ഡബിള്‍സ് - ഇതെന്താണിത്? സിനിമ തന്നെയാണോ?

വെള്ളി, 15 ഏപ്രില്‍ 2011 (18:02 IST)
PRO
ട്രെയിന്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ സമയം 11.30. ചെന്നൈയില്‍ എത്തിയാല്‍ എന്‍റെ കൂട്ടുകാരി രോഹിണിയാണ്. അവള്‍ കാറുമായി വന്നു. അവളുടെ വീട്ടിലേക്ക് പോകും വഴി ഓഫീസിലേക്ക് വിളിച്ചു. ‘ചൈനാടൌണ്‍’ ഫസ്റ്റ് ഷോ ടിക്കറ്റ് ബ്ലോക്ക് ചെയ്തോ എന്നറിയുകയായിരുന്നു ലക്‍ഷ്യം. ഫോണ്‍ ആരും എടുത്തില്ല. പകരം എഡിറ്ററുടെ എസ് എം എസ് വന്നു - “യാത്രി എഴുതേണ്ടത് ഡബിള്‍സിനെക്കുറിച്ചാണ്”.

ഡബിള്‍സ് ‘ഈഗ’ തിയേറ്ററിലാണ്. രോഹിണിയും ഒപ്പം കൂടി. തിയേറ്ററില്‍ നല്ല തിരക്കായിരുന്നു. ഏപ്രില്‍ 14 ഇവിടെ തമിഴ് പുതുവര്‍ഷമാണ്. എല്ലാവര്‍ക്കും അവധി. ‘മലയാളികളെല്ലാം മമ്മൂട്ടിപ്പടത്തിനുണ്ടല്ലോ’ എന്നൊരു കമന്‍റ് പാസാക്കി തിയേറ്ററിനുള്ളിലേക്ക്. സോഹന്‍ സീനുലാല്‍ എന്നയാളാണ് ഡബിള്‍സിന്‍റെ സംവിധായകന്‍. തിരക്കഥ ‘സച്ചി - സേതു’ ടീമിന്‍റേതാണ്.

സിനിമ കഴിഞ്ഞ് വേഗം പുറത്തിറങ്ങി. ‘ഈഗ’യ്ക്കു പുറത്തുള്ള റസ്റ്റോറന്‍റിലെത്തി. രണ്ട് ഹോട്ട് കോഫി പറഞ്ഞു. അതുവരെ ഞങ്ങള്‍ പരസ്പരം മിണ്ടിയില്ല. കോഫി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ രോഹിണിയെ നോക്കി. അവള്‍ എന്‍റെ മുഖത്തു നോക്കിയിരിപ്പാണ്. ഞങ്ങള്‍ കോഫി കപ്പ് ടേബിളില്‍ വച്ചു. എന്നിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു. ആവുന്നത്രയുറക്കെ. റസ്റ്റോറന്‍റില്‍ ഉള്ളവര്‍ അമ്പരപ്പോടെയാണ് ഞങ്ങളെ നോക്കിയത്.

ഡബിള്‍സ് എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഇതാണ് - നിങ്ങള്‍ ആത്‌മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നിരിക്കട്ടെ. തല്‍ക്കാലം അത് മാറ്റിവച്ച് ‘ഡബിള്‍സ്’ കാണുക. രണ്ടും ഒരേ അനുഭവം തന്നെ!

അടുത്ത പേജില്‍ - ഇതെന്താണിത്? സിനിമ തന്നെയാണോ?

