നേരമ്പോക്കിന് ഒരു നല്ല നേരം', ഓം ശാന്തി ഓശാനയില്‍ മോഹന്‍ലാല്‍ തകര്‍ത്തു! - ഫിലിം റിവ്യു

ശനി, 8 ഫെബ്രുവരി 2014 (15:29 IST)
PRO
PRO
നേരമ്പോക്കിന് ഒരു നല്ല നേരം അഥവാ ഒരു ടെന്‍ഷന്‍ ഫ്രീ സിനിമ. ഓം ശാന്തി ഓശാനയെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. മോഹന്‍ലാല്‍ ഫാന്‍സിനു വേണമെങ്കില്‍ ഇതും ഒരു ലാല്‍ മാജിക് എന്ന് അവകാശപ്പെടുകയും ചെയ്യാം. വേണമെങ്കില്‍ മമ്മൂട്ടി ഫാന്‍സിനും! ഒരു പ്രേമകഥയെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചപ്പോളാണ് തട്ടത്തിന്‍ മറയത്ത് ഹിറ്റായതെങ്കില്‍ അതിന്റെ ഒരു ഫീമെയില്‍ വേര്‍ഷനാണ് ഈ ഓശാന. പരസ്യത്തില്‍ പറയുന്നതുപോലെ ഒരാണിനെ വളയ്ക്കാന്‍ ശ്രമിക്കുന്ന പെണ്ണിന്റെ കഥ. ഇതു നിങ്ങളെ തീര്‍ച്ചയായും ചിരിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ള ഒരു സിനിമയാണ്. ഒന്നുമല്ലാത്ത കാലത്ത് ഇട്ടേച്ചു പോയ കാമുകിക്ക് ഇപ്പോഴും സംവിധായകന്‍ സൂക്ഷിക്കുന്ന ഇഷ്ടം ഒരു നന്ദിയായി ഇട്ടാണ് പടം തുടങ്ങുന്നത്.

1983 കാലഘട്ടം. സിനിമ മാറിയതല്ല. ഈ സിനിമയിലെ രംഗമാണ്. ബൂട്ട് കട്ട് ഇട്ടുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന രണ്‍ജി പണിക്കരുടെ മത്തായി ഡോക്ടര്‍. അദ്ദേഹം തന്റെ ഭാര്യയുടെ പ്രസവവാര്‍ഡിന് മുന്നില്‍ ഉലാത്തുകയാണ്. വാതില്‍ തുറക്കുന്നു, നഴ്സ് വരുന്നു, ആണ്‍കുഞ്ഞ് ആണെന്ന് പറയുന്നു. ഇതുകേട്ട് പ്രെയ്സ് ദി ലോര്‍ഡ് എന്നു പറയുമ്പോള്‍ നഴ്സ് പറയുന്നു, തെറ്റിപ്പോയതാണ്, പെണ്‍കുട്ടിയാണ്. അങ്ങനെ ആണ്‍കുട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് ദൈവം മത്തായി ഡോക്ടര്‍ക്ക് നല്‍കിയ പെണ്‍കുട്ടിയാണ് പൂജാ മാത്യു(നസ്രിയ). അവള്‍ വളരുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം ആണ്‍കുട്ടിയെപ്പോലെയാണ്. മൊത്തം ഒരു ലാലിസം ഫീലാണ് പൂജയുടെ പാത്രസൃഷ്ടിക്ക്. മോഹന്‍ലാല്‍ പ്രത്യേകിച്ച് ആട് തോമ, പിന്നെ റാംബോ... ഇതൊക്കെയാണ് കക്ഷിയുടെ ഇഷ്ടകഥാപാത്രങ്ങള്‍.


അടുത്ത പേജില്‍: ഇത് ദൃശ്യത്തിന്റെ കഥ തന്നെ!


