ചെന്നെയില്‍ സത്യം കോംപ്ലക്സിന് വെളിയില്‍ ഞാന്‍ മഴ നനഞ്ഞുനിന്നു. മഴക്കാലത്ത് അപൂര്‍വമായി മാത്രമേ ചെന്നൈയില്‍ എത്തിയിട്ടുള്ളൂ. ഇപ്പോഴത്തെ വരവിന് രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. രോഹിണിക്കും മോനുമൊപ്പം ദീപാവലി ആഘോഷിക്കുക. 'ഏഴാം അറിവ്' കാണുക.
ബോധിധര്മ്മന് എന്ന പല്ലവ രാജാവിനെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. ഒരിക്കല്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനോട് ഞാന്‍ ബോധിധര്മ്മനെക്കുറിച്ച് പറഞ്ഞിട്ടും ഉണ്ട്. മലയാളത്തിന് ആ സബ്ജക്ട് ദഹിക്കുമോ എന്ന് അദേഹം എന്നോട് ചോദിച്ചു. ശരിയാണ്, മലയാളത്തിന്റെ ബജറ്റ് വച്ച് അത്തരമൊഴു വിഷയം കൈകാര്യം ചെയ്യുക ദുഷ്കരമായിരുന്നു.
എ ആര് മുരുഗദോസ് ബോധിധര്‍മ്മനെ തൊട്ടുകളിക്കുന്നു എന്നു കേട്ടപ്പോള്‍ സന്തോഷമായി. തമിഴ് സിനിമാശീലങ്ങളില്‍ പതിവില്ലാത്ത ഒരു കഥാപരിസരത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് സന്തോഷമുള്ള കാര്യം തന്നെ. സൂര്യ എന്ന കഠിനാദ്ധ്വാനിയായ നടന് ബോധിധര്‍മ്മനെ ഉജ്ജ്വലമാക്കാന്‍ കഴിയുമെന്നും വിശ്വസിച്ചു.
എന്നാല്‍ പ്രതീക്ഷകളെയെല്ലാം തച്ചുടയ്ക്കുന്ന ഒരു സിനിമയാണ് ഏഴാം അറിവ്. സിനിമ എന്ന നിലയില്‍ എന്റര്ടെയ്ന് ചെയ്യാനോ, ഇപ്പോള്‍ ഈ സിനിമ ചെയ്യേണ്ടിയിരുന്നതിന്റെ ആവശ്യകത പ്രേക്ഷകരെ ബോധ്യപ്പെടുത്താനോ, എന്തിന് ഒരു ഡോക്യുമെന്ററി എന്ന നിലയിലെങ്കിലും സത്യസന്ധത പുലര്‍ത്താനോ മുരുഗദോസിനും ടീമിനും കഴിഞ്ഞിട്ടില്ല. ദൃശ്യധാരാളിത്തം കണ്ട് വിസ്മയിക്കട്ടെ എന്നാണ് സംവിധായകന് ഉദ്ദേശിച്ചതെങ്കില്‍ അതിന് ഹോളിവുഡ് മസാലകള്‍ ധാരാളം ഇറങ്ങുന്നുണ്ട്. പ്രേക്ഷകരോട് നീതി പുലര്‍ത്താന്‍, കൈകാര്യം ചെയ്ത സബ്ജക്ടിനോട് നീതിപുലര്‍ത്താന്‍ കഴിയാതെ പോയ ഒരു ചിത്രമാണ് ഏഴാം അറിവ് എന്ന് പറയേണ്ടിവരുന്നത് സങ്കടകരമാണ്.
അടുത്ത പേജില്‍ - ഒരു ജൈവയുദ്ധവും തമാശകളും
PRO
PRO
ആറാം നൂറ്റാണ്ടില്‍ നിന്നാണ് കഥ തുടങ്ങുന്നത്. അന്ന് തമിഴ്നാടിന്റെ ഒരു ഭാഗം ഭരിച്ചിരുന്നത് പല്ലവ രാജവംശമായിരുന്നു. ബോധിധര്മ്മന് എന്ന പല്ലവ രാജകുമാരന് സര്‍വ്വ ആയോധന കലകളുടെയും തമ്പുരാനായിരുന്നു. അദ്ദേഹത്തിന് വൈദ്യം വശമുണ്ടായിരുന്നു. എന്തിന്, 'നോക്കുമര്‍മ്മം' പോലും (ഹിപ്നോട്ടിസം തന്നെ) വഴങ്ങിയിരുന്നു. ചീനനാട്ടിലേക്ക്(ചൈന) ബോധിധര്മ്മന് പോകേണ്ടിവരുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. അദ്ദേഹത്തില്‍ നിന്ന് ചൈനക്കാര്‍ ആയോധനകലകളെല്ലാം അഭ്യസിച്ചു. പക്ഷേ, ബോധിധര്മ്മന് ചൈനയില്‍ നിന്ന് ഒരു മടക്കയാത്ര ഉണ്ടായില്ല. അദ്ദേഹം മരിച്ചു, ചൈനയില്‍ തന്നെ ശരീരം അടക്കം ചെയ്യുകയും ചെയ്തു.
