അന്‍വര്‍ റഷീദിന്റെ കൈത്തണ്ടയില്‍ എഴുതാം - നന്ദി. മലയാളത്തിന് ഇത്രയും നവ്യമായ ഒരു സിനിമ സമ്മാനിച്ചതിന് നന്ദി. സമൂഹത്തിലെ ദൈന്യജീവിതങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയതിന് നന്ദി. അവിഹിതവും അശ്ലീലവുമല്ല നവതലമുറചലച്ചിത്രങ്ങളുടെ മുഖമുദ്രയെന്ന് വിളിച്ചുപറഞ്ഞതിന് നന്ദി. വാക്കുകളില്ല പറയാന്‍, അന്‍വറിന്റെ സിനിമയിലെ ആ കുട്ടികളുടെ ഹൃദയഭാഷയേ വരുന്നുള്ളൂ, അതുകൊണ്ട് അന്‍വര്‍, നിങ്ങളുടെ കൈത്തണ്ടയില്‍ കുറിക്കുന്നു എന്റെ കൃതജ്ഞത.
മലയാള സിനിമയില്‍ ഒരു ഉണര്‍വുണ്ടായിരുന്നു എന്നത് ശരിയാണ്. ട്രാഫിക് മുതല്‍ ഒരു മാറ്റം കണ്ട് തുടങ്ങിയിരുന്നു. എന്നാല്‍ ആ മാറ്റം തെറ്റിദ്ധരിച്ച് ഒരുകൂട്ടം ചലച്ചിത്രപ്രവര്‍ത്തകര്‍ അധമമായ സിനിമാരൂപങ്ങള്‍ സൃഷ്ടിച്ച് ന്യൂ ജനറേഷന് എന്ന് ഞെളിഞ്ഞുനിന്നപ്പോള് നഷ്ടമായത് മലയാളിത്തമായിരുന്നു. അതൊന്നുമല്ല, ഇതാണ്, ഇതാണ്, ഇതാണ് സിനിമ എന്ന് ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിലൂടെ അന്‍വര്‍ റഷീദ് കാണിച്ചുതരികയാണ്.
ഉസ്താദ് ഹോട്ടല്‍ ഒരു ഗംഭീര സിനിമയാണ്. തിയേറ്ററിലെത്തി അത് കാണാന്‍ മടിക്കേണ്ടതില്ല. ഞാന്‍ 150 ശതമാനം റെക്കമെന്റ് ചെയ്യുന്നു. ഈ സിനിമ കണ്ടുകഴിഞ്ഞ് തിയേറ്റര്‍ റെസ്റ്റോറന്റില്‍ കയറി ഒരു ‘സുലൈമാനി’ ഓര്‍ഡര്‍ ചെയ്തു. സുലൈമാനി ഒരു കവിള് നിറച്ച് ആസ്വദിച്ച് കണ്ണടച്ചുനിന്നു. എന്റെയുള്ളിലും പെയ്തിറങ്ങി - ആ പഴയ പ്രണയകാലം.
അന്‍വര്‍ റഷീദും അഞ്ജലി മേനോനും പകര്ന്നുനല്കുന്ന ഈ പുതിയ അനുഭവം മിസ് ചെയ്യരുത്. മിസ് ചെയ്താല്‍, സിനിമയില്‍ നിന്ന് അപൂര്‍വമായി മാത്രം പകര്‍ന്നുകിട്ടുന്ന അനുഭൂതി നഷ്ടപ്പെടുത്തലാകും അത്.
അടുത്ത പേജില്‍ - ഫൈസിയുടെ കഥ, ഫൈസിയുടെ മാത്രം കഥ!
PRO
ഉസ്താദ് ഹോട്ടല്‍ ഫൈസി(ദുല്‍ക്കര്‍ സല്മാന്) എന്ന ചെറുപ്പക്കാരന്റെ കഥയാണ്. അവന്റെ മാത്രം കഥയാണ്. അവനേക്കുറിച്ച് മാത്രം പറയാനാണ് അഞ്ജലി മേനോന് എന്ന തിരക്കഥാകൃത്ത് ശ്രമിച്ചത്. അവനിലൂടെ അവന് ജീവിക്കുന്ന ലോകം കാണിച്ചുതരുന്നു. അവന്റെ ജീവിതം പോകുന്ന വഴികളിലൂടെ, ഒരു ചെറുപ്പക്കാരന് ഇങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് കാട്ടിത്തരുന്നു.
