ബിസിനസുകാരനും താര കമ്യൂണിക്കേഷന്‍സ് എന്ന പരസ്യ കമ്പനിയുടെ ഉടമയുമായ സേതുനാഥിന്റെ (ജയറാം) 'സ്വന്തം’ എന്ന നോവലിന് അന്താരാഷ്ട്ര പുരസ്കാരം ലഭിക്കുന്നു. ജേര്‍ണലിസ്റ്റ് അനീസ (ശാരികാമേനോന്)യും ലക്ഷ്മണും (സൈജു കുറുപ്പ്) സേതുവിന്റെ പിന്നാലെ കൂടി. സേതുവിന്റെ ഭൂതകാലത്തെക്കുറിച്ചാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. നൊമ്പരപ്പെടുത്തുന്ന പഴയകാലത്തേയ്ക്കൊരു യാത്ര.
കോളേജില്‍ പഠിക്കുമ്പോള്‍ കഥയും കവിതയുമൊക്കെയായിരുന്നു സേതുവിന് എല്ലാം. ഒടുവില്‍ ജീവിതം വഴിമാറിയപ്പോള്‍ അതൊക്കെ സേതുവിന് അന്യമായി. താരാ കമ്യൂണിക്കേഷന്‍സിന്റെ തുടക്കം അങ്ങനെ ആയിരുന്നു. ബിസിനസിന്റെ തിരക്കില്‍ അയാള്‍ മുഴുകി. സേതുവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ സ്വാമി (ജഗതി) ഒപ്പമുണ്ട്. കുഞ്ഞമ്മാവന്റെ (നെടുമുടി വേണു)അപ്രതീക്ഷിതമായ കടന്നു വരവുകളാണ് പതിവു ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. സേതുവിന്റെ സ്വത്തില്‍ കണ്ണുള്ള സഹോദരീഭര്‍ത്താവ് ചന്ദ്രദാസ്(ദേവന്) മനസമാധാനം കെടുത്താന്‍ ഇടയ്ക്കൊക്കെ വീട്ടിലെത്തും. ജീവിതത്തില്‍ പലപ്പോഴും വൈകിയപ്പോള്‍ ആഗ്രഹിച്ചതൊന്നും അയാള്‍ക്ക് നേടാനാവാതെ പോയി.
സേതുവിന്റെ പരസ്യചിത്രത്തില്‍ ജിംഗിള്‍ പാടാനെത്തിയ പ്രിയനന്ദിനി (സദ) പതുക്കെ പതുക്കെ അയാള്‍ക്ക് പ്രിയപ്പെട്ടവളാകുന്നു. കഥയും കവിതയുമൊക്കെ ഒരുകാലത്ത് എല്ലാമായിരുന്നു. ഇപ്പോള്‍ അതിനുമൊക്കെ അപ്പുറത്താണ് പ്രിയനന്ദിനിയെന്ന് സേതു തിരിച്ചറിയുന്നു. പ്രണയവഴിയില്‍ പൂവുമാത്രമല്ല മുള്ളും കാത്തിരിക്കുന്നു. ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്ന് മനസിലാക്കി എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞ് അകന്ന ഭാര്യ മഞ്ജു (ശാരി)തിരികെയെത്തി. ഒന്നിച്ചൊരു ജീവിതം സാധ്യമല്ല എന്ന് മഞ്ജു ആവര്‍ത്തിച്ചു.
സേതുവിന്റെ സ്വത്ത് മറ്റൊരാള്‍ക്ക് അനുഭവിക്കാന്‍ വിട്ടു കൊടുക്കരുതെന്ന് ചന്ദ്രദാസ് സഹോദരിയെ ഉപദേശിക്കുന്നു. സേതുവിന്റെ പിറന്നാളാഘോഷത്തിനിടെ കരിനിഴലായി മഞ്ജു കടന്നു വരുന്നു. സ്വാമിയുടേയും കുഞ്ഞമ്മാവന്റേയും മുന്നില്‍ വച്ച് മഞ്ജുവും ചന്ദ്രദാസും പ്രിയയെ അപമാനിക്കുന്നു. സേതുവിന്റെ സഹോദരി സുഭദ്ര (ബിന്ദു പണിക്കര്‍) പ്രിയയുടെ വീട്ടിലെത്തി. സേതുവുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്ന് അവര്‍ അപേക്ഷിച്ചു. സേതു വിവാഹിതനാണെന്ന കാര്യം നേരത്തെതന്നെ അവള്‍ക്ക് അറിയാമായിരുന്നു. വീടിനു പുറത്തേയ്ക്കൊന്നു പോവാന്‍ കൂടി അമ്മ പ്രിയയെ അനുവദിച്ചില്ല. സേതുവിന്റെ മാനസികാവസ്ഥ മനസിലാക്കിയ സ്വാമി പ്രിയയുമായി കൂടിക്കാണാന്‍ അവസരം ഒരുക്കി. 'ഇനിയുമെഴുതണം, എത്ര അകലെയായാലും ആ വരികള്‍ക്കായി കാതോര്‍ത്തിരിക്കും" എന്നു പറഞ്ഞാണ് അവള് പോയത്.
