ഡാര്‍വിന്‍റെ പരിണാമം: അടിപൊളി സിനിമ, പൃഥ്വിരാജിന് വീണ്ടും മെഗാഹിറ്റ്, തിയേറ്ററുകളില്‍ ജനസമുദ്രം; യാത്രി ജെസെന്‍ എഴുതുന്ന നിരൂപണം

വെള്ളി, 18 മാര്‍ച്ച് 2016 (14:08 IST)
ബുദ്ധിപരമായി എങ്ങനെ ഒരു മാധ്യമത്തെ ഉപയോഗിക്കണം എന്ന് അറിയുന്നവര്‍ ആ മേഖലയില്‍ വിജയം വരിക്കാറുണ്ട്. അത് സ്വാഭാവികമാണ്. അങ്ങനെയെങ്കില്‍ പൃഥ്വിരാജിന്‍റെ വിജയം തികച്ചും സ്വാഭാവികമാണ്. കാരണം തന്‍റെ മാധ്യമത്തെ ഏറ്റവും ബുദ്ധിപരമായാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡാര്‍വിന്‍റെ പരിണാമം.
 
എന്ന് നിന്‍റെ മൊയ്തീന്‍, അനാര്‍ക്കലി, അമര്‍ അക്ബര്‍ അന്തോണി, പാവാട തുടങ്ങി തുടര്‍ച്ചയായ വിജയങ്ങളുടെ കണ്ണിയില്‍ പുതിയ ചേര്‍പ്പാണ് ഈ സിനിമ. ഒരു ഗംഭീര എന്‍റര്‍ടെയ്നറാണ് ഡാര്‍വിന്‍റെ പരിണാമം. ജിജോ ആന്‍റണി എന്ന താരതമ്യേന പുതുമുഖമായ സംവിധായകന്‍ അമ്പരപ്പിക്കുന്ന ക്രാഫ്റ്റുള്ള ഒരു സിനിമയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. പൃഥ്വിരാജിനൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ട് ചെമ്പന്‍ വിനോദ് ജോസും സ്കോര്‍ ചെയ്യുന്നു.

അടുത്ത പേജില്‍ - പൃഥ്വിരാജ് തന്നെയാണോ നായകന്‍?
അനില്‍ ആന്‍റോ എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ ഡാര്‍വിനെ അവതരിപ്പിക്കുന്നത് ചെമ്പനാണ്. പ്രേമത്തിലൂടെയും മഹേഷിന്‍റെ പ്രതികാരത്തിലൂടെയും തരംഗമായി മാറിയ സൌബിന്‍ ഷാഹിര്‍ ഒരു മഹേഷ് ബാബു ഫാനായാണ് ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൌബിന്‍റെ ഓരോ ചെറുചലനങ്ങള്‍ പോലും തിയേറ്ററില്‍ ചിരി പടര്‍ത്തുകയാണ്.
 
മനുഷ്യന്‍ വിചാരിക്കുന്നതെല്ലാം നടക്കണമെന്നില്ല. വിധി അനുസരിച്ചുള്ളതേ നടക്കൂ. ഡാര്‍വിന്‍റെ പരിണാമം ചര്‍ച്ച ചെയ്യുന്നതും ഈ വിഷയമാണ്. ഡാര്‍വിന്‍ എന്ന വ്യക്തിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ സബ്ജക്ട്. ഡാര്‍വിന്‍റെ മാറ്റത്തിന് അനില്‍ ആന്‍റോ എങ്ങനെ കാരണമാകുന്നു എന്ന് ചിത്രം പറയുന്നു. 
 
അടുത്ത പേജില്‍ - പൃഥ്വിരാജ് ഷോ!
ഒരു ചെറിയ കഥയില്‍ അതിഗംഭീരമായ സംവിധാനമികവോടെ ഒരുക്കിയിരിക്കുന്ന സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും. ചിത്രത്തിന്‍റെ ഒന്നാം പകുതി ത്രസിപ്പിക്കുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ഒരു കഥയെ അതീവഹൃദ്യമായി അവതരിപ്പിക്കുമ്പോള്‍ ഒരിക്കല്‍ കൂടി പൃഥ്വിരാജ് അടിച്ചുപൊളിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
 
കൊച്ചിയിലെ അവസാനവാക്ക് താനാണെന്ന് വിശ്വസിക്കുന്ന ഗുണ്ടയാണ് ഡാര്‍വിന്‍. അയാള്‍ അവിടെ വിഹരിക്കുകയാണ്. ഒരു സാധാരണക്കാരനായ അനില്‍ ആന്‍റോ നഗരത്തിലെത്തുന്നത് ഒരു ജോലിക്കാര്യവുമായി ബന്ധപ്പെട്ടാണ്. ഈ രണ്ട് കഥാപാത്രങ്ങളും ഒരു പ്രത്യേകസഹചര്യത്തില്‍ കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
 
അടുത്ത പേജില്‍ - ആമേന്‍ അല്ല ഡാര്‍വിന്‍റെ പരിണാമം!
പൃഥ്വിരാജിന്‍റെ ഭാര്യാകഥാപാത്രമായ അമലയെ ചാന്ദ്നി ശ്രീധരനാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രകടനമാണ് ചാന്ദ്നി കാഴ്ചവയ്ക്കുന്നത്.
 
അഭിനന്ദന്‍ രാമാനുജത്തിന്‍റെ ഛായാഗ്രഹണമാണ് അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു ഘടകം. ആമേന്‍ പോലുള്‍ല വലിയ ഹിറ്റുകളുടെ ക്യാമറാമാനാണ് അഭിനന്ദന്‍. കാഴ്ചയുടെ ഉത്സവമാക്കി ഡാര്‍വിന്‍റെ പരിണാമത്തെ മാറ്റാന്‍ അഭിനന്ദന് കഴിഞ്ഞിരിക്കുന്നു.
 
അടുത്ത പേജില്‍ - ക്ലൈമാക്സില്‍ എന്ത്?
ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ ഒരു നിമിഷം പോലും ബോറടിക്കാത്ത വിധത്തില്‍ ഒരുക്കിയ സംവിധായകന്‍ ജിജോ ആന്‍റണി ഭാവിയിലേക്കുള്ള മികച്ച പ്രതീക്ഷയാണ്. ആദ്യചിത്രമായ കൊന്തയും പൂണൂലും ശ്രദ്ധേയമായിരുന്നെങ്കിലും ഡാര്‍വിന്‍റെ പരിണാമത്തിലൂടെയാണ് ഒരു കൊമേഴ്സ്യല്‍ വിജയത്തിന്‍റെ ചേരുവകളുള്ള സിനിമാലോകത്തേക്ക് ജിജോ കടക്കുന്നത്.
 
നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു എന്‍റര്‍ടെയ്നറാണെങ്കിലും മികച്ച ഒരു കുടുംബകഥയും ചിത്രം പറയുന്നുണ്ട്. നല്ല ആക്ഷന്‍ രംഗങ്ങളും കാഴ്ചക്കാര്‍ക്ക് മുതല്‍ക്കൂട്ടാണ്.

വെബ്ദുനിയ വായിക്കുക