സിനിമയുടെ ആദ്യപകുതിയില്‍ ഒരു ഡോക്യുമെന്ററി രീതിയിലാണ് ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. അത്യാവശ്യം ബോറടിപ്പിക്കുന്ന ആഖ്യാനം തന്നെ. പക്ഷേ, രവി കെ ചന്ദ്രന്റെ മാസ്മരികമായ ഛായാഗ്രഹണ പാടവത്താല്‍ നമ്മള് തിരക്കഥയിലെ കൈക്കുറ്റപ്പാടുകള്‍ ക്ഷമിച്ചുകൊടുക്കും.
ഫ്ലാഷ് ബാക്ക് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ നമ്മള് കാണുന്നത് അരവിന്ദ് എന്ന സര്‍ക്കസ് ആര്‍ട്ടിസ്റ്റിനെയാണ്. അടിച്ചുപൊളിച്ച് ജീവിക്കുകയാണ് അരവിന്ദ്. ബോധിധര്‍മ്മനായും അരവിന്ദ് ആയും നടിച്ചിരിക്കുന്നത് സൂര്യ. അയാള്‍ അയാള്ടെ ജോലി വൃത്തിയായി ചെയ്തിട്ടുണ്ട്. ചിത്രത്തിലൊരിടത്തും സൂര്യയെ നമ്മള് കാണില്ല. ബോധിധര്‍മ്മനും അരവിന്ദും തന്നെ.
അരവിന്ദിന്റെ ഡി എന്‍ എയും ബോധിധര്‍മ്മന്റെ ഡി എന്‍ എയും തമ്മിലുള്ള സാദൃശ്യം കണ്ടെത്തുന്ന ശാസ്ത്രജ്ഞ ശുഭാ ശ്രീനിവാസന്(ഷ്രുതി ഹാസന്) കഥ വീണ്ടും വഴിത്തിരിവിലെത്തിക്കുന്നു. അവള് ബോധിധര്‍മ്മനെ തിരിച്ചുകൊണ്ടുവരാനുള്ള പരിപാടിയിലാണ്.
ഇന്ത്യയുമായി ജൈവയുദ്ധത്തിനൊരുങ്ങുന്ന ചൈനയ്ക്ക് അത് പിടിക്കുമോ? അവര്‍ ആയോധനമുറകളില്‍ അഗ്രഗണ്യനായ ഡോംഗ് ലീ(ജോണി ട്രി ഗുയന്‍)യെ ഇന്ത്യയിലേക്ക് അയയ്ക്കുന്നു. ശുഭാ ശ്രീനിവാസന്റെ ഗവേഷണങ്ങള്‍ തടസപ്പെടുത്തുകയാണ് അയാളുടെ ലക്ഷ്യം.
അരവിന്ദ് ആണാണെങ്കില്‍ അതിന് സമ്മതിക്കുമോ? ഇതാണ് ഏഴാം അറിവിന്റെ കഥ. കേള്‍ക്കുമ്പോള്‍ വലിയ സംഭവമെന്നൊക്കെ തോന്നാമെങ്കിലും ഈ വലിയ കഥയെ മുരുഗദോസ് തീരെ ചെറുതാക്കിക്കളഞ്ഞു!
അടുത്ത പേജില്‍ - നോ ത്രില്‍, നോ സസ്പെന്‍സ്
PRO
PRO
'ഗജിനി' എന്ന മെഗാഹിറ്റ് ഒരുക്കിയ ടീം വീണ്ടും ഒന്നിച്ചുചേരുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമുയരുന്നതില് അത്ഭുതപ്പെടാനില്ല. ഏഴാം അറിവിന് ഏറ്റവും ദോഷം സൃഷ്ടിച്ചതും അതുതന്നെ. ഗജിനിക്കുമേലെ പ്രതീക്ഷിച്ചെത്തിയവര്‍ക്ക് ഗജിനിയോളമെങ്കിലും നല്കാന് സംവിധായകന് ബാധ്യസ്ഥനാണ്. എന്നാല്‍ ആഖ്യാനത്തില്‍ ഗജിനിയേക്കാള്‍ ഒരുപാട് താഴെയാണ് ഏഴാം അറിവ് കസേരയിട്ട് ഇരിപ്പുറപ്പിക്കുന്നത്.
സാമാന്യ ലോജിക്കിന് നിരക്കാത്ത ഒട്ടേറെ കാര്യങ്ങള്‍ കുത്തിനിറച്ച്, ഒരാവശ്യവുമില്ലാതെ ഗാനരംഗങ്ങള്‍ തിരുകി മുരുഗദോസ് ഒരു സിനിമ ഉണ്ടാക്കിയിരിക്കുകയാണ്. ദഹിക്കാത്ത വിഷയത്തെ വിരസമാക്കി അവതരിപ്പിച്ചിരിക്കുന്നത് കണ്ട് മനസുമടുത്ത പ്രേക്ഷകന് ഇരട്ട പ്രഹരമാണ് അടിക്കടിയുള്ള ഗാനങ്ങള്‍. അതിലൊരെണ്ണം ചൈനീസ് സോംഗാണ്. അതാണെങ്കില്‍ നമ്മുടെ 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' മാതിരിയൊന്ന്.
