ജവാന്‍ ഓഫ് വെള്ളിമല - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

വെള്ളി, 19 ഒക്‌ടോബര്‍ 2012 (20:32 IST)
PRO
ചാള്‍സ് ബോണെ സിന്‍ഡ്രോം(Charles Bonnet syndrome) അഥവാ സി ബി എസ്. ‘കാഴ്ചാഭ്രമം’ എന്ന് പറയാം. ഇല്ലാത്തതൊക്കെ കാണുക. അവ്യക്തരൂപങ്ങളെ കാണുക. ഇതൊക്കെ തന്നെ സംഗതി. 1760ല്‍ ചാള്‍സ് ബോണെയാണ് ഈ അപൂര്‍വ രോഗം കണ്ടെത്തിയത്.

ഈ രോഗം ഇല്ലാത്തവര്‍ക്കും ഒരു കാഴ്ചാഭ്രമം ഉണ്ടാക്കുന്ന സിനിമയാണ് ‘ജവാന്‍ ഓഫ് വെള്ളിമല’. മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച സിനിമ. ലാല്‍ ജോസിന്‍റെ പ്രിയശിഷ്യന്‍ അനൂപ് കണ്ണന്‍റെ ആദ്യ സൃഷ്ടി. കോരിച്ചൊരിയുന്ന മഴയത്ത് ചെന്നൈയിലാണ് ഞാന്‍. പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയിലായിട്ടും, കാര്‍ തനിയെ ഡ്രൈവ് ചെയ്തുപോയി പടം കണ്ടു. നിരാശ തോന്നി.

ഒരു നല്ല വിഭവമല്ല തന്‍റെ ആദ്യ നിര്‍മ്മാണ സംരംഭത്തിലൂടെ മമ്മൂട്ടി വിളമ്പിയിരിക്കുന്നത്. വ്യത്യസ്തമായ ഒരു പ്രമേയം പറയാന്‍ ശ്രമിച്ചെങ്കിലും ബലമില്ലാത്തതും മനസിനെ തീര്‍ത്തും സ്പര്‍ശിക്കാത്തതുമായ ഒരു തിരക്കഥയിലൂടെ ആ ശ്രമം പരാജയപ്പെടുകയാണ്. ജയിംസ് ആല്‍ബര്‍ട്ടാണ് തിരക്കഥ. ക്ലാസ്മേറ്റ്സ്, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ സിനിമകള്‍ എഴുതിയ ആള്‍. പക്ഷേ, ജവാന്‍ ഓഫ് വെള്ളിമലയില്‍ കണക്കുകൂട്ടലുകള്‍ അണക്കെട്ട് പൊട്ടുന്നതുപോലെ പൊട്ടി.

കഥയിലേക്ക് ഫോക്കസ് ചെയ്യാനായില്ല എന്നതാണ് സംവിധായകനും തിരക്കഥാകൃത്തിനും സംഭവിച്ച പിഴവ്. കാടും പടലും തല്ലി പ്രധാന കഥയിലേക്ക് വന്നപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി. എനിക്ക് ഒരു നല്ല മുഹൂര്‍ത്തം പോലും ഈ സിനിമയില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എന്‍റെ കണ്ണുകളെയും ചാള്‍സ് ബോണെ സിന്‍ഡ്രോം ബാധിച്ചുവോ? ചില അവ്യക്ത രൂപങ്ങളല്ലാതെ, സിനിമ കണ്ട് മണിക്കൂറുകള്‍ക്കകം വെള്ളിമലയിലെ ജവാന്‍ കണ്ണില്‍ നിന്നും മനസില്‍ നിന്നും മാഞ്ഞുപോയിരിക്കുന്നു!

അടുത്ത പേജില്‍ - ഇവിടം സ്വര്‍ഗമാണ് !

PRO
നിര്‍മ്മാണവും വിതരണവും മമ്മൂട്ടിയുടെ ‘പ്ലേ ഹൌസ്’ എന്നെഴുത്തിക്കാണിച്ചപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കൈയടിയായിരുന്നു. എന്നാല്‍ പടം കഴിഞ്ഞിറങ്ങിയപ്പോള്‍ പ്രതികരണ ശേഷി പോലും നഷ്ടപ്പെട്ട പ്രേക്ഷകരെയാണ് കാണാനായത്. മമ്മൂട്ടിയുടെ ഒരു നല്ല സിനിമ കാണാന്‍, ഒരു നല്ല പ്രകടനം കാണാന്‍ കഴിഞ്ഞ പത്തുസിനിമകളായി കാത്തിരിക്കുന്ന പ്രേക്ഷകരെ ഇപ്പോഴും നിരാശ വിട്ടൊഴിയുന്നില്ല. ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ ബൈക്കില്‍ പറന്നെത്തുന്നതാണ് മമ്മൂട്ടിയുടെ ഇന്‍‌ഡ്രൊഡക്ഷന്‍. ആവേശപൂര്‍വം കയ്യടിച്ചവര്‍ പിന്നീട് വെള്ളിമലയിലെ മഴയേറ്റാവണം തണുത്തുവിറങ്ങലിച്ചുപോയി.

