“വൈലോപ്പള്ളിയുടെ മാമ്പഴം വായിക്കപ്പെട്ടതിന് ശേഷവും ഇവിടെ കുട്ടികള്‍ പൂങ്കുല തല്ലിയിട്ടുണ്ട്. ആ കുട്ടികളൊക്കെ അമ്മമാരില്‍ നിന്ന് നല്ല തല്ലു വാങ്ങിയിട്ടുമുണ്ട്. സിനിമയോ മറ്റേതൊരു കലാസൃഷ്ടിയോ അത്രമേല്‍ മനുഷ്യമനസിനെ സ്വാധീനിക്കുന്നില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്” - ഈ ഡയലോഗ് ‘കഥ പറയുമ്പോള്‍’ എന്ന സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് എന്ന കഥാപാത്രം പറയുന്നതാണ്. ഇതിനു ശേഷം വരുന്ന വികാരനിര്‍ഭരമായ സംഭാഷണങ്ങളിലൂടെ ആ ചിത്രം പ്രേക്ഷക മനസില്‍ ചേക്കേറുകയും, ആ സിനിമയുടെ സന്ദേശം ജനലക്ഷങ്ങളെ സ്വാധീനിക്കുകയും ചെയ്തു!
ഒരു ചിത്രം റീമേക്ക് ചെയ്യുക എന്നത് ശ്രമകരമായ ജോലിയാണ്. പ്ലോട്ട് മാത്രം സ്വീകരിക്കുകയും മാറുന്ന പശ്ചാത്തലങ്ങള്‍ക്കനുസരിച്ച് വ്യതിയാനങ്ങള്‍ വരുത്തുകയും ചെയ്യുന്ന ചലച്ചിത്രകാരന്‍ വിജയിക്കുന്നു. കഥ പറയുമ്പോള്‍ ‘കുസേലന്‍’ എന്ന തമിഴ് ചിത്രമായി മാറിയപ്പോള്‍ കാഴ്ചക്കാര്‍ അതിനെ നിഷ്കരുണം വലിച്ചെറിഞ്ഞു. ആ കഥയുടെ നന്‍മയോട് നീതിപുലര്‍ത്താതെ സൂപ്പര്‍താര ഇമേജ് കെട്ടിയെഴുന്നള്ളിച്ചതായിരുന്നു കുസേലന്‍റെ പരാജയകാരണം. രജനീകാന്തും കഥയേക്കാള്‍ വലുതല്ലെന്ന് തമിഴ് ജനത സിനിമാക്കാര്‍ക്ക് മനസിലാക്കിക്കൊടുക്കുകയായിരുന്നു ആ നിരാസത്തിലൂടെ.
ഷാരുഖ് ഖാനും സൂപ്പര്‍താരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ‘ബ്രാന്‍ഡ് നെയി’മാണ്. പക്ഷേ, കഥയുടെ മുകളില്‍ ഒരു കസേരയിട്ട് താരവലിപ്പം പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. അല്ലെങ്കില്‍ പ്രിയദര്‍ശന്‍ അതിന് അനുവദിക്കുന്നില്ല. ‘ബില്ലു’ എന്ന സിനിമയുടെ വിജയം അവിടെ ആരംഭിക്കുകയാണ്. മലയാളത്തില്‍ ശ്രീനിവാസന്‍ പറഞ്ഞ കഥ ഒരു ‘യൂണിവേഴ്സല്‍ തീ’മായിരുന്നു. രണ്ടു സുഹൃത്തുക്കള്‍ തമ്മിലുള്ള സാമ്പത്തികവും സാമൂഹികവുമായ അന്തരം ലോകത്ത് എവിടെയും സംഭവിക്കുന്നതാണ്. ആ കഥയുടെ സത്ത ചോരാതെ, വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിലേക്ക് ‘കഥ പറയുമ്പോള്‍’ പറിച്ചു നട്ടു പ്രിയന്‍. ഫലം, നര്‍മത്തില്‍ പൊതിഞ്ഞ മികച്ചൊരു ചിത്രം ബോളിവുഡിന് ലഭിച്ചു.
