ചിരിപ്പിച്ച് രസിപ്പിച്ച് ചൈനാ ടൌണ്‍

വെള്ളി, 15 ഏപ്രില്‍ 2011 (18:00 IST)
PRO
PRO
ഒന്നും ആലോചിക്കാതെ കുറച്ചുനേരം ചിരിക്കാം. കഥയിലെ യുക്തിയൊന്നും ചോദിക്കരുത്. എല്ലാം മറന്ന് ആഘോഷിക്കാന്‍ ഒരു ചിത്രം - ചൈനാ ടൌണിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

പ്രേക്ഷകരെ രസിപ്പിക്കാന്‍ എല്ലാചേരുവകളും വേണ്ടവിധം ചേര്‍ത്താണ് റാഫി മെക്കാര്‍ട്ടിന്‍ ടീം ചൈന ടൌണ്‍ ഒരുക്കിയിരിക്കുന്നത്. ചിരിയുടെ അമിട്ടുകള്‍ പൊട്ടിക്കുന്ന മുഹൂര്‍ത്തങ്ങള്‍ നിരവധി. ചില രംഗങ്ങള്‍ മുന്‍പ് കണ്ടതാണെന്ന് തോന്നുമെങ്കിലും ബോറടിപ്പിക്കുന്നില്ല. ഒരു ഫുള്‍ലെംഗ്ത് എന്റര്‍ടെയ്നര്‍ ചിത്രം.

മള്‍ട്ടിസ്റ്റാര്‍ ചിത്രമെന്നത് തന്നെയാണ് ചൈനാ ടൌണിന്റെ ഹൈലൈറ്റ്. മോഹന്‍‌ലാലും ജയറാമും ദിലീപും ഒരുക്കുന്ന നര്‍മ്മമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകരെ തീയേറ്ററില്‍ കയറ്റും. മോഹന്‍‌ലാലിന്റെ ചില ആക്ഷന്‍ രംഗങ്ങള്‍ സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ക്ക് വിരുന്നാകുന്നു.

അടുത്ത പേജില്‍ - കഥയില്‍ കാര്യമില്ല!

PRO
PRO
ചിത്രത്തിന്റെ കഥയെന്താണെന്ന് പറയുന്നതില്‍ കാര്യമൊന്നുമില്ല. സസ്പന്‍സെന്ന് തോന്നിപ്പിക്കാന്‍ മദ്യത്തെ കൂട്ടുപിടിച്ച് ചില ഗിമ്മിക്കുകള്‍ മാത്രം. പക്ഷേ കഥാപാത്രങ്ങളുടെ സ്വഭാവവും രീതികളുമാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്നതിനാല്‍ കുറച്ച് ഭാഗം പറയേണ്ടിയിരിക്കുന്നു.

ചിത്രം തുടങ്ങുന്നത് തന്നെ നായകരുടെ(കുട്ടിക്കാലം) സ്വഭാവം വ്യക്തമാക്കിക്കൊണ്ടാണ്. തന്റേടിയും അടിപിടിയില്‍ അല്‍പ്പം മുന്നിലുള്ള മാത്തുക്കുട്ടിയാണ്(മോഹന്‍‌ലാല്‍) ഒന്നാമന്‍. വേറൊരാള്‍ എങ്ങനെയും പണമുണ്ടാക്കാന്‍ നടക്കുന്നവന്‍ സ്‌കറിയ(ജയറാം)‍. മറ്റൊരാള്‍ കാമുകിമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നയാള്‍ ബിനോയി(ദിലീപ്).

ഗോവയിലെ ചൈനാ ടൌണിലെ ഫ്ലാഷ്ബാക്കിലാണ് കഥ തുടങ്ങുന്നത്. ഒരു പാട്ടുരംഗത്തില്‍ നാല് കൂട്ടുകാരെയും കുടുംബത്തെയും അവതരിപ്പിക്കുന്നു. ഗാനം കഴിയുമ്പോഴേക്കും ഇവരില്‍ ചിലരെ ഒരു അധോലോക നായകന്‍ ഗജിനി ഫെയിം പ്രദീപ് റാവത്ത് കൊല്ലുന്നു. സുഹൃത്തുക്കളില്‍ ഗോമസ് എന്നയാളും കുട്ടികളും രക്ഷപ്പെടുന്നു.

