കമ്മട്ടിപ്പാടം: ഒരു നഗരം നിര്‍മ്മിക്കപ്പെടുമ്പോള്‍ പൊടിയുന്ന ചോരച്ചാലുകള്‍

ഷാജിമോന്‍ ആലുവ

ശനി, 21 മെയ് 2016 (21:07 IST)
അന്നയും റസൂലും ഒരു പരീക്ഷണമായിരുന്നു. കേരളത്തിലെ പ്രേക്ഷകര്‍ക്ക് ഇത്തരമൊരു ചിത്രം ഹൃദയത്തിലാവാഹിക്കാനുള്ള കഴിവുണ്ടോ എന്ന് പരീക്ഷിച്ചുനോക്കി രാജീവ് രവി. ഉണ്ടെന്ന് ബോധ്യമായതോടെ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമ സിനിമ വന്നു. ഏറെ ആഴമുള്ള സബ്ജക്ടായിരുന്നു. പെട്ടന്നലിഞ്ഞുപോകുന്ന ലൈറ്റ് വെയ്റ്റ് ചിത്രങ്ങള്‍ക്കിടയില്‍ സ്റ്റീവ് ലോപ്പസ് ദഹിപ്പിച്ചെടുക്കാന്‍ മലയാളികള്‍ ബുദ്ധിമുട്ടി.
 
അതിനേക്കാള്‍, സ്റ്റീവ് ലോപ്പസിനേക്കാള്‍, ഹാര്‍ഡായിട്ടുള്ള ‘കമ്മട്ടിപ്പാടം’ എന്ന ചിത്രവുമായി ഇപ്പോള്‍ രാജീവ് രവി വന്നിരിക്കുന്നു. ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ വിനായകന്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
പലപ്പോഴും വിനായകന്‍ അവതരിപ്പിക്കുന്ന ഗംഗ എന്ന കഥാപാത്രമാണ് കമ്മട്ടിപ്പാടത്തിലെ നായകനായി മാറുന്നത്. ആ കഥാപാത്രത്തിന്‍റെ ജീവിതം പറയാനുള്ള വഴിയായി, അതിനുള്ള ടൂളായി വര്‍ത്തിക്കുകയാണ് പലപ്പോഴും ദുല്‍ക്കര്‍ അവതരിപ്പിക്കുന്ന കൃഷ്ണന്‍.
 
കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
ഒരു നഗരം നിര്‍മ്മിക്കപ്പെടുമ്പോള്‍ അതിനുപിന്നില്‍ ചതഞ്ഞരഞ്ഞുപോകുന്ന ഒരുപാട് ജീവിതങ്ങളുടെ അതിജീവനത്തിന്‍റെയും വഴിതെറ്റലിന്‍റെയും പോരാട്ടങ്ങളുടെയും കഥയാണ് കമ്മട്ടിപ്പാടം. അതുകൊണ്ടുതന്നെ അത് ചോരയുടെ മണമുള്ള കഥയാകുന്നു.
 
ഒരു നഗരത്തിന്‍റെ നിര്‍മ്മാണ ചരിത്രം പറയുന്ന സിനിമയെന്ന നിലയില്‍ കമ്മട്ടിപ്പാടം മലയാള ചലച്ചിത്ര ചരിത്രത്തിലെ തിളക്കമുള്ള ഒരു കാഴ്ചയാണ്. ജനങ്ങള്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ സോപ്പോന്നും പതപ്പിച്ചിട്ടില്ലെങ്കിലും ചിത്രം ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
റേറ്റിംഗ്: 4/5

വെബ്ദുനിയ വായിക്കുക