PRO
പോണ്ടിച്ചേരിയാണ് ഡബിള്‍സിന്‍റെ കഥയുടെ പശ്ചാത്തലം. ഗിരി, ഗൌരി എന്നീ രണ്ട് ഇരട്ടക്കുട്ടികള്‍. അവരുടെ ബര്‍ത്ത്‌ഡേ ആഘോഷം. അതിനു ശേഷം അച്ഛനും അമ്മയുമൊത്ത്(അച്ഛനെ മനസിലായില്ല. അമ്മ ഗീതാ വിജയനാണ്) അവര്‍ ഒരു കാറില്‍ പുറത്തേക്ക് പോകുന്നു. വഴിയില്‍ വച്ച് കാര്‍ അപകടത്തില്‍ പെടുന്നു. ആരും രക്ഷപ്പെടുത്താനില്ലാതെ അച്ഛനും അമ്മയും മരിക്കുന്നു. ഗിരിയെയും ഗൌരിയെയും പിയറി സായ്പ്പ്(വൈ ജി മഹേന്ദ്ര) കൂട്ടിക്കൊണ്ടു പോകുന്നു. പിയറിയുടെ രണ്ട് മക്കള്‍ ഉണ്ട്, അവര്‍ക്കൊപ്പം വളര്‍ത്തുന്നു.

ഇത് കഥയുടെ തുടക്കം. ഈ ഗിരിയും ഗൌരിയും ഇന്ന് ഒരു ആക്സിഡന്‍റ് റസ്ക്യൂ യൂണിറ്റ് നടത്തുകയാണ്. പോണ്ടിച്ചേരിയിലെവിടെ ആക്സിഡന്‍റ് നടന്നാലും ഇവരുടെ യൂണിറ്റ് പാഞ്ഞെത്തും. എല്ലാവരെയും ഒരു പോറല്‍ പോലുമില്ലാതെ രക്ഷപ്പെടുത്തും. അപകടത്തില്‍ പെട്ടാല്‍ സഹായം ലഭിക്കാത്തതിന്‍റെ പേരില്‍ ആരും മരണത്തിന് കീഴടങ്ങരുത്. ഇതാണ് ഗിരിയുടെയും ഗൌരിയുടെയും നയം.

ഇവരുടെ ഇന്‍‌ട്രൊഡക്ഷനാണ് തകര്‍പ്പന്‍. ഒരു വലിയ കൊക്കയിലേക്ക് ഒരു കാര്‍ മറിയുന്നു. ഒരു കുട്ടി ഫോണില്‍ വിളിച്ച് ഗിരിയുടെ ഓഫീസില്‍ വിവരമറിയിക്കുന്നു. ക്രെയിനും ആം‌ബുലന്‍സും സര്‍വ സന്നാഹങ്ങളുമായി ഉടന്‍ വരികയാണ് അവര്‍. അവര്‍ എന്നുപറഞ്ഞാല്‍ സൈജു കുറുപ്പ്, അനൂപ് ചന്ദ്രന്‍, ബിജുക്കുട്ടന്‍ എന്നിവരും പിന്നെ നമ്മുടെ ഗൌരിയും ഗിരിയും. കാറില്‍ നിന്ന് ഗൌരി(നദിയാ മൊയ്തു) ഇറങ്ങുന്നു. രക്ഷപ്പെടുത്താനുള്ള വടം ക്രെയിനില്‍ നിന്ന് കൊക്കയിലേക്ക് എറിയുന്നു. അതില്‍ തൂങ്ങിയിറങ്ങുമ്പോഴാണ് നമ്മുടെ നായകനെ, ഗിരി(മമ്മൂട്ടി)യെ നമുക്ക് കാണാനാകുന്നത്. കയറില്‍ തൂങ്ങി, നല്ല ഗ്ലാമറില്‍ പത്തുപതിനായിരം അടി താഴേക്ക് ഈസിയായി തൂങ്ങിയിറങ്ങിപ്പോയി! പിന്നാലെ പെങ്ങളും. സത്യം പറയാമല്ലോ, മമ്മൂട്ടി ആരാധകര്‍ക്കുപോലും കൈയടിക്കാന്‍ തോന്നിയിട്ടുണ്ടാവില്ല. ഈ കൊമേഴ്സ്യല്‍ ഇന്‍‌ട്രൊഡക്ഷന്‍റെ മടുപ്പ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും മലയാളികളെ വിട്ടൊഴിയുന്നില്ലല്ലോ!

