ഇന്ത്യന്‍ റുപ്പിക്ക് സംസ്ഥാന അവാര്‍ഡ് - വായനക്കാര്‍ക്ക് വിലയിരുത്താം

വ്യാഴം, 19 ജൂലൈ 2012 (14:24 IST)
PRO
PRO
ഇന്ത്യന്‍ റുപ്പിക്ക് 2011ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുന്നു. രഞ്ജിത് ഒരുക്കിയ ഇന്ത്യന്‍ റുപ്പിക്കായിരുന്നു മികച്ച മലയാളത്തിനുള്ള ദേശീയ അവാര്‍ഡും. ഇന്ത്യന്‍ റുപ്പി പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ യാത്രി ജെസെന്‍ എഴുതിയ നിരൂപണം മലയാളം വെബ്ദുനിയ പുന:പ്രസിദ്ധീകരിക്കുന്നു. വായനക്കാര്‍ക്ക് ചിത്രം വിലയിരുത്താം.

പ്രാഞ്ചിയേട്ടനു ശേഷം രഞ്ജിത് വീണ്ടും ഒരു നല്ല സിനിമ തന്നിരിക്കുകയാണ്. ‘ഇന്ത്യന്‍ റുപ്പി’ എന്ന സിനിമ ഒരു മാസ് മസാല പടമല്ല. ഒരു ആക്ഷന്‍ ത്രില്ലറല്ല. ഓരോ പതിനഞ്ച് മിനിറ്റിലും ട്വിസ്റ്റുകള്‍ പ്രതീക്ഷിച്ച് തിയേറ്ററുകളിലെത്തുന്നവരെ തൃപ്തിപ്പെടുത്തുന്ന സിനിമയുമല്ല. ഇത് ഒരു സന്ദേശമാണ്. പണമുണ്ടാക്കാനുള്ള വ്യഗ്രതയ്ക്കിടെ സ്വന്തം ജീവിതം പോലും മറന്നുപോകുന്ന യുവജനതയ്ക്ക് നന്‍‌മയുള്ള ഒരു സന്ദേശം.

വലിയ മഹാഭാരതമൊനും വിവരിക്കുന്നില്ല ഈ സിനിമ. വളരെ സിം‌പിള്‍ ആയ പ്ലോട്ട്. അതിന് അര്‍ഹിക്കുന്ന ട്രീറ്റുമെന്‍റ്. ഏതു കൊച്ചുകുട്ടിക്കും മനസിലാകുന്ന ലളിതമായ സംഭാഷണ ശൈലി. സമൂഹത്തിലെ നീതികേടുകളെയും തെറ്റായ പ്രവണതകളെയും കുറിക്കുകൊള്ളുന്ന പരിഹാസത്തിലൂടെ തിരുത്താനുള്ള ശ്രമമാണ് രഞ്ജിത് നടത്തിയിരിക്കുന്നത്.

തിയേറ്ററില്‍ വലിയ ആള്‍ക്കൂട്ടമൊന്നും ഉണ്ടായിരുന്നില്ല. അഞ്ചുവര്‍ഷം മുമ്പ് രഞ്ജിത് ചിത്രം കാണാന്‍ ആര്‍ത്തുവരുന്ന ജനമൊന്നും ഇപ്പോള്‍ ഇല്ല. നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ ചെറിയ കൂട്ടമാണ് തിയേറ്ററിനുള്ളിലിരുന്ന്, രഞ്ജിത് എഴുതിയ ഇമോഷന്‍സ് ഏറ്റുവാങ്ങിയത്. ചിത്രത്തില്‍ താരങ്ങളില്ല. കഥാപാത്രങ്ങളേയുള്ളൂ. പൃഥ്വിരാജും തിലകനുമില്ല. ജെ പിയും അച്യുതമേനോനും മാത്രം.

