പ്രകാശിന്‍റെ ശ്രമം പോസിറ്റീവല്ല

WDWD
പുനരധിവാസം, മുല്ലവള്ളിയും തേന്‍‌മാവും, പൊലീസ്, മൂന്നാമതൊരാള്‍ ട്രന്‍ഡുകളില്‍ നിന്നും മാറി നിന്ന് പരീക്ഷണം നടത്താനുള്ള മാനസികാവസ്ഥ തീര്‍ച്ചയായും നല്ലത് തന്നെ. എന്നാല്‍ പരസ്യത്തില്‍ നിന്നും ബിഗ് സ്ക്രീനിലേക്ക് വന്ന വികെ പ്രകാശിന്‍റെ ഹോളിവുഡ് ആശയത്തിലുള്ള മലയാള ചിത്രങ്ങള്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കല്‍ ആകരുത്.

നല്ല കഥ, സന്ദര്‍ഭങ്ങള്‍ എന്നിവ കയ്യിലുണ്ടെങ്കിലും അവ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതിലെ പിഴവുകള്‍ തന്നെയാണ് പ്രകാശിന്‍റെ പുതിയ ചിത്രമായ പൊസിറ്റീവിനെ പറ്റിയും പറയാന്‍ ഉള്ളത്. ഉള്ളത് പറയണമല്ലോ. ആദ്യാവസാനം നിലനിര്‍ത്തുന്ന സസ്പെന്‍സ് ഒഴിച്ചാല്‍ മറ്റൊരാളോട് ചിത്രത്തേക്കുറിച്ച് പറയാന്‍ ഒന്നും തന്നെ ഇല്ല.

ചില താരങ്ങള്‍ക്ക് എടുക്കാന്‍ വയ്യാത്ത കഥാപാത്രങ്ങള്‍ നല്‍കുന്നത് പോട്ടെ, പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെടുന്ന എന്തെങ്കിലുമൊക്കെ ചേര്‍ക്കണ്ടെ. ശബ്ദ കോലാഹലത്തിന്‍റെ പശ്ത്താത്തലത്തില്‍ മികച്ച ത്രില്ലറിനുള്ള ശ്രമം പലപ്പോഴും വഴുതിപ്പോകുകയാണ്. ഒരുകൂട്ടം യുവാക്കളും ചുറ്റും നടക്കുന്ന സംഭവങ്ങളും സസ്പെന്‍സും ചിത്രം പറയുന്നു.
WDWD


സുഹൃത്തുക്കള്‍ ആയ രാജു, ചെറി, ഉദയന്‍, വിന്നി തുടങ്ങിയവര്‍ ഒരു സംഗീത ട്രൂപ്പിലെ അംഗങ്ങളാണ്. അനാഥയായ വിന്നി പിടിവാശിക്കാരി കൂടിയാണ്. അടിച്ചു പൊളിച്ചുള്ള ഇവരുടെ ജീവിതത്തിനിടയിലാണ് വിന്നിയുടെ പ്രതിശ്രുത വരനായ അനിയന്‍ എന്ന അസിസ്റ്റന്‍റ് കമ്മീഷണറുടെ കടന്നുകയറ്റം. അനിയന്‍റെ വിന്നിയുടെ മേലുള്ള അധികാരം കൂട്ടുകാരുമായുള്ള സൌഹൃദങ്ങള്‍ അവസാനിപ്പിക്കാന്‍ വിന്നിയെ നിര്‍ബ്ബന്ധിതമാക്കുക ആണ്.

WDPRO
സംഗീത ട്രൂപ്പിലെ പ്രധാനി രാജു ഒരു യാത്രയില്‍ ആണ് ജ്യോതിയെ കണ്ടുമുട്ടുന്നത്. രണ്ടാമത്തെ കാഴ്ചയില്‍ ഇരുവരും പ്രണയത്തില്‍ അകപ്പെട്ടു. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ പിന്തുണ കൂടി രാജുവിനു ലഭിച്ചു. എന്നാല്‍ പെട്ടെന്ന് ഒരു ദിനം ജ്യോതിയെ കാണാതാകുക ആണ്. അവളെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. തെളിവുകളും ഇല്ല.

അതോടെ അവളെ മറക്കാനും പുതിയൊരു വിവാഹത്തില്‍ ഏര്‍പ്പെടാനും രാജുവിന് മേല്‍ സമ്മര്‍ദ്ദം ഏറി. രാജുവിനെ കാത്തിരുന്നത് ആകട്ടെ അപ്രതീക്ഷിതമായ സംഭവങ്ങളാണ്. ഒരിക്കല്‍ വിന്നിയുടെ ഫ്ലാറ്റില്‍ എത്തവേ ഒരാള്‍ ആത്മഹത്യ ചെയ്തതായി തിരിച്ചറിയുന്ന രാജു ആത്‌മഹത്യ ചെയ്തത് ജ്യോതിയുടെ ഭര്‍ത്താവാണെന്ന് മനസ്സിലാക്കുകയാണ്. അസിസ്റ്റന്‍റ് കമീഷണര്‍ അനിയന്‍ അന്വേഷണം ആരംഭിക്കുന്നതോടെ സംഭവം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു.

എസ് എന്‍ സ്വാമിയുടെ തിരക്കഥയാണ് ചിത്രത്തിന്‍റെ സമ്പത്ത്. അതുകൊണ്ട് തന്നെ ആദ്യാവസാനം സസ്പെന്‍സില്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ചിത്രത്തിനു കഴിയുന്നു. നോട്ട്‌‌ബുക്ക് ഹീറോ സ്കന്ദ രാജുവാകുന്നു. രമേഷ് പിഷാരഡി ചെറിയും വാണി കിഷോര്‍ വിനിയും ആയില്യ ജ്യോതിയും ആകുന്ന താരങ്ങളുടെ പ്രകടനം ശരാശരിയായതിനാല്‍ മണിക്കുട്ടന്‍റെ ഉദയനും ശ്രദ്ധിക്കപ്പെടുന്നില്ല. ജയസൂര്യയ്‌ക്ക് അസിസ്റ്റന്‍റ് കമ്മീഷണറെ വിശ്വസിപ്പിക്കാനുമാകുന്നില്ല.
WDWD


ഇംഗ്ലീഷ് ഡയലോഗുകള്‍ ലയിക്കാതെ കിടക്കുന്നു.കോണ്‍സ്റ്റബിളാകുന്ന ടി ജി രവിയാണ് ഭേദം. അഗസ്റ്റിന്‍റെ സെക്യൂരിറ്റിയും മികച്ചതാണ്. എന്നാല്‍ ജഗതി ശ്രീകുമാറിനെ എന്തിനാണ് ഉപയോഗിച്ചതെന്ന് മനസ്സിലാകുന്നില്ല. മുന്‍‌കാല ചിത്രങ്ങളെ പോലെ തന്നെ സാങ്കേതിക മികവ് കണ്ടെത്താന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. എന്നിരുന്നാലും പാട്ട് സീന്‍ ഗംഭീരമാക്കുന്ന പ്രകാശ് ഇത്തവണ അതിനും മിനക്കെട്ടിട്ടില്ല. ചിത്രത്തിന്‍റെ ഏക മികവ് നിലനിര്‍ത്തുന്ന സസ്പെന്‍സ് തന്നെയാണ്.