പിന്നീട് ഈ ഗോമസ്(ക്യാപ്റ്റന്‍ രാജു) തിരിച്ചുവരികയാണ്. ഗോവയിലെ ഒരു ചൂതാട്ടകേന്ദ്രം കാസിനോ ഇയാളുടെ ഉടമസ്ഥതയിലാണ്. തന്റെ സുഹൃത്തുക്കളുടെ മക്കളെ ഇയാള്‍ ഈ കാസിനോ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നു. ഗോമസിന് ആദ്യംകണ്ടെത്താനാകുന്നത് സ്കറിയയെയാണ്. സ്കറിയയാണ് നാട്ടില്‍ നിന്ന് മാത്തുക്കുട്ടിയെയും ബിനോയിയെയും കണ്ടെത്തുന്നത്.

അടുത്ത പേജില്‍ - കാമുകിമാരുടെ വിവാഹം മുടക്കി ബിനോയ്

PRO
PRO
സ്കറിയ ആദ്യം തേടുന്നത് ബിനോയിയെയാണ്. ചിരിയുടെ അമിട്ടുകള്‍ ഇവിടം മുതല്‍ പൊട്ടിത്തുടങ്ങുന്നു. കാമുകിയുടെ വിവാഹം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന നിരാശകാമുകനായി ബിനോയ് സ്ക്രീനിലെത്തുന്നു. വിവാഹഘോഷയാത്ര കടന്നുപോകുന്ന വഴിയില്‍, കാമുകിക്ക് റ്റാറ്റ പറഞ്ഞ് തൂങ്ങിമരിക്കാനൊരുങ്ങുകയാണ് ബിനോയി. പക്ഷേ മരത്തിന്റെ കൊമ്പൊടിയുന്നു. ബിനോയി കൃത്യം കാമുകിയുടെ കാലില്‍ വീഴുന്നു. മദ്യലഹരിയിലുള്ള ബിനോയിയെ സ്കറിയ കണ്ടെത്തുന്നു. ഗോമസിന് ഒരു മകള്‍ ഉണ്ട് എന്ന കാരണത്താല്‍ മാത്രം ബിനോയ് ഗോവയിലേക്ക് പോകാന്‍ തയ്യാറാകുന്നു.

അടുത്തയാളെ കാണുന്നത് ഒരു ധ്യാനകേന്ദ്രത്തിലാണ്. നന്നാവാന്‍ മാത്തുക്കുട്ടി പള്ളീലച്ചന്റെ ഉപദേശങ്ങള്‍ കേള്‍ക്കുകയാണ്. മാത്തുക്കുട്ടിയുടെ ശത്രുക്കളെ മനസ്സില്‍ വിചാരിക്കാന്‍ വികാരിയച്ചന്‍ പറയുമ്പോള്‍ വരിവരിയായി ബ്ലാക് ആന്‍ഡ് ഫോട്ടോയില്‍ നിറയുന്നു വില്ലന്‍‌മാര്‍. പിന്നെ ചില നാടന്‍ തല്ലും.

മാത്തുക്കുട്ടിയെ ധ്യാനകേന്ദ്രത്തിലെത്തിക്കുന്നത് റോസമ്മയാണ് (കാവ്യാ മാധവന്‍). റോസമ്മ പറഞ്ഞാല്‍ മാത്രമേ മാത്തുക്കുട്ടി അനുസരിക്കൂ. ധ്യാനം കൂടാന്‍ വന്ന റോസമ്മയെയും മാത്തുക്കുട്ടിയെയും സ്കറിയ ഗോവയിലേക്ക് കൊണ്ടുപോകുന്നു.