അടുത്ത പേജില്‍ - പണമുണ്ടാക്കാനുള്ള വഴികള്‍

PRO
PRO
ജെ പി എന്ന ജയപ്രകാശ് ഒരു സാധാരണ ചെക്കനാണ്. അവന് പുറം‌മോടികളില്ല. ജീന്‍‌സിന്‍റെയോ ടി ഷര്‍ട്ടിന്‍റെയോ വിലകൂടിയ പെര്‍ഫ്യൂമിന്‍റെയോ ഗ്ലാമറില്ല. എന്നാല്‍ അവന്‍റെയുള്ളില്‍ ഒരു മോഹം കത്തിയെരിയുന്നുണ്ടായിരുന്നു. അസ്വസ്ഥനാക്കുന്നുണ്ടായിരുനു. പണമുണ്ടാക്കുക. ഈ സമൂഹത്തില്‍ ജാതിയുടെയോ മതത്തിന്‍റെയോ വിദ്യാഭ്യാസത്തിന്‍റെയോ വേര്‍തിരിവുകളല്ല, പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വേര്‍തിരിവാണ് മുഖ്യമായുള്ളത് എന്ന് തിരിച്ചറിഞ്ഞ് ജയപ്രകാശ് ജീവിതത്തിലെ ഓട്ടം ആരംഭിക്കുകയാണ്.

അമ്മയുടെ കയ്യില്‍ നിന്ന് കടമായി വാങ്ങിയ മൂന്നുലക്ഷം രൂപ. അത് അവന് ചില്ലറ ഭാരമൊന്നുമല്ല. എങ്ങനെയും പണമുണ്ടാക്കിയേ തീരൂ. റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് അവന്‍ കണ്ടെത്തിയ പോം‌വഴി. അച്യുതമേനോന്‍ എന്ന മനുഷ്യന്‍ അവന്‍റെ ജീവിതത്തിലെത്തുന്നതോടെ അവന്‍ ആകെ മാറുകയാണ്. ചിത്രത്തിന്‍റെ ആദ്യപകുതി അവസാനിക്കുമ്പോള്‍ അവന്‍ 25 ലക്ഷത്തിന്‍റെ ഉടമയാണ്. രണ്ടാം പകുതി ആരംഭിക്കുമ്പോള്‍ അവന് ആവശ്യമായി വരുന്നത് ഒരുകോടി രൂപയാണ്.

പണം തന്‍റെ ചിറകുകള്‍ വിടര്‍ത്തി അവന്‍റെ ജീവിതത്തെ കൊത്തിപ്പറക്കുകയാണ്. എന്നാല്‍ എവിടെയും അവന്‍ എത്തുന്നില്ല. അസ്വസ്ഥതകളുടെ തുരുത്തുകളിലല്ലാതെ.

ജീവിക്കാന്‍ പണം ആവശ്യമാണെങ്കിലും ജീവിതത്തില്‍ പണം മാത്രമല്ല പ്രധാനമെന്ന് പറയുകയാണ് ‘ഇന്ത്യന്‍ റുപ്പി’. മലയാള സിനിമ വഴിമാറിനടത്തത്തിന്‍റെ കാലത്തിലെത്തിനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ റുപ്പി അതിനൊരു ലൈറ്റ് ഹൌസായി മാറുകയാണ്. പൃഥ്വിരാജ് എന്ന നടന് വലിയ വഴിത്തിരിവ് തന്നെയായിരിക്കും ഈ സിനിമ. തിലകന്‍റെ ശക്തമായ തിരിച്ചുവരവും.

നമുക്ക് താരങ്ങള്‍ എന്തിനാണ്?

PRO
PRO
മലയാളം വെബ്‌ദുനിയ പോലും പലപ്പോഴും പൃഥ്വിരാജിനെ ബിഗ്സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം വിശേഷണങ്ങള്‍ക്ക് അപ്പുറത്തേക്ക് നടന്‍‌മാര്‍ വളരണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇന്ത്യന്‍ റുപ്പിയുടെ കാര്യമെടുത്താല്‍, പൃഥ്വിയുടെ ബിഗ്സ്റ്റാര്‍ പരിവേഷമല്ല, ആ നടനെയാണ് രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ കലാപം പ്രഖ്യാപിച്ച നടന്‍ തിലകന്‍റെ അഭിനയസമരവും ഈ സിനിമയുടെ പ്രത്യേകതയാണ്.