എത്ര ആലോചിച്ചിട്ടും മനസിലാകാത്ത ഒരു കാര്യമുണ്ട്. മഹാനടനായ മമ്മൂട്ടിയോട് ഡബിള്‍സിന്‍റെ സ്രഷ്ടാക്കള്‍ കഥ പറയാന്‍ ചെന്ന ഒരു സന്ദര്‍ഭം ഉണ്ടായിരിക്കുമല്ലോ. എന്തുകഥയായിരിക്കും അവര്‍ മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ടാവുക? ഈ കഥ തന്നെയാണെങ്കില്‍ അത്ഭുതം ഇരട്ടിക്കുകയാണ്. ഇത്രയും വലിയൊരു അപകടത്തിന് മമ്മൂട്ടി എന്തിനാണ് അറിഞ്ഞുകൊണ്ട് തലവയ്ക്കുന്നത്?. ചില കാര്യങ്ങള്‍ക്കൊന്നും ഒരിക്കലും ഉത്തരം ലഭിക്കില്ല. ഇതും അത്തരത്തിലൊന്നാണെന്ന് തോന്നുന്നു.

അടുത്ത പേജില്‍ - ഇനി കഥ പറയാം, അങ്ങനെയൊന്നില്ലെങ്കിലും!

PRO
(ഈ കഥ കേട്ടിട്ട് വായനക്കാര്‍ക്ക് ഒന്നും മനസിലായില്ല എന്നു തോന്നുന്നു എങ്കില്‍ അതിന്‌ എന്നെ പഴിക്കരുത്. എനിക്ക് കഴിയാവുന്ന രീതിയില്‍ മനസിലാക്കി തരാന്‍ ഞാന്‍ ശ്രമിക്കുകയാണ്. സിനിമ കഴിഞ്ഞ് വളരെ നേരം കഴിഞ്ഞാണ് എനിക്കും കഥയുടെ പല ഭാഗങ്ങളും മനസിലായത്. അതിന് രോഹിണിയുടെ സഹായവും വേണ്ടിവന്നു.)

പിയറി സായ്പ്പ് ഗിരിയെയും ഗൌരിയെയും ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞല്ലോ. അതില്‍ മിഷേലുമായി(പഴയ തമിഴ് നായകന്‍ സുരേഷ്) ഗൌരി പ്രണയത്തിലായി. അവരുടെ വിവാഹം തീരുമാനിച്ചതാണ്. പക്ഷേ മിഷേല്‍ ഒരു കേസില്‍ പെട്ടു. അതോടെ ഗിരി ഈ വിവാഹത്തിനെതിരായി. വിവാഹം മുടങ്ങി. മിഷേല്‍ ഗിരിയുടെ കണ്ണിലെ കരടുമായി.

ഗിരിയും ഗൌരിയും ഇനി ഒരു വിവാഹമേ വേണ്ട എന്ന തീരുമാനമെടുത്തിരിക്കുകയാണ്. നമുക്കിടയില്‍ മറ്റൊരാള്‍ കടന്നുവന്നാല്‍ പരസ്പരസ്നേഹം പോകും പോലും! (ദൈവമേ..നിലവിളിക്കാന്‍ തോന്നി. ഈ തിരക്കഥാകൃത്തുക്കള്‍ ഏതു കാലത്താണാവോ ജീവിക്കുന്നത്). എന്നാല്‍ വിവാഹം വേണ്ടെന്ന് തീരുമാനമെടുത്തവര്‍ ആ സ്റ്റാന്‍ഡില്‍ ഉറച്ചുനില്‍ക്കണ്ടേ? മിഷേലിനെ കണ്ടാല്‍ പിന്നെ ഗൌരിക്കൊരു നെടുവീര്‍പ്പാണ്. ആകെയൊരു തരിപ്പ്. ഗിരിയോ? ആക്സിഡന്‍റില്‍ പെട്ടൊരു പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ച ശേഷം(ആ കുട്ടിയാണത്രേ നായിക - തപസി) അവളെ ശരിക്കൊന്നു കാണാന്‍ മമ്മൂട്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍, ഹൊ!. മമ്മൂട്ടിക്ക് ഇത് പ്രായം അമ്പതിനു മുകളിലാണെന്ന കാര്യം സംവിധായകനും തിരക്കഥാകൃത്തും ഇടയ്ക്കിടെ മറന്നുപോകുന്നു.