ക്വട്ടേഷന്‍ സംഘങ്ങളോടൊപ്പം ചേര്‍ന്ന് മനുഷ്യസഹോദരങ്ങളുടെ ജീവനെടുക്കുന്നതല്ല ജീവിതം എന്ന് ചെറുപ്പക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ് ഉസ്താദ് ഹോട്ടല്‍. ജീവിതം ചുറ്റുമുള്ള ജീവിതങ്ങള്‍ കാണാന്‍ വേണ്ടി ഉപയോഗിക്കണം. ‘ഹ്യൂമന്‍ വേസ്റ്റ്’ ഭക്ഷണമായി ഉപയോഗിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട് എന്ന തിരിച്ചറിവോടെ ജീവിക്കണം. പണത്തിനും അധികാരത്തിനും വേണ്ടി വടംവലി നടത്തുന്നതിനിടയില്‍ സമൂഹത്തിന്റെ കണ്ണീര് കാണാനുള്ള കണ്ണുകളുണ്ടാകണം. ഇതൊക്കെയാണ് ഉസ്താദ് ഹോട്ടല്‍ പറഞ്ഞുതരുന്നത്. അതുകൊണ്ടുതന്നെ യുവജനങ്ങള്‍ക്കുള്ള ഏറ്റവും നല്ല സന്ദേശമായി മാറുകയാണ് ഉസ്താദ് ഹോട്ടല്‍.
മദ്യപിച്ചുകൊണ്ട് മദ്യത്തിനെതിരെ പ്രസംഗിക്കുന്നതുപോലെ അപഹാസ്യമായല്ല ഉസ്താദ് ഹോട്ടലിന്റെ സന്ദേശം പടരുന്നത്. അത് നല്ല ബിരിയാണിയുടെയും കല്ലുമ്മക്കായയുടെയും രുചിയറിയിച്ച് പ്രേക്ഷകരെ വശീകരിക്കുകയാണ്. ജീവിതത്തിന്റെ അര്‍ത്ഥം പകര്‍ന്നുകൊടുക്കുകയാണ്.
ഭക്ഷണം എങ്ങനെ ഉണ്ടാക്കണം എന്ന് മാത്രമല്ല, എന്തിന് ഉണ്ടാക്കണം എന്നുകൂടി പറഞ്ഞുതരുന്ന സിനിമ. കണ്ണീര് പോലെ ശുദ്ധമായ കഥ. പറഞ്ഞാലും പറഞ്ഞാലും ഉസ്താദ് ഹോട്ടലിന്റെ നന്മ തീരുന്നില്ല. അതുകൊണ്ടാണ് അന്‍വറിന്റെ കൈത്തണ്ടയില്‍ മനസിന്റെ നന്ദി കുറിച്ചിടുന്നത്.
അടുത്ത പേജില്‍ - അവിടെ അയാളുണ്ട്, കരീംക്ക !
PRO
ഫൈസിയെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. മാമുക്കോയയുടെ ശബ്ദത്തിലാണ് ഫൈസിയെ പരിചയപ്പെടുത്തുന്നത്. നാലു സഹോദരിമാര്‍ക്ക് ഏക സഹോദരന്. അവന്റെ ജനനകഥ പറഞ്ഞപ്പോള്‍ എനിക്ക് സോള്‍ട്ട് ആന്റ് പെപ്പറിലെ ‘യുദ്ധം അവസാനിപ്പിച്ച കേക്ക്’ ഓര്‍മ്മ വന്നു. അതുപോലെ രസകരമായ ഒരു എപ്പിസോഡായിരുന്നു ഇത്.
ഫൈസിയുടെ ബാപ്പ(സിദ്ദിക്ക്)യുടെ സ്വപ്നമായിരുന്നു ഫൈസി. അവന് തന്റെ ബിസിനസ് ലോകത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതും അങ്ങനെ ‘വെപ്പുകാരന് അബ്ദൂന്റെ മോന്’ എന്ന് തനിക്കുള്ള ചീത്തപ്പേര് മാറ്റുന്നതുമായിരുന്നു അയാളുടെ ആഗ്രഹം. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഹോട്ടല്‍ മാനേജുമെന്റ് പഠിക്കാന്‍ പോയ ഫൈസി ഷെഫാകാനാണ് പഠിച്ചത്. അത് അവന്റെ രക്തത്തിലുള്ളതായിരുന്നു. തീരെ കുഞ്ഞിലേ അടുക്കളയില്‍ കയറി ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമായിരുന്ന ഫൈസി.
