തിളക്കം കുറയാത്ത സ്വര്‍ണ്ണം

PROPRO
ദൌര്‍ഭാഗ്യം കൊണ്ടാകാം ചിലപ്പോള്‍ മികച്ച സ്ക്രിപ്റ്റും കഴിവുറ്റ താരങ്ങളും ഒക്കെ ഉണ്ടെങ്കിലും ചില ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ക്കിടയില്‍ പെട്ട് ശ്വാസം മുട്ടാന്‍ വിധിക്കപ്പെട്ട ചെറിയ ചിത്രങ്ങളുടെ വിധിയാണ് പുതിയ ചിത്രമായ സ്വര്‍ണ്ണത്തിനും. മഹത്തരം എന്ന് പറയാനാകില്ലെങ്കിലും മോശല്ലാത്ത ചിത്രം.

രണ്ടര മണിക്കൂര്‍ രസിക്കാനാണ് പണം മുടക്കുന്നത് എന്ന കാഴ്ചപ്പാടില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രം അത്യാഗ്രഹത്തിനും ജഡീക മോഹങ്ങള്‍ക്കും പിന്നാലെ പോകുമ്പോള്‍ ജീവിതം എങ്ങനെ ഖണ്ഡിക്കപ്പെടുന്നു എന്ന് പറയുന്നു. ഷിരുവാണി നദിയുടെ കരയിലെ ഗ്രാമവും അവിടുത്തെ വിശ്വാസങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.

പുഴ ഒഴുകിചേരുന്ന വെള്ളച്ചാട്ടത്തിനു അടിയില്‍ എവിടെയോ ഒരു സ്വര്‍ണ്ണനിധി ഒളിച്ചിരിക്കുന്നതായിട്ടാണ് വിശ്വാസം. ‘ചാവുകയം’ എന്ന് പേരിട്ടിരിക്കുന്ന ഇവിടേയ്‌ക്ക് നിധി തേടി പോയവരാരും മടങ്ങി വന്നിട്ടില്ല. ചാവ് കയത്തില്‍ പോയി പെട്ടെന്ന് ധനം സമ്പാദിക്കാനുള്ള ഒരു സാധാരണ ഗ്രാമീണന്‍റെ മോഹത്തില്‍ നിന്നും വിഭിന്നനല്ല ദിവാകരനും.

കരുത്തനും നിഷേധിയും ആരെയും കൂസാത്തവനും ധൈര്യശാലിയുമൊക്കെയായ ദിവാകരന്‍(കലാഭവന്‍ മണി) ഇക്കാര്യത്തില്‍ സുന്ദരിയും സ്നേഹ സമ്പന്നയുമായ ഭാര്യ രാധയേയും (പ്രവീണ) അനന്തിരവളെയും (നയന്‍ താര) ഒന്നും കൂസുന്നുമില്ല. എന്നാല്‍ അത്യാഗ്രഹം അവനെ നയിക്കുന്നത് ഒരിക്കലും തിരിച്ചു വരാനാകാത്ത സ്ഥിതിയിലുള്ള ഒരു കെണിയിലേക്കാണ്. അയ്യപ്പ ഭക്തനായ ദിവാകരന്‍ അവിടെ നിന്നും എങ്ങനെ കയറുന്നെന്ന് ചിത്രം പറയുന്നു.

PROPRD
കഥയുടെ ചരട് പൊട്ടാതെ തന്നെ ചിത്രത്തെ മുന്നോട്ട് നയിക്കുവാന്‍ കഥാകൃത്ത് സുരേഷ്ബാബുവിനു കഴിയുന്നുണ്ട്. എന്നിരുന്നാലും ജീവിതഗന്ധിയായ കഥകള്‍ സിനിമയാക്കുമ്പോള്‍ ഉണ്ടാകുന്ന ഇഴച്ചിലില്‍ നിന്നും മാറി നില്‍ക്കാന്‍ ചിത്രത്തിനാകുന്നില്ല. രണ്ടാം പകുതിയിലാണ് ഇതേറ്റവും കാണുന്നതും. ഭക്തിയും പ്രണയവും നാടകീയതയും ഒക്കെ കൂടിച്ചേര്‍ന്ന ചിത്രത്തിന് ഒടുവില്‍ പ്രേക്ഷകനു രസിക്കുന്ന തരത്തിലുള്ള ഒരു ക്ലൈമാക്‍സും ചിത്രത്തിനുണ്ട്.

ഹൃദയ ഹാരിയായ രംഗങ്ങളിലൂടെ പ്രേക്ഷകനെ നൊമ്പരപ്പെടുത്താനും ചിലപ്പോഴൊക്കെ പ്രേക്ഷകനെ ഉത്‌ക്കണ്ഠയിലേക്ക് കൂട്ടിക്കൊണ്ടു പോകുവാനും ചിത്രത്തിനു കഴിയുന്നുണ്ട്. ഒന്നാന്തരം താരങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ സമ്പത്ത്. ചെറിയ കഥയെ നന്നായി നിയന്ത്രിക്കാന്‍ സംവിധായകന്‍ വേണു ഗോപനായി.

സാലൂ ജോര്‍ജ്ജിന്‍റെ ഛായാഗ്രഹണവും മോശമാകുന്നില്ല. മികച്ച ഒരു സ്ക്രിപ്റ്റാണ് ചിത്രത്തിന്‍റെ മേന്‍‌മ. വലിച്ചു വാരി ചെയ്ത കുറെ ബോറന്‍ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം കലാഭവന്‍ മണി അഭിനയത്തിന്‍റെ വ്യത്യസ്ത തലങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നു. നിരവധി മസാലച്ചിത്രങ്ങള്‍ക്ക് ശേഷം അഭിനയിക്കാന്‍ ലഭിച്ചിരിക്കുന്ന അവസരം മണി നന്നായി പ്രയോജനപ്പെടുത്തിക്കുകയാണ്.

വളരെ കാലത്തിനു ശേഷം ബിഗ് സ്ക്രീനില്‍ എത്തുന്ന പ്രവീണയും ഒപ്പം നില്‍ക്കുന്ന പ്രകടനമാണ് നടത്തുന്നത്. ഉത്‌ക്കഠയും ബന്ധങ്ങളുടെ വൈകാരികതയും ആത്‌മ നൊമ്പരങ്ങളും നല്ല ബാലന്‍‌സില്‍ കൊണ്ടു പോകാന്‍ പ്രവീണയ്‌ക്ക് കഴിഞ്ഞു. മറ്റ് താരങ്ങളുടെ നിര ഏറ്റവും പ്രഗത്‌ഭരുടേതാണ്. ഷീല, മുരളി, ജഗതി, ഹരിശ്രീ അശോകന്‍, കെ പി എ സി ലളിത.