കഥയാണല്ലോ പറഞ്ഞുവന്നത്. വിവാഹം വേണ്ടെന്നുവച്ച് ‘ഡബിള്‍സ്’ അങ്ങനെ കഴിഞ്ഞുകൂടുമ്പോഴാണ് ഒരു കാര്‍ ആക്സിഡന്‍റില്‍ പെട്ട സൈറാബാനു(തപസി) എന്ന പെണ്‍കുട്ടിയെ(പര്‍ദയാണ് വേഷം) ഗിരിക്കും ഗൌരിക്കും ലഭിക്കുന്നത്. ആക്സിഡന്‍റില്‍ ഡ്രൈവര്‍ മരിക്കുന്നു. അത് ഒരു കൊലപാതകമാണെന്ന് ഗിരി കണ്ടെത്തുന്നു. ആരുമില്ലാത്ത അവളെ തങ്ങളുടെ കൂടെ വീട്ടില്‍ നിര്‍ത്താന്‍ ഗിരിയും ഗൌരിയും തീരുമാനിക്കുന്നു. അവളാണെങ്കില്‍ പര്‍ദ മാത്രമേ ധരിക്കൂ. ആ മുഖം ഒന്നു കാണാന്‍ മമ്മൂട്ടിയും ബിജുക്കുട്ടനും സൈജു കുറുപ്പും അനൂപ് ചന്ദ്രനുമൊക്കെ ശ്രമിക്കുന്നു. കഴിയുന്നില്ല. അതിന്‍റെ ചില നാടകങ്ങള്‍. കോണി വച്ച് കയറലും അബദ്ധങ്ങള്‍ പിണയലുമൊക്കെ കോമഡി എന്ന പേരില്‍ കാണിച്ചുകൂട്ടുന്നു. (സോഹന്‍ സീനുലാലിന് മലയാളസിനിമ അധികം കണ്ട് പരിചയമുണ്ടെന്ന് തോന്നുന്നില്ല. മലയാളിത്തം തൊട്ടുതെറിച്ചിട്ടില്ലാത്ത കഥ. മലയാളത്തില്‍ ഇതിനുമുമ്പ് ഇത്രയും ബോറായ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടെന്ന് എന്‍റെ ഓര്‍മ്മയില്‍ കണ്ടെത്താനാവുന്നില്ല.)

സൈറാബാനുവിന് കുറച്ച് ദുരൂഹതകളൊക്കെയുള്ള കുട്ടിയാണ്. അവളെ ആരൊക്കെയോ പിന്തുടരുന്നു. ഈ ആക്സിഡന്‍റ് പ്ലാന്‍ ചെയ്തതിന് പിന്നില്‍ മിഷേലാണെന്ന് ഗിരിക്ക് ബോധ്യമാകുന്നു. ഗിരി പൊലീസ് പിടിയിലാകുന്നു. (സിനിമയിലെ പൊലീസുകാരന്‍ സലീം കുമാറാണ്. ‘മയ്യഴി’ എന്നാണ് കക്ഷിയുടെ പേര്. എല്ലാ വിധ അന്വേഷണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഇയാളാണ്. പക്ഷേ, പൊലീസുകാരന് ഗിരി പറയുന്നതാണ് വേദവാക്യം. ഇത് കൊലപാതകമാണെന്ന് ഗിരി പറഞ്ഞാല്‍ കൊലപാതകം, ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ ആത്മഹത്യ). മിഷേലിനെ ഗിരി ബോധപൂര്‍വം കുടുക്കിയതാണെന്ന് ഗൌരി സംശയിക്കുന്നു. ഗിരിയും സൈറാബാനുവും തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന് തെറ്റിദ്ധരിക്കുന്ന ഗൌരി ബഹളമുണ്ടാക്കുന്നു. ഗിരിയെ ഉപേക്ഷിച്ച് ഗൌരി മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കുകയാണ്. ബിജുക്കുട്ടന്‍ ഇത്യാദികളും ഗൌരിയോടൊപ്പം പോകുന്നു. ഗിരി ഒറ്റപ്പെടുന്നു. ഒറ്റപ്പെടുന്നു എന്നു പറയാനാവില്ല, സൈറാബാനു എന്നൊരുവള്‍ കൂടെയുണ്ടല്ലോ!