ചിത്രത്തിന്‍റെ കഥ എല്ലാവര്‍ക്കും സുപരിചിതമാണ്. പഴയ ‘കൃഷ്ണ - കുചേല’ തന്നെ. നിര്‍ദ്ദോഷഫലിതങ്ങളിലൂടെ വികസിച്ച് മനസില്‍ തൊടുന്ന ക്ലൈമാക്സില്‍ അവസാനിക്കുന്ന ഒരു കൊച്ചു ചിത്രം. പ്രിയന്‍റെ തഴക്കം വന്ന സംവിധാന ശൈലിയിലൂടെ ഹൃദയസ്പര്‍ശിയായ അനുഭവമായി ബില്ലു മാറുകയാണ്. ശ്രീനിവാസന്‍ മലയാളത്തില്‍ സൃഷ്ടിച്ച സംഭാഷണങ്ങളോട് നിലവാരത്തിന്‍റെ കാര്യത്തില്‍ കിടപിടിക്കുന്നുണ്ട് മനിഷാ കോര്‍ഡെയുടെ ഡയലോഗുകള്‍.
കുറച്ചധികം ഗാനങ്ങള്‍ തിരുകിയിട്ടുണ്ട് എന്നത് മാത്രമാണ് പ്രേക്ഷകനെ അല്‍പം അസ്വസ്ഥനാക്കുന്നത്. എങ്കിലും ഗാനചിത്രീകരണത്തിലെ മനോഹാരിതയാല്‍ ആ പാളിച്ചയും പ്രിയദര്‍ശന്‍ മറികടക്കുന്നു. ഗാനങ്ങളില്‍ ദീപിക പദുക്കോണ്‍, കരീന, പ്രിയങ്ക ചോപ്ര തുടങ്ങിയ വന്‍ താരങ്ങളുടെ സാന്നിധ്യവുമുണ്ട്. ഷാരുഖിന്‍റെയും ഇര്‍ഫാന്‍ ഖാന്‍റെയും പ്രകടനം, അനുപമം. കഥ പറയുമ്പോളിന്‍റെ ക്ലൈമാക്സില്‍ മമ്മൂട്ടി പ്രേക്ഷകരുടെ കണ്ണു നനയിച്ചെങ്കില്‍ ഷാരുഖും ആ പ്രകടനത്തില്‍ നിന്ന് പിന്നോട്ടു പോകുന്നില്ല.
ഇര്‍ഫാന്‍റെ ഭാര്യയായി വന്ന ലാറ ദത്തയും ഗംഭീരം. ലാറ ദത്തയെ ഇത്തരമൊരു കഥാപാത്രമായി സങ്കല്‍പ്പിച്ചു നോക്കാന്‍ പോലും കഴിയാത്ത ഹിന്ദി സിനിമാലോകത്താണ് പ്രിയന്‍ ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. ദരിദ്രനായ ഒരു ബാര്‍ബറുടെ ഭാര്യ അനുഭവിക്കേണ്ടി വരുന്ന ദുരിതവും ഇല്ലായ്മകളും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ഈ നായിക.
വി മണികണ്ഠന്‍റെ ഛായാഗ്രഹണവും സുന്ദരം. ഗ്രാമീണദൃശ്യങ്ങളുടെ സ്വാഭാവികത പൂര്‍ണമായും നിലനിര്‍ത്തുന്നതില്‍ പ്രിയനും മണികണ്ഠനും വിജയിച്ചു. പൊള്ളാച്ചിയിലെ സുന്ദരമായ പ്രകൃതിയെ സിനിമയിലേക്ക് ആവാഹിച്ചിരിക്കുകയാണ് ഇവര്‍. ഗാനചിത്രീകരണം നന്നെങ്കിലും പ്രീതം ഈണം നല്‍കിയ ഗാനങ്ങള്‍ ശരാശരി മാത്രമാണ്. ‘ലവ് മേരാ ഹിറ്റ് ഹിറ്റ്’, ‘മര്‍ ജാനീ...’ എന്നീ നമ്പരുകള്‍ ഭേദം.
കുടുംബ പ്രേക്ഷകര്‍ക്ക് ധൈര്യമായി കാണാവുന്ന, ഒരു മികച്ച ചിത്രമാണ് പ്രിയന്‍ ബില്ലുവിലൂടെ നല്‍കിയിരിക്കുന്നത്. വളരെക്കാലത്തിന് ശേഷം, താരങ്ങളല്ലാതെ, കഥാപാത്രങ്ങള്‍ ഭരിക്കുന്ന ഒരു സിനിമ. ബില്ലു പ്രിയന്‍റെ കരിയര്‍ ഗ്രാഫിനെ ഇനിയും ഉയരങ്ങളിലെത്തിക്കുമെന്ന് തീര്‍ച്ച.