അവന് തിരിച്ചുവന്നപ്പോള്‍ അവനുവേണ്ടി വലിയൊരു പണച്ചാക്കിന്റെ മകളെ നിശ്ചയിച്ചുറപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു ബാപ്പ. പക്ഷേ ചെക്കന് ഹോട്ടല്‍ മാനേജുമെന്റല്ല പാചകമാണ് പഠിച്ചതെന്ന് മനസിലാക്കിയയുടന്‍ അവള്, ഷാഹിന(നിത്യാ മേനോന്) പെണ്ണുകാണല്‍ ചടങ്ങ് അവസാനിപ്പിച്ചു. ഫൈസിയുടെ ബാപ്പയ്ക്ക് ആകെ നാണക്കേടായി. ലണ്ടനില്‍ ഒരു ഹോട്ടലില്‍ ഷെഫായി ജോലി ഉറപ്പിച്ചിരുന്ന ഫൈസിയുടെ പാസ്പോര്‍ട്ടും പേപ്പറുകളും കൈക്കലാക്കി ബാപ്പ ആജ്ഞാപിക്കുന്നു - ഞാന്‍ പറയുന്നതുപോലെ ചെയ്യൂ, ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങൂ...
എന്തായാലും അവിടെനിന്ന് രക്ഷപ്പെട്ട് ഫൈസി കോഴിക്കോട്ടെത്തുകയാണ്. അവിടെ അവന്റെ ഉപ്പൂപ്പ, കോഴിക്കോട്ടുകാരുടെ കരീംക്ക(തിലകന്) ഉണ്ട്. അയാള്‍ അവിടെ ബീച്ചില്‍ രുചിയുടെ താവളം നടത്തുകയാണ്. അതേ, ഉസ്താദ് ഹോട്ടല്‍. അവിടെ ഫൈസിക്ക് അഭയം ലഭിക്കുന്നു.
അടുത്ത പേജില്‍ - ഉസ്താദ് ഹോട്ടലിന് പുതുജീവന്‍ ലഭിക്കുമ്പോള്‍
PRO
നമ്മുടെ യുവജനങ്ങള്‍ നിലപാടുകളെടുക്കുന്നതില്‍ പരാജയപ്പെടുകയാണ് പലപ്പോഴും. കൃത്യമായ ഒരു സ്റ്റാന്‍ഡ് ഒന്നിനുമില്ല. അല്ലെങ്കില്‍ കൃത്യമായ കാഴ്ചപ്പാടില്ലാത്തതിന്റെ കുഴപ്പം. ലണ്ടനില്‍ ഒരു ഇംഗ്ലീഷുകാരിയുമായി ജീവിതം സ്വപ്നം കണ്ടാണ് ഫൈസി ഇന്ത്യയിലേക്ക് വരുന്നത്. അവന് തീര്‍ത്തും നിഷ്കളങ്കനാണ്. ആ ഇംഗ്ലീഷുകാരി അവന്റെ അസാന്നിധ്യത്തില്‍ മറ്റൊരുത്തനെ സ്വീകരിക്കുമ്പോള്‍ അവന് അസ്വസ്ഥനാകുന്നു.
പുതിയ തലമുറയിലെ ഏതൊരു ചെറുപ്പക്കാരനെയും പോലെ ഫൈസിയും സ്വാര്‍ത്ഥനാണ്. ഉപ്പൂപ്പ ഹൃദയാഘാതം വന്ന് കിടക്കുമ്പോള്‍ അവന് ഷാഹിനയോട് പറയുന്നത് - “ഉപ്പൂപ്പ ഇനി എന്നെ ഇവിടെ പിടിച്ചുനിര്ത്തുമോന്നാ പേടി. ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗിന് പറ്റിയ സമയമാണല്ലോ” എന്നാണ്. തന്റെ മാത്രം ജീവിതത്തെക്കുറിച്ച്, തനിക്കുണ്ടാകുന്ന ലാഭങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു യുവാവിനെ ജീവിതത്തിന്റെ കയ്പുള്ള വശങ്ങള് പഠിപ്പിച്ചെടുക്കുന്നതിന്റെ കഥയാണ് ഉസ്താദ് ഹോട്ടല്‍.
രണ്ട് കോമ്പിനേഷനുകളാണ് ഈ സിനിമയുടെ ഹൈലൈറ്റുകള്‍. ഒന്ന്, തിലകനും ദുല്‍ക്കര്‍ സല്‍മാനും. രണ്ട്, നിത്യാ മേനോനും ദുല്‍ക്കര്‍ സല്‍മാനും. ഈ രണ്ട് കോമ്പിനേഷനുകളുടെ വശ്യതയാണ് ഉസ്താദ് ഹോട്ടലിന്റെ ഉപ്പും എരിവും. ഉപ്പൂപ്പയെപ്പോലെ ‘മറ്റൊരുത്തന്റെ പെണ്ണിനെ’ കവര്‍ന്നെടുത്ത് ഫൈസിയും ജീവിതം തുടങ്ങുമ്പോള്‍ അവിടെ പുതിയ തലമുറ പഴയ കഥ ആവര്‍ത്തിക്കുകയാണ്. ഫൈസിയിലൂടെ ഉസ്താദ് ഹോട്ടലിന് പുതുജീവന്‍ ലഭിക്കുമ്പോള്‍ പ്രേക്ഷകര്‍ ആശ്വസിക്കുന്നു. അവര്‍ ആഗ്രഹിച്ചത് അതാണ്. അതുമാത്രമാണ്. അതുമാത്രമാണ് ശരിയും.
അടുത്ത പേജില്‍ - ഷാഹിനയെന്ന പെണ്ണും ഫൈസിയെന്ന ചെക്കനും
PRO
ഇനി അഭിനേതാക്കളെക്കുറിച്ച് പറയാം.
ദുല്‍ക്കര്‍ സല്മാന് - വിദേശത്തുനിന്ന് പഠിപ്പ് കഴിഞ്ഞെത്തുന്ന, ജീവിതത്തിന്റെ പരുക്കന്‍ ഭാവങ്ങള്‍ പരിചയമില്ലാത്ത ഇക്കാലത്തെ ഒരു യുവാവിന്റെ ശരീരഭാഷ നല്കി ഫൈസി എന്ന നായക കഥാപാത്രത്തെ ദുല്‍ക്കര്‍ സല്മാന് ഉജ്ജ്വലമാക്കി. പുറംലോകവുമായുള്ള ബന്ധത്തിന് ആകെയുള്ള ഫോണ്‍ പൊട്ടിപ്പോകുമ്പോള്‍, തന്നെ ഇംഗ്ലീഷുകാരി ഗേള്‍ഫ്രണ്ട് വഞ്ചിച്ചു എന്ന് മനസിലാക്കുമ്പോള്‍, ഷാഹിനയുടെ വിവാഹം നിശ്ചയിച്ചു എന്നറിയുമ്പോള്‍, ഭക്ഷണം മോശമായതിന്റെ പേരില്‍ കസ്റ്റമര്‍(ജിഷ്ണു) അവഹേളിക്കുമ്പോള്‍, പാരീസില്‍ തനിക്ക് പുതിയൊരു ജോലി ശരിയായെന്ന് ഉപ്പൂപ്പയോട് സന്തോഷത്തോടെ പറയുമ്പോള്‍ ഒക്കെ ഫൈസിയുടെ ഗെസ്റ്റേഴ്സ് അതിലും മനോഹരമായി മറ്റൊരു അഭിനേതാവിന് അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. തന്റെ രണ്ടാം ചിത്രത്തില്‍ തന്നെ വളരെയേറെ മുന്നേറിയിരിക്കുന്നു ദുല്‍ക്കര്‍.