പടത്തിന്‍റെ മുക്കാല്‍ ഭാഗത്തും നല്ല മഴയാണ്. പിന്നെ രാത്രിയും. നല്ല വിഷ്വല്‍ സാധ്യതയുള്ള പശ്ചാത്തലവും. സതീഷ് കുറുപ്പെന്ന ഛായാഗ്രാഹകന്‍ തന്‍റെ കഴിവ് ബോധ്യപ്പെടുത്തിത്തന്നിട്ടുണ്ട്. ബലൂണ്‍ ലൈറ്റൊക്കെ വച്ച് നിലാവെളിച്ചം ഗംഭീരമാക്കിയിട്ടുണ്ട്. പക്ഷേ, നല്ല ദൃശ്യങ്ങള്‍ കൊണ്ട് മാത്രം ഒരു സിനിമയെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു അനുഭവമാക്കി മാറ്റാന്‍ കഴിയുമോ?

നാട്ടുകാരെ പൊതുവായി ബാധിക്കുന്ന ഒരു വിഷയം. അതിനെതിരെ ഒരു സാധാരണക്കാരന്‍റെ ചെറുത്തുനില്‍പ്പ്. ഒടുവില്‍ പ്രതിസന്ധികളെ അതിജീവിച്ച് അയാളുടെ വിജയം. ഇതാണ് ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമ. ഇതായിരുന്നു ‘ഇവിടം സ്വര്‍ഗമാണ്’ എന്ന സിനിമയുടെ പ്രമേയവും. നാട്ടുകാരെ പൊതുവായല്ല, നായകനെ മാത്രം ബാധിക്കുന്ന പ്രശ്നമായിരുന്നു അതെന്നുമാത്രം. ആ ചിത്രത്തിന്‍റെയത്ര പോലും പ്രേക്ഷകരിലേക്കെത്താന്‍ ജയിംസ് ആല്‍ബര്‍ട്ടിന്‍റെ ഈ പരീക്ഷണത്തിന് കഴിഞ്ഞിട്ടില്ല. ഒരു ത്രില്ലറിന്‍റെ പശ്ചാത്തലമൊക്കെ ഒരുക്കിക്കൊണ്ടുവന്നെങ്കിലും അത് ഫലം കാണാതെ പോയി. ത്രില്ലടിക്കാന്‍ പോയിട്ട് പലപ്പൊഴും ബോറടിച്ച് വലഞ്ഞു!

അടുത്ത പേജില്‍ - ഗോപീകൃഷ്ണനെ ശല്യപ്പെടുത്തുന്ന പ്രേതങ്ങള്‍!

PRO
വെള്ളിമലയിലെ ജനങ്ങള്‍ ചോരനീരാക്കി പണിതെടുത്ത അവരുടെ സ്വന്തം അണക്കെട്ട്. അതാണ് ജവാന്‍ ഓഫ് വെള്ളിമലയുടെ കഥാപരിസരം. ഡാം ഓപ്പറേറ്ററാണ് എക്സ് മിലിട്ടറിയായ ഗോപീകൃഷ്ണന്‍(മമ്മൂട്ടി). ഇദ്ദേഹത്തിന്‍റെ പിതാവ് ഈ ഡാം സാധ്യാമാക്കാനുള്ള പോരാട്ടങ്ങള്‍ക്കിടെ പൊലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടതാണ്. കക്ഷിക്കൊരു പ്രശ്നമുണ്ട്. രാത്രിയില്‍ പ്രേതങ്ങള്‍ വന്ന് നിരന്തരമായി ശല്യപ്പെടുത്തുന്നു! പല സൈക്യാട്രിസ്റ്റുകളെയും കാണിച്ചെങ്കിലും കുറവൊന്നുമില്ല. ഡാമില്‍ ചാടി മരിച്ചവരും മറ്റും ഒന്നിനുപിറകെ ഒന്നായി വന്ന് മുന്നില്‍ നില്‍ക്കും. പ്രേതങ്ങളെയൊക്കെ ഗോപീകൃഷ്ണന് നല്ല പരിചയമാണ്. ‘എന്‍റെ തോമസച്ചായാ... മരിച്ചിട്ടും നിങ്ങള്‍ സിഗരറ്റ് വലി നിര്‍ത്താറായില്ലേ?’ എന്നൊക്കെ പ്രേതത്തോട് ചോദിക്കുന്നത് കേട്ടാല്‍ ചിരിക്കണോ കരയണോ എന്ന് ഒന്ന് സംശയിച്ചുപോകും.