ഇത്രയും പറഞ്ഞപ്പോള്‍ കഥ എന്തെങ്കിലും മനസിലായോ? മനസിലായെന്നു പറഞ്ഞാല്‍ വരട്ടെ, ഇതൊന്നുമല്ല കഥ. അത് ആഴക്കടല്‍ പോലെയോ നീലാകാശം പോലെയോ പരന്നു കിടക്കുകയല്ലേ. സൈറാബാനു ആക്സിഡന്‍റാകുമ്പോള്‍ അവളുടെ കൈവശം ഒരു അമ്പതുലക്ഷം രൂപയുണ്ടായിരുന്നുവത്രേ. അതിപ്പോള്‍ കാണാനില്ല. മമ്മൂട്ടിയുടെ സംഘത്തിലെ ആരോ പണം അപഹരിച്ചെന്നാണ് ആരോപണം. അത് ആവശ്യപ്പെട്ട് ഒരു ഡാനിയും ഗുണ്ടകളും അവളുടെ പിന്നാലെയുണ്ട്. പണം കൊടുക്കാമെന്ന് മമ്മൂട്ടി. അതിനിടയില്‍ ആനന്ദ് രാജ് അവതരിപ്പിക്കുന്ന പഠാന്‍ എന്ന വില്ലന്‍. പിന്നെ, മിഷേലിന്‍റെ അളിയന്‍ ലിയോ(ആ നടന്‍റെ പേരറിയില്ല) എന്ന മറ്റൊരു വില്ലന്‍. ഇവര്‍ക്കൊക്കെ പണം വേണം. കുഴല്‍പ്പണമാണ്. അതിനുവേണ്ടി ചില നാടകങ്ങള്‍.

ഒടുവില്‍ പരിശുദ്ധനായ മിഷേലിനെ ലിയോ അടിച്ചുവീഴ്ത്തുന്നു. അതിന്‍റെ കുറ്റവും ഗിരിക്ക്. ഒടുവില്‍ മിഷേലിനെയും ഗൌരിയെയും കൊല്ലാനായി ലിയോ ഒരു കുന്നിന്‍ മുകളിലേക്ക് കൊണ്ടുപോകുന്നു. മമ്മൂട്ടി അവിടെയെത്തുന്നു. അടി, തിരിച്ചടി. ഒടുവില്‍ എല്ലാം ശുഭം.

(കഥ പറഞ്ഞു ഞാന്‍ തളര്‍ന്നു. ഈ കഥ ഇതിലും ലളിതമായി പറഞ്ഞുതരാന്‍ എനിക്കറിയില്ല. മനസിലാകാത്ത വായനക്കാര്‍ ക്ഷമിക്കുക.)