നോക്കുമര്‍മ്മവും ജൈവയുദ്ധവും ഡി എന്‍ എ ട്രാന്‍സ്പ്ലാന്റുമൊക്കെയായി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കഥ രണ്ടാം പകുതിയിലെത്തുമ്പോള്‍ ഏതൊരു ഏഴാം ക്ലാസുകാരനും പ്രവചിക്കാവുന്ന രീതിയിലേക്ക് മാറുന്നു. രണ്ടാം പകുതി തുടങ്ങുമ്പോഴേ നമുക്കറിയാം ഈ വണ്ടി എവിടെ ഇടിച്ചുനില്ക്കുമെന്ന്. അവിടെത്തന്നെ നിന്നു. നോ ത്രില്‍, നോ സസ്പെന്‍സ്.
ഗജിനി വിജയിച്ചതിന്റെ പ്രധാന കാരണം കേന്ദ്ര കഥാപാത്രങ്ങളായ സഞ്ജയ് രാമസ്വാമിയും കല്‍പ്പനയും തമ്മിലുള്ള പ്രണയരംഗങ്ങളും അതിലെ തമാശകളുമാണ്. ഏഴാം അറിവിലെ അരവിന്ദും ശുഭയും തമ്മില്‍ പ്രണയിക്കുന്നതുകണ്ടാല് നമുക്ക് ഓടിപ്പോകാന്‍ തോന്നും. ആരോ അവരെ നിര്‍ബന്ധിച്ച് പ്രണയത്തില്‍ വീഴ്ത്തിയത് പോലെ.
ഡോംഗ് ലീയുടെ ഹിപ്നോട്ടിസം ട്രാക്കും ശുഭാ ശ്രീനിവാസന്റെ ശാസ്ത്ര വിവരണങ്ങളുമൊക്കെ പ്രേക്ഷകന്റെ തലയില്‍ ഏല്ക്കുന്ന അടിയാണ്. ഒടുവില്‍ യാതൊരു വികാരവും പ്രേക്ഷകരില്‍ സൃഷ്ടിക്കാതെ ചിത്രം അവസാനിക്കുന്നു. സിനിമയുടെ തുടക്കത്തില്‍ ആവേശം കൊണ്ട് തുള്ളിച്ചാടിയ സൂര്യ ഫാന്‍സ് ചിത്രം തീരുമ്പോള്‍ ആര്‍ത്തലച്ച് കൂവുന്നത് കണ്ടു.
അടുത്ത പേജില്‍ - വേലായുധം വേണ്ടെങ്കില്‍ ഏഴാം അറിവ് കാണാം
PRO
PRO
സൂര്യയും ഷ്രുതി ഹാസനും വില്ലന്‍ ജോണി ട്രി ഗുയനും ഗംഭീരമായി. അല്ലെങ്കില്‍ അവരുടെ പ്രകടനങ്ങളാണ് ചിത്രത്തിന് അല്‍പ്പമെങ്കിലും ജീവന് നല്‍കുന്നത്. അവിടവിടെ പൊട്ടിപ്പോകാന്‍ പാകത്തില്‍ ദുര്‍ബലമായ തിരക്കഥ തന്നെയാണ് ഏഴാം അറിവിനെ കുരുതി കൊടുത്തത്.
ഏത് അക്രമവും സഹിക്കാം. കല്ലേറും കണ്ണീര് വാതകവും. പക്ഷേ അതിനൊക്കെ ഒരു പരിധിയുണ്ട്. സിനിമ നിറയെ പ്രേക്ഷകന് നേരെയുള്ള ആക്രമണം ഒളിപ്പിച്ചുവച്ചിരിക്കുകയാണെങ്കില് സഹികെടുമെന്ന് പ്രത്യേകിച്ച് പറയണോ? കടിച്ചാല്‍ പൊട്ടാത്ത ശാസ്ത്രവും ചിന്താകുഴപ്പമുണ്ടാക്കുന്ന ആശയവുമായിരിക്കരുത് സിനിമ. എത്ര ഗഹനമായ വിഷയവും ലളിതമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ പ്രേക്ഷകര്‍ തിരസ്കരികുമെന്നതിന് സംശയം വേണ്ട.
നൂറുകോടിയോളം മുടക്കി റെഡ് ജയന്റ് മൂവീസ് ഒരുക്കിയ ഏഴാം അറിവ് കാണാം, മറ്റ് ജോലിയൊന്നുമില്ലെങ്കില്‍. വേലായുധമോ രാവണോ കാണാന്‍ താല്‍പ്പര്യമില്ലെങ്കില്‍. കടുത്ത സൂര്യ ഫാന്‍ ആണെങ്കില്‍. മുരുഗദോസ് ഉരുട്ടിത്തരുന്നതെന്തും വെള്ളം തൊടാതെ വിഴുങ്ങുന്നവരാണെങ്കില്. സിനിമ തുടങ്ങിയാലുടന്‍ ഉറങ്ങാന്‍ അതിയായ താല്‍പ്പര്യമുള്ളവരാണെങ്കില്‍.