എക്സിക്യൂട്ടീവ് എഞ്ചിനീയറായി വര്‍ഗീസ്(ശ്രീനിവാസന്‍) വരുന്നതോടെ കാര്യങ്ങള്‍ ഒന്നുഷാറാകുന്നു. അയാള്‍ ഡാമിന്‍റെ ടണലില്‍ വിള്ളല്‍ കണ്ടെത്തുന്നു. തുടര്‍ന്ന് അയാളെ കാണാതാകുന്നു(ഡല്‍ഹിയിലേക്ക് പോയിരിക്കുന്നു എന്നാണ് നാട്ടില്‍ പ്രചരിപ്പിച്ചിരിക്കുന്നത്). തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് ജിയോളജിക്കല്‍ സര്‍വേയ്ക്കായി ആളുകള്‍ എത്തുന്നു. ഉടന്‍ ഉരുള്‍ പൊട്ടലുണ്ടാകുമെന്നും ഡാമിന്‍റെ ടണലുകള്‍ പൊട്ടുമെന്നും നാടുമുഴുവന്‍ ഒലിച്ചുപോകുമെന്നും അതുകൊണ്ട് ഡാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും അവര്‍ പറയുന്നു. എന്താണ് ഈ ഡാമിന് സംഭവിക്കുന്നത് അല്ലെങ്കില്‍ സംഭവിച്ചത്? വര്‍ഗീസ് എവിടെ അപ്രത്യക്ഷനായി? ഗോപീകൃഷ്ണനെ ശല്യപ്പെടുത്തുന്നത് പ്രേതങ്ങള്‍ തന്നെയാണോ?(ഹഹ ....). ഇതൊക്കെയാണ് ഈ സിനിമ അന്വേഷിക്കുന്ന പ്രശ്നങ്ങള്‍.

ഈ കുരുക്കുകളൊക്കെ അഴിക്കാനായി നമ്മുടെ നായകന്‍ കച്ചകെട്ടിയിറങ്ങുന്നതോടെ സത്യങ്ങള്‍ പുറത്തുവരുന്നു. അതിനായി നായകന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളും അവ പിന്നീട് റീവൈന്‍ഡ് ചെയ്ത് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതുമൊക്കെ കാണുമ്പോള്‍ ലേശം സഹതാപം തോന്നാതിരുന്നില്ല. 90കളില്‍ നില്‍ക്കുകയാണ് ഈ സിനിമ. അതിനപ്പുറത്തേക്ക് ചിന്താശേഷി വളര്‍ന്നിട്ടില്ല!

അടുത്ത പേജില്‍ - ആശ്വാസം ശ്രീനിവാസനും ബാബുരാജും!

PRO
അഭിനയപ്രാധാന്യമുള്ള ഒരു വേഷം മമ്മൂട്ടിക്ക് ലഭിച്ചിട്ട് കാലമെത്രയായി? ഒന്നുമില്ലെങ്കിലും സ്വന്തമായി നിര്‍മ്മിക്കുന്ന സിനിമയിലെങ്കിലും അത് സാധ്യമാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. മമ്മൂട്ടി എന്ന മഹാനടന്‍റെ പ്രതിഭയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഒരു രംഗം പോലും ഈ സിനിമയിലില്ല. പേടിത്തൊണ്ടനായ ഒരു മനുഷ്യന്‍റെ മുഖമാണ് ആദ്യം മുതല്‍ അവസാനം വരെ. മമ്മൂട്ടി ആര്‍ജ്ജവത്തോടെ ഒന്നു ചിരിക്കുന്ന, ഒന്നുച്ചത്തില്‍ സംസാരിക്കുന്ന, ആത്മവിശ്വാസത്തോടെ പ്രതികരിക്കുന്ന ഒരു രംഗമെങ്കിലും ഈ സിനിമയില്‍ ചൂണ്ടിക്കാണിക്കാനാവില്ല. തന്‍റെ രോഗം തിരിച്ചറിഞ്ഞപ്പോഴെങ്കിലും ഗോപീകൃഷ്ണന്‍റെ മുഖത്ത് ഒരു തന്‍റേടം വരേണ്ടതായിരുന്നു. കഥാപാത്രം ആത്മവിശ്വാസത്തോടെ എതിരാളികളെ നേരിട്ടപ്പോഴും ആ പേടിത്തൊണ്ടന്‍റെ മുഖഭാവം അങ്ങനെതന്നെ നിന്നു.