ഗോമസ് കാസിനോ സുഹൃത്തുക്കളുടെ മക്കളെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നു. കഥ പുരോഗമിക്കുമ്പോള്‍ ബിനോയ് ആഭ്യന്തരമന്ത്രിയുടെ മകളുമായി പ്രണയത്തിലാകുന്നു. ആഭ്യന്തരമന്ത്രി അധോലോക നായകന്റെ സുഹൃത്താണ്. ഇയാള്‍ മാത്തുക്കുട്ടിയെയും സ്കറിയെയും ബിനോയിയും തിരിച്ചറിയുന്നു.

പിന്നെ ഇവരെ കള്ളക്കേസില്‍ കുടുക്കുകയാണ്. എല്ലാ സ്വത്തുക്കളും ഇവരില്‍ നിന്ന് അധോലോകനായകന്‍ എഴുതിവാങ്ങിക്കുന്നു. പിന്നെ ഒരു മദ്യലഹരിയില്‍ കാര്യങ്ങള്‍ എല്ലാം മാറിമറിയുകയാണ്. ഒടുവില്‍ എല്ലാം ശുഭമാകാതെ തരമില്ലല്ലോ. ബാക്കി സിനിമ കണ്ടുതന്നെ അറിയാനേ ഉള്ളൂ.

അടുത്ത പേജില്‍ - മിമിക്രി നമ്പറുകള്‍...

PRO
PRO
ചിരിക്ക് തിരി കൊളുത്തുന്നത് ദിലീപ് അവതരിപ്പിക്കുന്ന ബിനോയ് ആണ്. കാമുകിമാര്‍ എന്ന ഒറ്റ ചിന്തയുമായി നടക്കുന്നയാളാണ് ബിനോയി. മദ്യലഹരിയില്‍ ദിലീപ് കാണിക്കുന്ന വിക്രിയകളും ചിരിയുണര്‍ത്തുന്നു. പക്ഷേ ദിലീപിന്റെ സ്റ്റേജ് ഷോ പോലെ തോന്നും ഈ രംഗങ്ങള്‍. തന്റെ ചില മിമിക്രി നമ്പറുകള്‍ തന്നെ ദിലീപ് ഇവിടെയും പ്രയോഗിക്കുന്നത്. മദ്യപാനി എന്നതിനാല്‍ എന്തും കാണിക്കാം എന്ന ധാരണ ദിലീപിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു.

നര്‍മ്മമുഹൂര്‍ത്തങ്ങളുമായി മോഹന്‍‌ലാലിന്റെ മാത്തുക്കുട്ടിയും ബിനോയ്ക്കൊപ്പം ചേരുന്നുണ്ട്. പക്ഷേ മോഹന്‍‌ലാലിന് തിളങ്ങാന്‍ പറ്റിയ രംഗങ്ങള്‍ ചിത്രത്തില്‍ അത്രയില്ലെന്ന് പറയേണ്ടി വരും. കുടിച്ചാല്‍ നിയന്ത്രണമില്ലാതെ എന്തും ചെയ്യുന്നയാളാണ് മാത്തുക്കുട്ടി. പക്ഷേ സ്റ്റണ്ട് രംഗങ്ങളില്‍ മാത്രമാണ് ഈ കഥാപാത്രത്തിന് മേധാവിത്വം കൈവരുന്നത്. മറ്റ് രംഗങ്ങളില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാര്‍ ആയി മാറുകയാണ് മാത്തുക്കുട്ടി.

സ്കറിയയെ അവതരിപ്പിച്ച് ജയറാമും കയ്യടി നേടുന്നു. മിമിക്രി നമ്പറുകള്‍ തന്നെയാണ് ജയറാമിന്റേയും തുറുപ്പ് ചീട്ട്. ഒരു ഫ്രോഡ് ലുക്ക് തോന്നിപ്പിക്കുന്ന കഥാപാത്രമാണ് ജയറാമിന്റേത്.

