ഒരു ഇന്ത്യന്‍ ‘തകര്‍ന്ന’ കഥ അഥവാ ബ്ലെന്‍ഡഡ് മൂവി!- ഒരു ഇന്ത്യന്‍ പ്രണയകഥ റിവ്യൂ

വെള്ളി, 20 ഡിസം‌ബര്‍ 2013 (19:29 IST)
PRO
PRO
ഒരു ഇന്ത്യന്‍ ‘തകര്‍ന്ന’ കഥ, പടത്തിന്റെ പേരല്ല, എന്റെ കാര്യമാണ് പറഞ്ഞത്. സത്യന്‍ അന്തിക്കാ‍ട്- ഇക്ബാല്‍ കുറ്റിപ്പുറം കൂട്ടുകെട്ടില്‍ പിറന്ന ഇന്ത്യന്‍ പ്രണയകഥ കണ്ട് ഇറങ്ങിയപ്പോള്‍ എന്റെ അവസ്ഥ ഇതായിരുന്നു. ഇത്ര ദീര്‍ഘമായ ഇടവേള എടുത്ത് സത്യന്‍ എന്ന സംവിധായകന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല ഒരു ഇന്ത്യന്‍ പ്രണയകഥ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിച്ചു. ഏറെ പറഞ്ഞ് ഫഹദ് ഫാസിലിന്റെ ആരാധകരുടെ തെറി കേള്‍ക്കാന്‍ ഞാനില്ല. കാരണം ഈ സിനിമ അവസാനം വരെ കാണാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം ഫഹദിന്റെ അഭിനയമാണ്.

കഥയുടെ പ്ലോട്ട് പറഞ്ഞാല്‍ ചിലപ്പോള്‍ സംഭവം പിടികിട്ടും, പഴയ ഏതൊക്കെയോ സിനിമകളില്‍ നമ്മള്‍ ഇത് കണ്ടിട്ടുണ്ടെന്ന്. കഥ നടക്കുന്നത് കോട്ടയത്താണ്. അവിടെ ആര്‍ഡി‌എഫ് പാര്‍ട്ടിയുടെ യുവജനവിഭാഗമായ യൂത്ത് കോണ്‍ഫറന്‍സിന്റെ മണ്ഡലം പ്രസിഡന്റാണ് അയ്മനം സിദ്ധാര്‍ഥന്‍ എന്ന ഫഹദ് കഥാപാത്രം. ഭാവിയില്‍ ഒരു എം‌എല്‍‌എ ആകണമെന്നതാണ് സിദ്ധാര്‍ഥന്റെ മോഹം. ഇതിന് എല്ലാ പിന്തുണയും നല്‍കുന്നത് ഉതുപ്പ് വള്ളിക്കാടന്‍ എന്ന പാര്‍ട്ടിയുടെ ജില്ലാ നേതാവാണ്. ഈ കഥാപാത്രം ഇന്നസെന്റിന്റെ കൈയില്‍ ഭദ്രമാണ്.

അടുത്ത പേജില്‍: രാഷ്ട്രീയക്കാരനെ പ്രണയിച്ച പെണ്‍കുട്ടി

PRO
PRO
സിദ്ധാര്‍ഥന്റെ ജീവിതത്തിലേക്ക് ഐറിന്‍ എന്ന എന്‍‌ആര്‍‌ഐ പെണ്‍കുട്ടി എത്തുന്നതോടെയാണ് കഥയില്‍ വഴിത്തിരിവുണ്ടാകുന്നത്. ഒരു ഡോക്യുമെന്ററി എടുക്കുന്നതിനാ‍യാണ് കാനഡയില്‍നിന്ന് അമലാ പോളിന്റെ ഐറിന്‍ കേരളത്തിലെത്തുന്നത്. എന്നാല്‍ ഐറിന്റെ യഥാര്‍ഥ ഉദ്ദേശ്യം അതല്ലെന്ന് സിദ്ധാര്‍ഥന്‍ മനസിലാക്കുന്നു. ഇതൊക്കെ കേട്ട് വലിയ സംഭവമാണെന്ന് ആരും കരുതരുത്.

അങ്ങനെ ആ ഉദ്ദേശ്യവും രണ്ട് പാട്ടും കൂടി കഴിയുമ്പോള്‍ പടം ശുഭം. ഇതാണ് സിനിമയുടെ ഒരു തീം. പക്ഷേ സിനിമയുടെ ആദ്യ പകുതി രസകരമാണ്. ആദ്യ പകുതി എത്ര രസകരമായാലും രണ്ടാം പകുതിയിലും ക്ലൈമാക്സിലും അതു തുടരാനായില്ലെങ്കില്‍ ആ പടം പ്രേക്ഷകനെ മടുപ്പിക്കും എന്ന സത്യം ഓര്‍മ്മിപ്പിക്കുന്നു ഈ പ്രണയകഥ.

അടുത്ത പേജില്‍: കെആര്‍പി അഥവാ സിദ്ധാര്‍ഥന്‍!


PRO
PRO
കെആര്‍പിയെ ഓര്‍മ്മയില്ലേ? സന്ദേശം എന്ന സിനിമയില്‍ ജയറാം അവതരിപ്പിച്ച പ്രകാശന്‍ എന്ന യുവ രാഷ്ട്രീയനേതാവ്. ആ കഥാപാത്രത്തിന്റെ പുതിയ അവതാരമാണ് ഫഹദിന്റെ സിദ്ധാര്‍ഥന്‍. അമലാ പോളിന്റെ കഥാപാത്രം ശരിയ്ക്കും എന്റെ സൂര്യപുത്രിയിലെ അമലയുടെ കഥാപാത്രവും. ഇപ്പോള്‍ സിനിമയുടെ കഥ പിടികിട്ടിയില്ലേ?

ചുരുക്കത്തില്‍ സന്ദേശത്തിലെ പ്രകാശനെ എടുത്ത് സൂര്യപുത്രിയെ ചേര്‍ത്ത് ബ്ലെന്‍ഡാക്കിയ ചലച്ചിത്രകാവ്യമാണ് ഇന്ത്യന്‍ പ്രണയകഥ. ചില സമകാലീന പ്രശ്നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. ഫഹദ് സുന്ദരമായി അഭിനയിച്ചിരിക്കുന്നു. അമലാ പോളും മികച്ച കൈയടക്കത്തോടെയാണ് കഥാപാത്രത്തെ സമീപിച്ചിരിക്കുന്നത്.

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗറിന്റെ സംഗീതം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം- പ്രദീപ് നായര്‍. ഡയമണ്ട് നെക്ലേസിനു ശേഷം ഇക്ബാല്‍ കുറ്റിപ്പുറം എഴുതുന്ന ചിത്രമെന്ന മുന്‍‌ധാരണയും പ്രതീക്ഷയുമാവാം എന്നെ തകര്‍ത്തത്. തീര്‍ച്ചയായും കടുത്ത സത്യന്‍ അന്തിക്കാട് ഫാന്‍സിന് പടം ഇഷ്ടപ്പെടും.



വെബ്ദുനിയ വായിക്കുക