നായികാകഥാപാത്രമായ അനിത(മം‌മ്ത)യ്ക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല. ഡാം ക്യാമ്പ് ഓഫീസറാണ് അനിത. ഗോപീകൃഷ്ണന് മനസില്‍ അനിതയോട് പ്രണയമാണ്. അത് അയാള്‍ തുറന്ന് പറയുന്നില്ല. അവളും അയാളെ ഒരു പേടിത്തൊണ്ടനായാണ് മനസിലാക്കിയിരിക്കുന്നത്. അല്ലെങ്കില്‍, ഉന്നതര്‍ക്കെതിരെ പ്രതികരിക്കാന്‍ അയാള്‍ക്ക് കഴിയില്ല എന്ന് അവള്‍ വിശ്വസിക്കുന്നു. ഒരു ഘട്ടത്തില്‍ അവളെയും സംവിധായകന്‍ സംശയത്തിന്‍റെ മുള്‍‌മുനയില്‍ നിര്‍ത്തുന്നുണ്ട്. എന്നാല്‍ സസ്പെന്‍സുകള്‍ക്ക് വെറും നീര്‍ക്കുമിളയുടെ ആയുസ് മാത്രമുള്ള ഈ ചിത്രത്തില്‍ അതും ഒരു സില്ലി സസ്പെന്‍സായി മാറുന്നു.

ചീഫ് എഞ്ചിനീയര്‍ ചാക്കോ ആയി അഭിനയിച്ച ബാബുരാജിന്‍റെ പ്രകടനം ശ്രദ്ധേയമാണ്. ബാബുരാജിന്‍റെ ഏറ്റവും മികച്ച കഥാപാത്രമാണിത് എന്ന് നിസംശയം പറയാം. എല്ലാ കാര്യങ്ങളെയും എല്ലാവരെയും വളരെ സംശയത്തോടെയും ഭയത്തോടെയും വീക്ഷിക്കുന്ന കഥാപാത്രമാണിത്. തുടക്കം മുതല്‍ ഒടുക്കം വരെ കണ്‍സിസ്റ്റന്‍സി നിലനിര്‍ത്താന്‍ ബാബുരാജിന് കഴിഞ്ഞിട്ടുണ്ട്. ബാബുരാജിന്‍റെ ‘ഷോള്‍ഡര്‍ ഡാന്‍സ്’ ഒരു തരംഗമായി മാറിയേക്കാം.

കോശി ഉമ്മന്‍ എന്ന കഥാപാത്രമായി ആസിഫ് അലിയുണ്ട് ജവാന്‍ ഓഫ് വെള്ളിമലയില്‍. കഥാഗതിയില്‍ നിര്‍ണായകമായ കഥാപാത്രം തന്നെയാണിത്. എന്നാല്‍ ഓവര്‍ ആക്ടിംഗിലൂടെ ആസിഫ് പലപ്പോഴും പ്രേക്ഷകരെ പരീക്ഷിക്കുന്നുണ്ട്. വളരെ ദുര്‍ബലമായ ഒരു കഥാപാത്രസൃഷ്ടി കൂടിയാണിത്. ആസിഫിന് തിളങ്ങാനായില്ല. ആസിഫിന്‍റെ നായികയായെത്തുന്ന ലിയോണയും നിരാശപ്പെടുത്തുന്നു. ശ്രീനിവാസന്‍റെ മകളാ‍യാണ് ചിത്രത്തില്‍ ലിയോണ വരുന്നത്.