PRO
PRO
നായകന്‍ ഗിരി(നിവിന്‍ പോളി) ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദധാരിയും കമ്യൂണിസ്റ്റുമാണ്. സര്‍വോപരി ഒരു കര്‍ഷകന്‍. ഈ ഗിരിയെ, സംവിധായകന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കട്ടയ്ക്ക് പിടിക്കാന്‍’ കാരണം ആടു തോമയുടെ സ്വാധീനമാണ്. അതെ, പൊലീസുകാരനെ തല്ലിയ സാധാരണക്കാരനാണ് ഗിരിയും. ഇത് പൂജ അറിയുമ്പോള്‍ ബാക് ഗ്രൌണ്ടില്‍ ഉയരുന്ന സ്ഫടികത്തിന്റെ ശബ്ദരേഖ തീയേറ്ററില്‍ കൈയടി തീര്‍ക്കുന്നുണ്ട്. ഇവിടെയാണ് ലാല്‍ മാജിക് ഓം ശാന്തി ഓശാനയെയും രക്ഷിക്കുന്നത്.

ദൃശ്യത്തില്‍ സിനിമയിലൂടെ കഥ പറയുന്ന രീതി തന്നെയാണ് ഇവിടെയും മിഥുന്‍ മാനുവല്‍ തോമസ് എന്ന കഥാകൃത്ത് അവലംബിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് മിഥുനും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ചേര്‍ന്നാണ്. ഇതും രണ്ടുമാണ് ചിത്രത്തിന്റെ ജീവനും. ജൂഡിന്റെ ആദ്യ സംവിധാന സംരംഭം മോശമായില്ല. തീര്‍ച്ചയായും കഥ പറയാന്‍ അറിയാവുന്ന സംവിധായകന്‍.

അടുത്ത പേജില്‍: സ്ഫടികവും രാജമാണിക്യവും ഇപ്പോഴും ഹിറ്റാണ്

PRO
PRO
വാട്ടര്‍ തീം പാര്‍ക്കില്‍ വരുന്ന പെണ്‍കുട്ടികളുടെ ‘ചന്തിക്ക് പിടിക്കുന്ന ശംഭു അണ്ണനെ’ തല്ലിയപ്പോഴാണ് ഗിരിയെ പൂജ ആദ്യമായി കാണുന്നത്. അതും സ്കൂളിലെ ഒരു ‘ജിമ്മനും‘ പെണ്‍കുട്ടികളുടെ ആരാധനാപാത്രവുമായ യാര്‍ഡ്‌ലി അവറാനുമായി(ഹരികൃഷ്ണന്‍) പ്രണയത്തിലേക്ക് വഴുതാന്‍ തുടങ്ങുന്ന ഒരു നിര്‍ണായക അവസ്ഥയില്‍. ഇവിടെ നിന്ന് സിനിമയുടെ ട്വിസ്റ്റ് തുടങ്ങുന്നുവെന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ അങ്ങനെ ഒരു സാധനം ഈ സിനിമയിലില്ല.

1983-ല്‍ ക്രിക്കറ്റിനെ കൂട്ടുപിടിച്ച് കഥ പറഞ്ഞപ്പോള്‍, ഓം ശാന്തി ഓശാനയില്‍ സ്ഫടികം മുതല്‍ രാജമാണിക്യം വരെയുള്ള സിനിമാ കാലഘട്ടമാണ് കഥയില്‍ നിര്‍ണായകമാവുന്നത്. നിറം റിലീസിനെക്കുറിച്ച് പൂജ പറയുന്നത് കേള്‍ക്കുക, “അങ്ങനെ 1999 വന്നു. ആ വര്‍ഷമാണ് നിറം റിലീസായത്. എല്ലാവരും കുഞ്ചാക്കോ ബോബന്റെ മുഖത്ത് നോക്കിയിരുന്നപ്പോള്‍ ഞാന്‍ അടിയിലേക്കാണ് നോക്കിയത്”. പൂജ അങ്ങനെയാണ് സിബി‌ഇസഡ് ബൈക്ക് വാങ്ങുന്നത്. ഇതൊക്കെയാണ് ചിത്രത്തിന്റെ ഒരു പാറ്റേണ്‍. കുറച്ച് നൊസ്റ്റാള്‍ജിക് സാധനങ്ങളും ചിത്രത്തിലുണ്ട്. നമ്മുടെ ദൂരദര്‍ശനിലെ വാര്‍ത്തയും ശക്തിമാനും പ്രതികരണവും, കാസറ്റില്‍ നിന്ന് സിഡിയിലേക്കും ഇന്റര്‍നെറ്റിലേക്കുമുള്ള മാറ്റവും ഹാസ്യാത്മകമായി വരച്ചിട്ടിരിക്കുന്നു.

