നാടോടി മന്നന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

വെള്ളി, 18 ഒക്‌ടോബര്‍ 2013 (16:47 IST)
PRO
‘സകുടുംബം ശ്യാമള’ എന്നൊരു സിനിമ കുറച്ചുകാലം മുമ്പ് അബദ്ധത്തില്‍ കാണാനിടയായി. ഇതിനെയൊക്കെ സിനിമയെന്ന് വിളിക്കാമോ എന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് ചോദിച്ചത്. എന്തായാലും അതേ ജനുസില്‍ പെട്ട മറ്റൊരു സൃഷ്ടി എന്ന മുന്‍‌വിധിയോടെ തന്നെയാണ് ‘നാടോടിമന്നന്‍’ കാണാന്‍ പോയത്. ആ മുന്‍‌വിധി അപ്പാടെ ശരിയായെന്ന് പറയുന്നതില്‍ ദുഃഖമുണ്ട്.

കൃഷ്ണ പൂജപ്പുര എന്ന എഴുത്തുകാരന് കേരളത്തിലെ രാഷ്ട്രീയ - ഭരണ സംവിധാനത്തേക്കുറിച്ച് ആവശ്യത്തിലധികം തെറ്റിദ്ധാരണയുണ്ടെന്ന് തോന്നുന്നു. കാരണം, രണ്ട് തല്ല് കിട്ടിയാല്‍ ഉണ്ടാകുന്ന സഹതാപ തരംഗത്തിലൂടെ ഒരാള്‍ വലിയ രാഷ്ട്രീയ നേതാവാകുന്ന കാലമൊക്കെ എന്നോ പൊയ്പ്പോയെന്ന കാര്യം അദ്ദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സകുടുംബം ശ്യാമളയിലെ നായിക മന്ത്രിയാകുന്നതു പോലെ, പെട്ടെന്നുണ്ടാകുന്ന ഒരു സംഭവത്തിലൂടെയാണ് നാടോടിമന്നനിലെ നായകകഥാപാത്രം പത്മനാഭനും മേയര്‍ പദവിയിലെത്തുന്നത്.

അത്രയും സില്ലിയായ ഒരു പ്ലോട്ടിന്‍റെ വാലായി ‘ലയണ്‍’ എന്ന മുന്‍ ദിലീപ് ചിത്രം കെട്ടിയിട്ടാല്‍ എങ്ങനെയിരിക്കും? അതാണ് നാടോടിമന്നന്‍ എന്ന സിനിമ!

അടുത്ത പേജില്‍ - ദിലീപും നിസഹായന്‍!

PRO
വലിയ രാഷ്ട്രീയക്കാരനായിരുന്ന അച്ഛന്‍റെ മകന്‍ പത്മനാഭന്‍(ദിലീപ്) ഇപ്പോള്‍ ജാഥയ്ക്ക് ആളെ സംഘടിപ്പിക്കുന്നവനാണ്. അവന് ജീവിക്കാന്‍ അങ്ങനെയൊരു ജോലി ചെയ്യേണ്ടിവന്നു. തിരുവനന്തപുരത്ത് ഒരു പരിപാടിയുമായി ബന്ധപ്പെട്ടെത്തിയ അവന് അവിടെ ഒരു സംഘര്‍ഷത്തില്‍ ഇടപെടേണ്ടിവരുന്നു. അത് അവന്‍റെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ്. വലിയ ജനപിന്തുണയോടെ അവന്‍ മേയറായി തെരഞ്ഞെടുക്കപ്പെടുന്നത് വഴിത്തിരിവ്.

ലയണ്‍, റണ്‍‌വേ തുടങ്ങിയ സിനിമകളില്‍ ദിലീപ് കാഴ്ച വച്ച അഭിനയത്തിന്‍റെ തുടര്‍ച്ച നാടോടിമന്നനില്‍ കാണാം. എന്നാല്‍ പതിവ് ദിലീപ് സിനിമകള്‍ പോലെ ആസ്വാദ്യകരമായ തമാശകള്‍ ഈ ചിത്രത്തില്‍ ഇല്ല. തമാശയ്ക്ക് വേണ്ടിയെന്നപോലെ സൃഷ്ടിച്ചിരിക്കുന്ന രംഗങ്ങളാകട്ടെ കല്ലുകടിയുണ്ടാക്കുകയും ചെയ്യുന്നു. എപ്പോഴും സിനിമയുടെ നിയന്ത്രണം ഏറ്റെടുത്ത് അടിച്ചുപൊളിക്കാറുള്ള ദിലീപ് നാടോടിമന്നനില്‍ ദുര്‍ബലമായ തിരക്കഥയുടെ നാലതിരുകളില്‍ ഒരുങ്ങി നിസഹായനായി നില്‍ക്കേണ്ടിവരുന്നത് പല മുഹൂര്‍ത്തങ്ങളിലും കാണാം.

അടുത്ത പേജില്‍ - അനന്യയുടെ അഭിനയം അസഹനീയം!

PRO
അര്‍ച്ചന കവി, മൈഥിലി, അനന്യ എന്നിവരാണ് നാടോടി മന്നനിലെ നായികാതാരങ്ങള്‍. അര്‍ച്ചനയും മൈഥിലിയും തങ്ങളുടെ കഥാപാത്രങ്ങളെ ഭേദപ്പെട്ട നിലയില്‍ അവതരിപ്പിച്ചു. ദിലീപ് കഴിഞ്ഞാല്‍ ഏറെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനന്യ പക്ഷേ സിനിമ മൊത്തത്തില്‍ ബോറാക്കി മാറ്റാന്‍ തന്നാലാവും വിധമൊക്കെ സംഭാവനകള്‍ നല്‍കി!

ഒരു പൊട്ടിപ്പെണ്ണിന്‍റെ നിഷ്കളങ്കവും ആകര്‍ഷണീയവുമായ മുഖം അനന്യയ്ക്കുണ്ടെന്ന് ‘എങ്കേയും എപ്പോതും’ എന്ന സിനിമയില്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതാണ്. എന്നാല്‍ ആ പൊട്ടിപ്പെണ്ണ് ഇമേജ് എത്ര അലോസരമായി പുനരവതരിപ്പിക്കാമെന്ന് നാടോടിമന്നന്‍ പരീക്ഷണം നടത്തുകയാണ്. അനന്യയുടെ അലറിവിളിക്കലുകള്‍ സഹിക്കാന്‍ വയ്യാതെ തിയേറ്ററില്‍ നിന്ന് ഓടിരക്ഷപ്പെട്ട ഭാഗ്യവാന്‍‌മാര്‍ അനവധി!

അടുത്ത പേജില്‍ - തിരക്കഥയാണ് വില്ലന്‍!

PRO
സായജി ഷിന്‍ഡെയാണ് നാടോടിമന്നനിലെ വില്ലന്‍. തമിഴ് ചിത്രങ്ങളിലൊക്കെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഒരു എക്സ്റ്റന്‍ഷനാണ് ഈ സിനിമയിലെ കഥാപാത്രവും. ഉച്ചത്തില്‍ അലറുന്ന വില്ലനെ ഈ ന്യൂജനറേഷന്‍ കാലത്തും അവതരിപ്പിക്കാന്‍ ധൈര്യം കാട്ടുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് നല്ല നമസ്കാരം.

സായജി ഷിന്‍ഡെയല്ല, കാലഹരണപ്പെട്ട തിരക്കഥയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വില്ലന്‍. കൃത്രിമഭാവമാണ് ഈ കഥയില്‍ മുഴച്ചുനില്‍ക്കുന്നത്. നല്ല കോമഡിച്ചിത്രങ്ങള്‍ തന്നിട്ടുള്ള വിജി തമ്പിക്ക് ഈ തിരക്കഥയുടെ വീഴ്ചകളെ ഗുണപരമായി മാറ്റിയെടുക്കാനായി ഒന്നും ചെയ്യാനായില്ല. കാണികളെ ചിരിപ്പിക്കാനുള്ള ബദ്ധപ്പെടലുകള്‍ സിനിമയിലുടനീളം കാണാം. അതെല്ലാം വിഫലമായിപ്പോകുന്നു എന്നുമാത്രം.

അടുത്ത പേജില്‍ - ഈ സിനിമയുടെ ലക്‍ഷ്യമെന്ത്?

PRO
സംഗീതം വിദ്യാസാഗറാണ് നിര്‍വഹിച്ചിരിക്കുന്നത്. ആ വിഭാഗവും നിരാശ നല്‍കുന്നത്. പശ്ചാത്തല സംഗീതത്തിന്‍റെ കാര്യവും അങ്ങനെ തന്നെ. സഞ്ജീവ് ശങ്കറിന്‍റെ ക്യാമറ കഥയുടെ സ്വഭാവത്തോട് നീതിപുലര്‍ത്തി.

‘ഫിലിംസ്റ്റാര്‍’ എന്നൊരു ദിലീപ് ചിത്രം 2011ല്‍ റിലീസായിരുന്നു. ആ സിനിമ കണ്ടപ്പോള്‍ തോന്നിയ അതേ അവസ്ഥ തന്നെയാണ് നാടോടിമന്നന്‍ കണ്ടപ്പോഴും ഉണ്ടായത്. എന്തിനാണ് ഇങ്ങനെയൊരു സിനിമ എന്ന് വിശദീകരിക്കാന്‍ സ്രഷ്ടാക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും.

വെബ്ദുനിയ വായിക്കുക