സെക്യൂരിറ്റി ഗാര്‍ഡുകളായി വരുന്ന സാദിക്കും ജോജിയും സിനിമ കഴിഞ്ഞാലും നമ്മള്‍ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ്. പ്രത്യേകിച്ചും സാദിക്ക്. ഗംഭീരമായ മാനറിസങ്ങളും ഭാവപ്രകടനങ്ങളുമായി സാദിക്ക് ഒന്നാന്തരമാക്കി ആ കഥാപാത്രം. ഡാം ഓപ്പറേറ്ററും സിനിമാനടനുമായി കോട്ടയം നസീറിന്‍റെ പ്രകടനവും ചിരിയുണര്‍ത്തുന്നതാണ്. സംവിധായകന്‍ രഞ്ജിത് അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍. കണ്ണ് ഡോക്ടര്‍ ശിവപ്രസാദായി. കൂടുതല്‍ പറഞ്ഞാല്‍ ആ സസ്പെന്‍സ് പൊളിയും.

ശ്രീനിവാസന്‍ ആണ് സിനിമയിലെ വലിയ ആശ്വാസം. കുറിക്കുകൊള്ളുന്ന ഏതാനും ഡയലോഗുകള്‍ അദ്ദേഹം അവതരിപ്പിക്കുന്ന വര്‍ഗീസ് എന്ന കഥാപാത്രത്തിന് നല്‍കിയിട്ടുണ്ട്. അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന കഥാപാത്രങ്ങളെ ശ്രീനി മുമ്പും അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തതയൊന്നുമില്ല ഈ വേഷത്തിന്. പക്ഷേ, തനിക്ക് ലഭിച്ച കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ ശ്രീനിക്ക് കഴിഞ്ഞിട്ടുണ്ട്.

അടുത്ത പേജില്‍ - ഇറങ്ങി ഓടാന്‍ പ്രേരിപ്പിക്കുന്ന ഗാനരംഗം!

PRO
ഗുരുവായ ലാല്‍ ജോസിന്‍റെ ‘അയാളും ഞാനും തമ്മില്‍’ എന്ന ചിത്രത്തോടാണ് അനൂപ് കണ്ണന്‍റെ ‘ജവാന്‍ ഓഫ് വെള്ളിമല’ മത്സരിക്കുന്നത്. ലാല്‍ ജോസിന്‍റെ ശിഷ്യനില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു നല്ല സിനിമ നല്‍കാന്‍ അനൂപ് കണ്ണന് കഴിഞ്ഞില്ല. ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച് ഒന്നിലും കേന്ദ്രീകരിക്കാന്‍ കഴിയാതെ പോയി. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചൊക്കെ ഓര്‍മ്മിപ്പിക്കാന്‍ ലൈറ്റണച്ച് സന്ദേശങ്ങള്‍ നല്‍കാനൊക്കെ ശ്രമിക്കുമ്പോഴും കഥയില്‍ ആ കൌശലം പുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞില്ല.

എന്‍റെ ഓര്‍മ്മയില്‍, നാലു പാട്ടുകളാണ് ഈ സിനിമയില്‍. അതില്‍ “പുരനിറഞ്ഞൊരു പാതിര” മനസില്‍ നില്‍ക്കുന്നുണ്ട്. പിന്നീടൊന്ന് ഗോപീകൃഷ്ണന്‍റെ ഹാലുസിനേഷന്‍ വിഹ്വലതകള്‍ ചിത്രീകരിക്കുന്ന ഒരു ഗാനരംഗമാണ്. തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടാന്‍ പ്രേരിപ്പിക്കുന്ന ഗാനരംഗം! പിന്നീട് ക്ലൈമാക്സിനോടടുത്ത് ഒരു സ്റ്റേജ് ഡാന്‍സ് വരുന്ന സോംഗ്. അതും പ്രേക്ഷകരുടെ ക്ഷമ അമിതമായി പരീക്ഷിക്കുന്നതാണ്. ബിജിബാലാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.

ഏറെ പാളിച്ചകളുള്ള തിരക്കഥയാണ് ‘ജവാന്‍ ഓഫ് വെള്ളിമല’. വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലം കൊണ്ടുവന്നു എന്നല്ലാതെ മമ്മൂട്ടിക്ക് ഒരു നല്ല സിനിമ എഴുതിനല്‍കാന്‍ ജയിംസ് ആല്‍ബര്‍ട്ടിന് കഴിഞ്ഞില്ല. മമ്മൂട്ടിയുടെ അടുത്തിടെയിറങ്ങിയ ‘വെനീസിലെ വ്യാപാരി’ എന്ന സിനിമയുടെ എഴുത്തും ജയിംസായിരുന്നു. പ്രേക്ഷകരുടെ പള്‍സറിഞ്ഞ് സീനുകള്‍ ക്രിയേറ്റുചെയ്യുന്നതില്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു തിരക്കഥാകൃത്ത്.

വെബ്ദുനിയ വായിക്കുക