PRO
ദിവസങ്ങള്‍ കടന്നു പോയി. ഇനിയൊരിക്കലും അവളെ മറക്കാന്‍ ആവില്ലെന്ന് ഇതിനിടെ സേതു മനസിലാക്കി. പ്രിയയെ തേടി സ്വാമിയുമൊത്ത് സേതു വീട്ടിലെത്തി. അവര്‍ നാടിലേയ്ക്ക് പൊയ്ക്കഴിഞ്ഞിരുന്നു. സേതു അവളുടെ തറവാട്ടിലേക്ക് വിളിച്ചു. പ്രിയയുടെ വിവാഹ നിശ്ചയത്തിന്റെ ഒരുക്കത്തിലാണ് അവരെന്നു അമ്മ പറഞ്ഞു. അമ്മയറിയാതെ പ്രിയ സേതുവിനെ വിളിച്ചു. സേതു താമസിക്കുന്ന ഹോട്ടലില്‍ പ്രിയ എത്തി. എല്ലാം ഉപേക്ഷിച്ച് സേതുവിനൊപ്പം പോവാന്‍ അവള് തീരുമാനിച്ചു. അക്കാര്യം അവള് അമ്മയെ അറിയിച്ചു. സേതുവിന് വൈകാതെ ഒരു കോള്‍ വന്നു. കരള്‍ പിളരുന്ന വേദനയോടെ സേതു അവളെ പറഞ്ഞയയ്ക്കുന്നു.
സേതുവിനെ അനായാസം അവതരിപ്പിക്കാന്‍ ജയറാമിനു കഴിഞ്ഞു. നായകന്റെ നിഴലായി ഒതുങ്ങുന്ന പതിവു സ്ത്രീ കഥാപാത്രങ്ങളില്‍ നിന്നു വ്യത്യസ്തമായൊരു വേഷം അവതരിപ്പിക്കാന്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച സദയ്ക്ക് ഭാഗ്യമുണ്ടായി. പതിവു മുഖമല്ല എന്നതും ചിത്രത്തിനു ഗുണം ചെയ്തു. നായിയകയായ പ്രിയനന്ദിനിയ്ക്ക് ആദ്യമായി പാടാന്‍ നല്കിയ ഗാനം കേരള സര്‍ക്കാര്‍ ലോട്ടറിയുടെ പരസ്യ ഗാനത്തിനു പകരം നല്ലൊരു മെലഡി ആവാമായിത്ധന്നു. ഒരുപാടു ചിത്രങ്ങളില്‍ കണ്ടുമടുത്ത രീതിയില്‍ തന്നെയാണ് ജഗതിയുടെ രംഗപ്രവേശം. എന്നാല്‍, കഥ വളരുമ്പോള്‍ കഥാപാത്രം വ്യക്തിത്വം കൈവരിക്കുന്നു. ചെറിയ വേഷത്തിലൂടെ നെടുമുടിയും ദേവനും സാന്നിധ്യമറിയിച്ചു. അനൂപ് ശിവസേനന്‍, ഗണേഷ് കുമാര്‍, ജഗന്നാഥ വര്‍മ്മ, കെ.പി.എ.സി ലളിത, സുബി, ഇന്ദ്രന്‍സ് എന്നിവത്ധം ചിത്രത്തില്‍ കടന്നു വരുന്നു.
ഈസ്റ്റ് കോസ്റ്റ് സിനി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിജയന് ഈസ്റ്റ് കോസ്റ്റ് ആദ്യമായി സംവിധാനം ചെയ്ത നോവല്‍ മനസിലെവിടെയോ വേദനയായി മാറുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്റെ സൂപ്പര്‍ഹിറ്റ് ആല്‍ബം സോംഗുകള്‍ ചിത്രത്തില്‍ അവസരോചിതമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യേസുദാസ്,മഞ്ജരി, ശ്വേത എന്നിവര്‍ ആലപിച്ച സുന്ദര ഗാനങ്ങളാണ് ചിത്രത്തിന്റെ സവിശേഷത. എം. ജയചന്ദ്രനാണ് സംഗീത സംവിധായകന്. 'ഉറങ്ങാന്‍ നീയെനിക്കരികില്‍ വേണം"എന്ന ഗസല്‍ ഉംബായിയും ഒരുക്കിയിരിക്കുന്നു.
മെലഡി ആസ്വദിക്കുന്നവര്‍ക്ക് ഇതു വസന്തകാലം. ഇത്രമേലെന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍... എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ ക്ളൈമാക്സ്. ഒന്നിനുമല്ലാതെ... എന്നു തുടങ്ങുന്ന ഗാനം അതി സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു. ഛായാഗ്രാഹകരായ അഴകപ്പനും ജിബു ജേക്കബും കഥയുടെ മൂഡ് മനസിലാക്കിത്തന്നെ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഒഴുക്ക് നിലനിര്‍ത്തുന്നതില്‍ ചിത്രസംയോജകന്‍ രാജാ മുഹമ്മദും വിജയിച്ചു. അശോക് ശശി തിരക്കഥ രചിച്ചിരിക്കുന്ന ഈ പ്രണയ ചിത്രത്തില്‍ മസാലക്കൂട്ടുകളോ സംഘട്ടനങ്ങളോ മടുപ്പിക്കുന്ന തമാശകളോ ഇല്ല. സീമന്തരേഖയിലെ ചെറിയൊരു സിന്ദൂരപ്പൊട്ട് ചിത്രം കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരേയും നൊമ്പരപ്പെടുത്തുന്നു.