അടുത്ത പേജില്‍: ‘എല്ലാവര്‍ക്കും ഗിരിയേട്ടനെ അറിയാം’


PRO
PRO
രണ്‍ജി പണിക്കരുടെ മത്തായി ഡോക്ടര്‍ ഒരു ലാലു അലക്സ് കഥാപാത്രമാ‍ണ്. അതായത് കാലങ്ങളായി ലാലു അലക്സ് ചെയ്തു കൊണ്ടിരിക്കുന്ന അച്ഛന്‍ കഥാപാത്രം. മത്തായി ഡോക്ടറായി ലാലു അലക്സ് തിളങ്ങിയേനെ എന്നു തോന്നും ചില രംഗങ്ങളില്‍. ചോക്ലേറ്റിലെ റോമയുടെ കഥാപാത്രവുമായി സാദൃശ്യം തോന്നിയാല്‍ തികച്ചും യാദൃശ്ചികമെന്നും വിചാരിക്കുക. നസ്രിയയെക്കൊണ്ട് ഒരു ബോള്‍ഡ് കഥാപാത്രത്തെ വിജയിപ്പിച്ചു എന്നിടത്ത് കഥാപാത്രം സംവിധായകന്റെ വിജയമാകുന്നു.

വൈന്‍ ഉണ്ടാക്കുന്ന റേച്ചല്‍ ആന്റി(വിനയ പ്രസാദ്) പൂജയെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തിയാണ്. എങ്ങനെയെന്ന് അറിയാന്‍ പടം കാണുക. ചുരുക്കത്തില്‍ ഗിരിയെ പരിചയപ്പെട്ട് കഴിയുമ്പോള്‍ പൂജയ്ക്ക് മനസിലാവുന്ന കാര്യം അവളുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, “ഞാന്‍ ഒഴികെ എല്ലാവര്‍ക്കും ഗിരിയേട്ടനെ അറിയാം”.

അടുത്ത പേജില്‍: പിരിമുറക്കത്തിനിടെ ആശ്വാസം

PRO
PRO
പൂജയുടെ ബന്ധുവായ ഡേവിഡ് കാഞ്ഞാണി(അജു വര്‍ഗീസ്) പ്രേക്ഷകരെ ചിരിപ്പിച്ച് ഇരുത്തുന്ന കഥാപാത്രമാണ്. നമ്മുടെ നാട്ടിന്‍പുറത്ത് കാണുന്ന അത്യാവശ്യം ഉടായിപ്പുള്ള അച്ചായനായി അജു തിളങ്ങി. അതുപോലെ വിനീത് ശ്രീനിവാസന്റെ ഡോ. പ്രസാദ് വര്‍ക്കിയും ഒരു നിര്‍ണായക കഥാപാത്രമാണ്. അതുപോലെ സംവിധായകന്‍ ലാല്‍ ജോസും ശ്രദ്ധേയമായ രീതിയില്‍ അതിഥി വേഷം ഭംഗിയാക്കി.

പിരിമുറക്കത്തിനിടെ ആശ്വാസത്തിന് പരീക്ഷിക്കാവുന്ന ഒരു ചിത്രം മാത്രമായി കാണുക, അങ്ങനെയെങ്കില്‍ ഓം ശാന്തി ഓശാന നിങ്ങള്‍ക്കും ഇഷ്ടമാകും. ഷാന്‍ റഹ്മാന്റെ സംഗീതം, വിനോദ് ഇല്ലം‌പള്ളിയുടെ ഛായാഗ്രഹണവും ലിജോ പോളിന്റെ എഡിറ്റിംഗും ഒരുപോലെ ചേര്‍ന്നിരിക്കുന്നു. വേണമെങ്കില്‍ കൂട്ടുകാരുമൊത്ത് കട്ടക്ക് പിടിച്ചോ, പടം കണ്ട് അര്‍മാദിക്കാം.


വെബ്ദുനിയ വായിക്കുക