അടുത്ത പേജില്‍ - തോന്നുന്നത് സഹതാപം മാത്രം

PRO
‘കഥകള്‍ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിലുണ്ട്. അത് കണ്ടെത്താനുള്ള കണ്ണുകളാണ് വേണ്ടത്’ - പറഞ്ഞത് അനശ്വരനായ ലോഹിതദാസാണ്. ഡബിള്‍സിന്‍റെ കഥ നമ്മുടെ ഇടയിലുള്ളതല്ല. അത് സിനിമയ്ക്ക് വേണ്ടി സൃഷ്ടിച്ചതാണ്. ഈ കഥ പ്രേക്ഷകന് എത്ര അന്യമാണോ, അത്രയും അന്യമാകുന്നു ഈ സിനിമയും. രസിക്കാന്‍ പറ്റിയ ഒരു മുഹൂര്‍ത്തം, കൂടുതലൊന്നും വേണ്ട, ഒരു അവസരം പോലും സംവിധായകന്‍ നല്‍കുന്നില്ല. ഇത് സിനിമയല്ല, സിനിമയെന്ന കലാരൂപത്തിന് കളങ്കം ചാര്‍ത്താന്‍ രൂപപ്പെടുത്തിയ മറ്റെന്തോ ആണ്. മമ്മൂട്ടി, നദിയാമൊയ്തു തുടങ്ങിയ അനുഗ്രഹീത പ്രതിഭകളെ കഥാപാത്രങ്ങളാക്കി മാറ്റാനുള്ള ശ്രമം സംവിധായകന്‍ നടത്തിയിട്ടില്ല. മമ്മൂട്ടി മമ്മൂട്ടിയായും നദിയ നദിയയായും സുരാജ് സുരാജായും നില്‍ക്കുന്നു. ഇവിടെ കഥയെന്ത്? സിനിമയെന്ത്?

ബിജുക്കുട്ടനെയും സുരാജിനെയുമാണ് കോമഡി ഡിപ്പാര്‍ട്ടുമെന്‍റ് ഏല്‍പ്പിച്ചിരിക്കുന്നത്. ബിജുക്കുട്ടന്‍ ഏറെയൊക്കെ വിജയിച്ചു എന്നു പറയട്ടെ. എന്നാല്‍ സുരാജ് അവതരിപ്പിക്കുന്ന കേസില്ലാ വക്കീല്‍ നിരാശ മാത്രമാണ് നല്‍കുന്നത്. പഴയ നമ്പരുകള്‍ ആവര്‍ത്തിച്ച് വിരസത സൃഷ്ടിക്കുകയാണ് സുരാജ്. ചില കോമഡികളൊക്കെ കണ്ടാല്‍ സഹതാപം തോന്നും. നദിയാമൊയ്തുവിന്‍റെ ‘വിം’ പ്രയോഗമാണ് എടുത്തുപറയേണ്ടത്. വിം കണ്ടുപിടിച്ച കാലം മുതല്‍ ഇത് മലയാള സിനിമയില്‍ കടന്നു കൂടിയതാണ്.

ഇരട്ടസഹോദരങ്ങളുടെ സെന്‍റിമെന്‍റ്സ് എന്നൊക്കെ പറഞ്ഞാണല്ലോ പ്രേക്ഷകരെ തിയേറ്ററില്‍ കയറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. ഈ സിനിമയിലെ സെന്‍റിമെന്‍റ്സ് രംഗങ്ങള്‍ ഓര്‍ത്താണ് ഞാനും രോഹിണിയും റസ്റ്റോറന്‍റിലെത്തി പൊട്ടിച്ചിരിച്ചത്. മനസിനെ സ്പര്‍ശിക്കുന്ന ഒരു ഡയലോഗെഴുതാന്‍ സച്ചിയും സേതുവും ഏതെങ്കിലും നല്ല എഴുത്തുകാരന് ശിഷ്യപ്പെടേണ്ടിയിരിക്കുന്നു.

അടുത്ത പേജില്‍ - ഇനി അഭിനയപ്രകടനങ്ങളുടെ കാര്യം

PRO
മമ്മൂട്ടി, നദിയ എന്നിവരുടെ അഭിനയത്തെക്കുറിച്ചാണല്ലോ ആദ്യം പറയേണ്ടത്. നദിയ കഥാപാത്രമായി മാറാനുള്ള ചില ശ്രമങ്ങളൊക്കെ കാഴ്ച വച്ചിട്ടുണ്ട്. അത്രയെങ്കിലും ആശ്വാസം. മമ്മൂട്ടിക്ക് പ്രത്യേകിച്ച് കഷ്ടപ്പാടൊന്നുമില്ല. അദ്ദേഹത്തിന് വെല്ലുവിളിയുയര്‍ത്താന്‍ മാത്രമുള്ള രംഗങ്ങളൊന്നും പടത്തിലില്ലല്ലോ.

