ഐ വി ശശിയെ വെള്ളത്തൂവല്‍ രക്ഷിക്കില്ല

ചൊവ്വ, 26 മെയ് 2009 (16:50 IST)
വികാരനിര്‍ഭരമായ ഭാഷയില്‍ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മാതൃഭൂമിയില്‍ എഴുതുന്ന ആത്മകഥാപരമായ കുറിപ്പുകള്‍ അപൂര്‍വ സുന്ദരങ്ങളാണ്. ഐ വി ശശിയെ പറ്റിയും ജോണ്‍ പോള്‍ അതില്‍ എഴുതിയിരുന്നു. വളരെ പ്രതിഭാധനനായ ഒരു സംവിധായകനായാണ് ഐ വി ശശിയെ ജോണ്‍ പോള്‍ അവതരിപ്പിക്കുന്നത്. ഐ വി ശശി പ്രതിഭാധനനായ സംവിധായകന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോഴല്ല. ജോണ്‍ പോള്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത 'വെള്ളത്തൂവല്‍' എന്ന പുതിയ സിനിമ അതിന് തെളിവാണ്.

ജിയയും(നിത്യ) മനുവും(രജിത് മേനോന്‍) ക്ലാസ്‌മേറ്റുകളാണ്. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നു. പണക്കാരിയാണ് ജിയ. കര്‍ക്കശക്കാരിയായ അമ്മയെ(സീമ) ഒട്ടും ഇഷ്ടപ്പെടാത്ത ജിയക്ക് വേണ്ടത്, സ്നേഹമാണ്, കറപുരളാത്ത സ്നേഹം. കുടിയനായ രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം കഴിയുന്ന മനുവിനാവട്ടെ ജീവിതം നരകതുല്യമാണ്. മരണമടഞ്ഞുപോയ അച്ഛന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പഴയൊരു മോട്ടോര്‍ബൈക്കില്‍ വീടാകുന്ന നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുങ്ങുന്ന മനുവിന്റെ കൂടെ ജിയയും കൂടുന്നു.

കാടും മേടും കടന്ന്, ആടിയും പാടിയും അവരങ്ങനെ പാറിപ്പറക്കുകയാണ് - യാത്രയ്ക്ക് ഒരു ലക്‌ഷ്യവും ഇല്ലാതെ. ഇതിനിടയില്‍ അവര്‍ മഴ നനയുന്നുണ്ട്, കള്ള് കുടിക്കുന്നുണ്ട്. മനുവിനൊപ്പം ജിയ ഒളിച്ചോടിപ്പോയത് ജിയയുടെ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. എന്നാല്‍ കുട്ടികളുടെ ഉള്ളില്‍ ഒരിക്കലും പ്രണയം മൊട്ടിട്ടില്ലെന്ന് ആരറിയുന്നു! പ്രണയബദ്ധരാവാതെ, പ്രണയിച്ച്, ഒളിച്ചോടിപ്പോയെന്ന സമൂഹത്തിന്റെ കുറ്റപ്പെടുത്തല്‍ ഏറ്റുവാങ്ങുകയാണ് ഇരുവരും.

തീരെ ചെറിയ കഥനൂലിലാണ് വെള്ളത്തൂവല്‍ തൂങ്ങിക്കിടക്കുന്നത്. നിഷ്കളങ്ക സ്നേഹത്തെ പറ്റി ഉപന്യസിക്കാനാണ് ഐ വി ശശിയും ജോണ്‍ പോളും ശ്രമിക്കുന്നത്. എന്നാല്‍ അത്യാവശ്യം കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രായമുള്ള ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആടിപ്പാടിയും മഴയില്‍ നനഞ്ഞും നിഷ്കളങ്ക സ്നേഹം അന്വേഷിക്കുന്നതിന്റെ യുക്തി പ്രേക്ഷകര്‍ക്ക് മനസിലാവാതെ പോവുന്നു.

അടുത്ത താളില്‍ വായിക്കുക, ‘വെള്ളത്തൂവലി‍ന് പഴക്കമണം വേണ്ടുവോളം’

വെള്ളത്തൂവല്‍ പോലെ പാറിക്കളിക്കുന്ന കൌമാരമനസുകളെ പറ്റിയുള്ള ഈ സിനിമയുടെ സാരോപദേശം ഇതാണ് - കൌമാരക്കാരെ ശരിയായി മനസിലാക്കുന്ന കാര്യത്തില്‍ നാമിനിയും മുമ്പോട്ട് പോവേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ സാരോപദേശം പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ സിനിമ വിജയിക്കുന്നുമില്ല.

വേഗതയേറിയ ഷോട്ടുകളും കഥ പറച്ചിലിന്റെ പുതിയ തന്ത്രങ്ങളുമായി നവ സംവിധായകരുടെ സിനിമകള്‍ പ്രേക്ഷകരെ മാടിവിളിക്കുമ്പോള്‍ മന്ദഗതിയില്‍ പറഞ്ഞുപോവുന്ന ഒരു വണ്‍ലൈനര്‍ കഥയുമായി ‘വെള്ളത്തൂവല്‍’ എന്ന സിനിമയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല.

അതിരാത്രം എന്ന ചിത്രത്തിന് ശേഷം ഐ വി ശശിക്കു വേണ്ടി ജോണ്‍പോള്‍ തിരക്കഥയെഴുതുന്ന ‘വെള്ളത്തൂവലി‍’ന് പഴക്കമണം വേണ്ടുവോളമുണ്ട്. എണ്‍‌പതുകളില്‍ നിന്ന് രണ്ടായിരത്തിനുമപ്പുറത്തേക്ക് വളരാന്‍ ഇരുവര്‍ക്കും ആവുന്നില്ല എന്നിടത്താണ് ‘വെള്ളത്തൂവല്‍’ നിരാശപ്പെടുത്തുന്നത്.

ഗോള്‍ എന്ന സിനിമയിലൂടെ പ്രശസ്തനായ രജിത് മേനോനാണ് വെള്ളത്തൂവലിലെ നായകന്‍. ആകാശഗോപുരത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയ നിത്യയാണ് രജിത്തിന് നായികയാകുന്നത്. ഇരുവരും വലിയ തരക്കേടില്ലാതെ ലഭിച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. ലാലു അലക്സും ജഗതിയും സീമയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ജ്യോതിര്‍മയിയും ഇവര്‍ക്കൊപ്പമുണ്ട്.

ഗിരീഷ്‌ പുത്തഞ്ചേരി രചിച്ച് ജോണ്‍സണ്‍ ഈണമിട്ടിരിക്കുന്ന ഗാനങ്ങള്‍ ഇമ്പമുള്ളവയല്ല. ആനന്ദക്കുട്ടന്‍റെ ഛായാഗ്രഹണം തരക്കേടില്ല. അനുഗ്രഹ ആര്‍ട്സിനു വേണ്ടി വെള്ളത്തൂവല്‍ നിര്‍മിച്ചിരിക്കുന്നത് സി എം രാജുവാണ്. മുളകുപാടം ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക