനിക്ക് ലഭിച്ച കഥാപാത്രത്തോട് നീതി പുലര്‍ത്തി. മാമുക്കോയ, മണി എന്നിവരും നന്നായി. റോമയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ല. നാല് ടീനേജുപിള്ളേരും അവരുടെ റോളുകള്‍ മനോഹരമാക്കി. എന്നാല്‍ അവരോടൊപ്പം മമ്മൂട്ടി നൃത്തം ചെയ്യുന്ന ഗാനരംഗം കൂക്കിവിളികളോടെയാണ് സ്വീകരിക്കപ്പെട്ടത്.

അല്‍ഫോണ്‍സ് ജോസഫ് ഈണമിട്ട ഗാനങ്ങളൊന്നും നിലവാരം പുലര്‍ത്തിയില്ല. അജയന്‍ വിന്‍‌സെന്‍റിന്‍റെ ഛായാഗ്രഹണം സിനിമയുടെ മൂഡ് നിലനിര്‍ത്താന്‍ സഹായിച്ചു.

പെണ്‍‌പട്ടണത്തിന് ശേഷം രണ്ട് വര്‍ഷത്തോളം കഴിഞ്ഞാണ് വി എം വിനു ഒരു സിനിമയെടുക്കുന്നത്. എന്നാല്‍ ഫെയ്സ് ടു ഫെയ്സ് ഒരു മികച്ച സിനിമയാക്കി മാറ്റാന്‍ വിനുവിന് കഴിഞ്ഞില്ല.

വെബ്ദുനിയ വായിക്കുക