പിന്നെ നായിക തപസി. അവര്‍ക്ക് ഒരു ഭാവമേയുള്ളൂ, ഒരു മിണ്ടാപ്പൂച്ച. മിക്കനേരവും കണ്ണീരൊഴുക്കി ഒരു ഇരിപ്പാണ്. മമ്മൂട്ടിക്ക് പേരിനൊരു നായിക. വില്ലനായി വന്ന ആനന്ദ് രാജിന്‍റെയും ഏറെക്കാലത്തിന് ശേഷമെത്തുന്ന സുരേഷിന്‍റെയുമൊക്കെ അഭിനയം കണ്ടാല്‍ ചിരിക്കണോ കരയണോ എന്നറിയാതെ ബുദ്ധിമുട്ടും. വൈ ജി മഹേന്ദ്രനും ഒന്നും ചെയ്യാനില്ല.

ഇടിവെട്ടിയവന്‍റെ തലയില്‍ പാമ്പുകടിച്ചു എന്ന് പറയുന്നതു പോലെ കിരണ്‍ അവതരിപ്പിക്കുന്ന ഒരു ഐറ്റം ഡാന്‍സുമുണ്ട് ചിത്രത്തില്‍. എന്തിനാണാവോ? ഈ സിനിമ കണ്ടിട്ട് എന്തെങ്കിലും ഒരു ലാഭമിരിക്കട്ടെ എന്ന് സംവിധായകന്‍ കരുതിയിട്ടുണ്ടാകും. പാട്ടുകള്‍ ഒന്നും നല്ലതല്ല. സുബ്രഹ്‌മണ്യപുരം ഫെയിം ജയിംസ് വസന്തനാണ് സംഗീത സംവിധായകന്‍.

പി സുകുമാറിന്‍റെ ക്യാമറാവര്‍ക്ക് മോശമല്ല. അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലന്നേ. ആകെ കണ്‍ഫ്യൂഷനാക്കിക്കളഞ്ഞില്ലേ. പക്ഷേ എഡിറ്റിംഗ് ശ്രദ്ധിച്ചു. മമ്മൂട്ടിയുടെ കണ്ണും മൂക്കുമൊക്കെ ചെറിയ സ്ക്വയര്‍ ബോക്സുകളില്‍ എടുത്തെടുത്ത് കാണിക്കുന്ന വിദ്യയൊക്കെ പ്രയോഗിച്ചിട്ടുണ്ട്. വി സാജന്‍ എന്നൊരാളാണ് എഡിറ്റര്‍. ഇതൊക്കെ എന്താണെന്‍റെ തമ്പുരാനേ? ഇതിനും മാത്രം എന്ത് പാപമാണ് മലയാള സിനിമാ പ്രേക്ഷകര്‍ ചെയ്തിട്ടുള്ളത്?

ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വിളിച്ചു. ചൈനാ ടൌണ്‍ കുഴപ്പമില്ലാതെ കണ്ടിരിക്കാവുന്ന സിനിമയാണത്രേ. അതൊരു ആശ്വാസം. അല്ലെങ്കില്‍ ആറ്റംബോംബ് വീണതിനു പിന്നാലെ സുനാമി അടിച്ച അവസ്ഥയിയിപ്പോകുമായിരുന്നു പാവം സിനിമാസ്വാദകര്‍.

വാല്‍ക്കഷണം: ക്ലൈമാക്സില്‍ കൊക്കയിലേക്ക് തെറിച്ചുവീഴുന്ന നദിയാമൊയ്തുവിനെ മമ്മൂട്ടി ചാടിപ്പിടിച്ച് രക്ഷപ്പെടുത്തുന്ന ഒരു രംഗമുണ്ട്. തമിഴിലെ രജനീകാന്തോ ഇളയദളപതിയോ ഒന്നുമല്ലെന്ന് ആ ഒരൊറ്റ രംഗത്തില്‍ മനസിലാകും. മെഗാസ്റ്റാര്‍ വാഴ്ക!

വെബ്ദുനിയ വായിക്കുക