തിലകന് - അസാധാരണമായ പ്രകടനം. തന്റെ എല്ലാ ശാരീരിക വിഷമതകളും ഉള്‍ക്കൊണ്ട് കരീംക്ക എന്ന കഥാപാത്രത്തെ കരുത്തുറ്റതാക്കി തിലകന്. കൊച്ചുമകനോടുള്ള തന്റെ സ്നേഹവും ‘ഉസ്താദ് ഹോട്ടലി’ന് അവന് തുണയാകുമെന്ന പ്രതീക്ഷയുമെല്ലാം വച്ചുപുലര്‍ത്തുന്ന കോഴിക്കോട്ടെ പച്ചമനുഷ്യനായി തിലകന് ജീവിക്കുകയായിരുന്നു. അയാള്‍ക്ക് നാളേക്ക് സൂക്ഷിച്ചുവയ്ക്കാന്‍ ഒന്നുമില്ല. ഹോട്ടലിലെ തന്റെ ജോലിക്കാരുടെ വിഷമതകള്‍ അയാളുടേതുമാണ്. ജീവിതത്തിന് ഒരു മൂല്യമുണ്ടെന്ന് വിശ്വസിക്കുന്ന കരീംക്ക തിലകന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ ഒരു കഥാപാത്രമാണ്. ശുചിത്വമില്ലായ്മ ആരോപിച്ച് അധികൃതര്‍ ഉസ്താദ് ഹോട്ടല്‍ പൂട്ടിച്ചപ്പോള്‍ എല്ലാം തകര്ന്നവനെപ്പോലെ കരീംക്ക ഒരിരിപ്പ് ഇരിക്കുന്നുണ്ട്. ഇങ്ങനെയൊരു അവസ്ഥയെ ഇത്രയും ഭാവോജ്ജ്വലമായി അവതരിപ്പിക്കാന്‍ തിലകനല്ലാതെ മറ്റാരുണ്ട്?
നിത്യാ മേനോന് - ഷാഹിന എന്ന കഥാപാത്രത്തിന് ഒരു ആഴമുണ്ട്. അവള് തീര്‍ത്തും പ്രാക്ടിക്കലാണ്. തന്നെ പെണ്ണുകാണാന്‍ വന്ന ചെക്കന് ഷെഫാണെന്ന് മനസിലാക്കിയപ്പോള്‍ ആ വിവാഹം വേണ്ടെന്നുവച്ചവളാണ് ഷാഹിന. എന്നാല്‍ തന്റെ തീരുമാനം തെറ്റായിരുന്നു എന്ന് അവള് തന്നെ പിന്നീട് തിരിച്ചറിയുന്നു. ഇന്റര്‍വെലിന് തൊട്ടുമുമ്പ് ദുല്‍ക്കറിനൊപ്പം ഒരു മിനിലോറിയില്‍ അവള് യാത്ര ചെയ്യുന്ന സീനുണ്ട്. അതിന് ശേഷം ലോറിയില്‍ നിന്ന് അവര്‍ ഇറങ്ങി ഓടുന്ന രംഗവും. ഈ സീക്വന്‍സാണ് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ നിത്യാ മേനോന്റെ ഏറ്റവും മികച്ച അഭിനയപ്രകടനം സാധ്യമായ മുഹൂര്‍ത്തം. ‘കെട്ടാന്‍ പോകുന്നവന്റെ വീട്ടുകാര്‍ ഇട്ട സ്വര്‍ണം’ ഉസ്താദ് ഹോട്ടല്‍ തുറക്കാന്‍ വേണ്ടി ഊരിനല്കുമ്പോഴും ഒടുവില്‍ ഫൈസിയുടെ ഭാര്യയായി ഒരു സുലൈമാനിമധുരമുള്ള പ്രണയത്തിന് സാക്ഷാത്കാരം നല്കുമ്പോഴും മനോഹരമായ അഭിനയവൈഭവത്തിലൂടെ നിത്യാ മേനോന് ഉസ്താദ് ഹോട്ടലിന്റെ ഏറ്റവും സുന്ദരമായ കാഴ്ചയാകുന്നു.
സിദ്ദിക്ക്, മാമുക്കോയ, പ്രേംപ്രകാശ്, കുഞ്ചന്‍, ലെന, തമിഴ്നടന്‍ ജെപി തുടങ്ങിയവരും നന്നായി. അതിഥി വേഷത്തിലെത്തിയ ആസിഫ് അലിയും രണ്ടുമിനിറ്റ് നേരം മിന്നി. ആസിഫിനെ ചുറ്റിപ്പറ്റി നിന്ന മാമുക്കോയ ഒടുവില്‍ ചോദിക്കുന്നു - ‘എനിക്കറിയാം, കുഞ്ചാക്കോ ബോബനല്ലേ?” !