സുരാജ് വെഞ്ഞാറമൂട് പതിവ് രീതികളില്‍ തന്നെയാണ് ഈ ചിത്രത്തിലും. പേടിത്തൊണ്ടനാ‍യ ഒരു ഗുണ്ടയെയാണ് സുരാജ് അവതരിപ്പിക്കുന്നത്. പക്ഷേ സാധാരണ ചിത്രങ്ങളിലേത് പോലെ അത്ര കണ്‍‌ട്രോള്‍ വിടുന്നില്ല ചൈനാ ടൌണിലെ സുരാജ്.

അടുത്ത പേജില്‍ - സുമോ ഗുസ്തിക്കാരന്റെ നമ്പറുകള്‍...

PRO
PRO
സുമോ ഗുസ്തിക്കാരന്‍ ഡിസൂസ ലിബോറെയാണ് മറ്റൊരു കഥാപാത്രവുമായി ചൈനാ ടൌണിലെത്തുന്നത്. 257 കിലോ ഭാരമുള്ള ഈ സുമോ ഗുസ്തിക്കാരന്റെ ശരീരമാണ് ചിരിപ്പിക്കുന്നത്. പക്ഷേ തമ്മുടെ സ്വന്തം തടിയന്‍ നടന്‍ എന്‍ എല്‍ ബാലകൃഷ്ണന്റെ ചിരി നമ്പറുകളുടെ ഏഴയലത്ത് വരുന്നില്ല ഈ ഗുസ്തിക്കാരന്‍

നായികമാരെക്കുറിച്ച് എന്ത് പറയാന്‍?. പതിവ് മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലെ പോലെ തന്നെ ചൈനാ ടൌണിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. കാവ്യ, പൂനം ബജ് വ, ദീപാഷാ എന്നീ നായികമാര്‍ക്ക് തിളങ്ങാന്‍ പറ്റിയ രംഗങ്ങളൊന്നും ഈ ചിത്രത്തില്‍ സംവിധായകര്‍ ഒരുക്കിയിട്ടില്ല.

പ്രേക്ഷകരെ ചിരിപ്പിച്ച് നിര്‍മ്മാതാവിന് കാശുവാരിക്കൊടുക്കുക എന്ന ലക്‍ഷ്യത്തോടെയാണ് റാഫി മെക്കാര്‍ട്ടിന്‍ ടീം ചിത്രം ഒരുക്കിയിട്ടുള്ളത്. ചിരിനമ്പറുകള്‍ വാരിവിതറിയിരിക്കുന്നതും അതുകൊണ്ടുതന്നെ. പക്ഷേ കണ്ട സിനിമകളിലെ രംഗങ്ങള്‍ ചൈനാ ടൌണില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംവിധായകരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായിട്ടില്ലെന്ന് പറയേണ്ടി വരും. കാലുകള്‍ തളര്‍ന്നതായി അഭിനയിക്കുന്ന ആളിനെ തല്ലി ചികിത്സിക്കുന്നതും തടിയന്റെ ഇടികൊള്ളുന്നതും മദ്യലഹരിയിലെ വിക്രിയകളും ഉദാഹരണം.

മാത്രവുമല്ല രണ്ട് മണിക്കൂര്‍ 22 മിനിറ്റും എടുത്ത് കഥ മുഴുവനും പറയാന്‍ ഇരട്ട സംവിധായകര്‍ക്ക് ആയിട്ടില്ലെന്നതും പറയേണ്ടിയിരിക്കുന്നു. സിനിമ കഴിഞ്ഞിട്ട് ഷൂട്ടിംഗ് രംഗങ്ങള്‍ കാണിക്കുന്നത് പോലെയാണ് കഥ പറഞ്ഞുതീര്‍ക്കുന്നത്. സുമോയുടെ കോമഡി രംഗങ്ങളൊക്കെ സിനിമ കഴിഞ്ഞിട്ട് പ്രേക്ഷകര്‍ എഴുന്നേല്‍ക്കുമ്പോഴാണ് സ്ക്രീനില്‍ തെളിയുന്നത്. ഇത് പുതിയ പരീക്ഷണമാണെന്ന് പറയുമോ ആവോ?

വെബ്ദുനിയ വായിക്കുക