അടുത്ത പേജില്‍ - അഞ്ജലിയുടെ സിനിമ, അന്‍വറിന്റെ സിനിമ
PRO
മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോന്റെ എഴുത്തില്‍ മറ്റൊരു ചിത്രം. ഉസ്താദ് ഹോട്ടല്‍ നല്ലൊരു തിരക്കഥയാണ്. അതിന് ഒരു ലക്ഷ്യമുണ്ട്. ഒരു വെറും കച്ചവടക്കണ്ണ് അതിനില്ല. നല്ല വിഷ്വല്സുള്ള തിരക്കഥ. സംഭാഷണങ്ങള്‍ ഹൃദ്യം. തിലകനും ദുല്‍ക്കര്‍ സല്‍മാനും തമ്മിലുള്ള സംഭാഷണങ്ങള്‍ തന്നെ ഉദാഹരണം. വളരെ സ്വാഭാവികവും സ്നേഹം തുളുമ്പുന്നതുമാണ് അവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍.
ഒഴുക്കോടെയുള്ള കഥ പറച്ചിലാണ് സിനിമയ്ക്ക്. ലാഗ് ചെയ്യുന്നുണ്ടോ എന്ന് ഇടവേളയ്ക്ക് ശേഷം ചിലപ്പോള്‍ സംശയിക്കും. എന്നാല്‍ ആ മന്ദതാളം ചിത്രത്തിന് ഏറ്റവും അനിവാര്യമാണെന്നും അതിന് അങ്ങനെയൊരു ഒഴുക്കേ സാധ്യമാകൂ എന്നും പ്രേക്ഷകന് തിരിച്ചറിയാനാകുന്നുണ്ട്.
അന്‍വര്‍ റഷീദ് ഇനിയൊരു സിനിമ ചെയ്തില്ലെങ്കിലും കുഴപ്പമില്ല. അത്ര ഗംഭീരമാണ് ഉസ്താദ് ഹോട്ടല്‍. അത്രയും ഡീറ്റെയിലായിട്ട് അയാള്‍ ഈ കഥയുടെ മര്‍മത്തിലേക്ക് കടന്നിട്ടുണ്ട്. ഓരോ സീനും ഷോര്‍ട്ട് ഡിവിഷനും അതിന്റെ പശ്ചാത്തലങ്ങളുമെല്ലാം ഒന്നാന്തരം. ഒരു സംവിധായകന്റെ സാന്നിധ്യം അനുഭവിപ്പിക്കുന്നതാണ് ഓരോ രംഗവും. സമ്പൂര്‍ണമായ ഒരു സിനിമ അന്‍വര്‍ റഷീദ് സമ്മാനിച്ചിരിക്കുന്നു.
ലോകനാഥയന്റെ ഛായാഗ്രഹണ മികവിനെക്കുറിച്ച് ഒന്നും പറയാനില്ല. കണ്ടുതന്നെ അറിയുക. ഉസ്താദ് ഹോട്ടലിലെ ഓരോ രംഗവും മനസില്‍ തൊട്ടുനില്ക്കുന്നതാക്കി ലോകനാഥന്. ഗോപി സുന്ദറിന്റെ ഗാനങ്ങളില്‍ തിയേറ്ററില്‍ ഓളമുണ്ടാക്കിയത് ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി’ എന്ന പാട്ടാണ്. എന്നാല്‍ എനിക്കിഷ്ടപ്പെട്ടത് ‘വാതിലില്‍ ആ വാതിലില്‍...’ എന്ന മെലഡി.
മറ്റൊരു സോള്‍ട്ട് ആന്റ് പെപ്പറല്ല ഉസ്താദ് ഹോട്ടല്‍. ഇത് ഒരു ചലച്ചിത്ര വിസ്മയമാണ്. അപൂര്‍വമായി മാത്രം സംഭവിക്കുന്ന വിസ്മയം. ട്രാഫിക്, ചാപ്പാകുരിശ് ഇപ്പോള്‍ ഉസ്താദ് ഹോട്ടലും. ലിസ്റ്റിന് സ്റ്റീഫന്‍ എന്ന യുവ നിര്‍മ്മാതാവ് നല്ല സിനിമകള്‍ക്കായുള്ള തന്റെ സഞ്ചാരം തുടരുകയാണ്. അനുഭവിച്ചറിയൂ ഈ രുചിക്കൂട്ടിന്റെ മാസ്മരികത.