ഇന്ത്യന്‍ റുപ്പിയുടെ ആദ്യപകുതി നിയന്ത്രിക്കുന്നത് തിലകനാണ്. ആ അഭിനയവൈഭവത്തിനുമുന്നില്‍, ഗംഭീരമായ സാന്നിധ്യത്തിന് മുന്നില്‍ മറ്റ് താരങ്ങളുടെ പ്രകടനം ശ്രദ്ധയിലെത്തുന്നില്ല. ഇങ്ങനെയൊരു തിരിച്ചുവരവിന് വേണ്ടിയായിരുന്നു തിലകന് നേരെയുണ്ടായ വിലക്കും മാറ്റിനിര്‍ത്തലുമൊക്കെ എന്നു തോന്നിപ്പോകും. തിലകന്‍റെ അച്യുതമേനോന്‍ പഴയ പടക്കുതിരയാണ്. പഞ്ചാഗ്നിയിലൊക്കെ നാം കണ്ട് തരിച്ചുനിന്നുപോയ ആ ഉള്‍ക്കരുത്ത്. തിലകന്‍ വീണ്ടും മലയാള സിനിമ കീഴടക്കുകയാണ് ഈ സിനിമയിലൂടെ.

ബിഗ്സ്റ്റാര്‍ പദവിക്ക് തീ കൊടുക്കുന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജിന് രഞ്ജിത് സമ്മാനിച്ചത്. പല സങ്കീര്‍ണമായ മുഹൂര്‍ത്തങ്ങളിലും പക്വതയാര്‍ന്ന പ്രകടനമാണ് പൃഥ്വിരാജ് കാഴ്ചവച്ചത്. വാസ്തവത്തിന് ശേഷം, മൊഴിക്ക് ശേഷം പൃഥ്വി എന്ന നടനെ ഉപയോഗിച്ച സിനിമയാണ് ഇന്ത്യന്‍ റുപ്പി.

ജഗതിയും ടിനി ടോമുമാണ് തിളങ്ങിയ മറ്റ് നടന്‍‌മാര്‍. ഉറുമിക്ക് ശേഷം ജഗതിയുടെ തകര്‍പ്പന്‍ വേഷം. ടിനി ടോം ആകട്ടെ സി എച്ച് എന്ന കഥാപാത്രമായി മാറുകയായിരുന്നു. സുരേന്ദ്രന്‍ എന്ന കഥാപാത്രമായി ലാലു അലക്സും മിന്നിത്തിളങ്ങി.

PRO
PRO
രഞ്ജിത്തിന്‍റെ ഓരോ സിനിമയും ഓരോ മുന്നേറ്റങ്ങളാണ്. കൈയൊപ്പില്‍ നിന്ന് പാലേരിയിലേക്ക്. അവിടെനിന്ന് പ്രാഞ്ചിയിലേക്ക്. ഇപ്പോള്‍ ഇന്ത്യന്‍ റുപ്പിയിലേക്ക്. കഥ പറച്ചിലിന്‍റെ പുതിയ തലങ്ങള്‍ കണ്ടെത്താനുള്ള പരീക്ഷണയാത്രകള്‍. യഥാര്‍ത്ഥത്തില്‍ കഥയല്ല. ഒരു വിഷയമാണ്. പണത്തിനോട് ആര്‍ത്തിപൂണ്ട് നമ്മുടെ യുവത്വം ചെന്നുചാടുന്ന അപകടസന്ധികള്‍ കാട്ടിത്തരികയാ‍ണ്.

ഇന്ത്യന്‍ റുപ്പിയിലെ നായിക റിമ കല്ലിങ്കലാണ്. ബീന എന്ന കഥാപാത്രം. അവള്‍ ഡോക്ടറാണ്. ജയപ്രകാശ് വഴിപിഴച്ചുപോയപ്പോള്‍ ബീന ശരിയായ വഴിയിലൂടെ പഠിച്ചുമുന്നേറി. അവന് അവള്‍ക്കൊപ്പം വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ നില്‍ക്കാനാവില്ല. അവളെ സ്വന്തമാക്കണം. അമ്മയെയും അനുജത്തിയെയും സന്തോഷത്തിന്‍റെ കരയിലേക്ക് അടുപ്പിക്കണം. പണം അവന്‍റെ മോഹമായി വളര്‍ന്നത് അങ്ങനെയാണ്. ഒടുവില്‍ അവന്‍ സൃഷ്ടിച്ചതാകട്ടെ അസ്വസ്ഥതയുടെ നരകവും.

നല്ല വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ വളഞ്ഞ വഴിയിലൂടെ പോകുന്നവന് സംഭവിക്കുന്ന അപകടങ്ങളെ ചൂണ്ടിക്കാട്ടിത്തന്ന് രഞ്ജിത് നില്‍ക്കുന്നു. ഈ ചലച്ചിത്രകാരന്‍ പത്മരാജന്‍റെ കസേരയിലേക്ക് പൂര്‍ണമായും ചാരിയിരിക്കുകയാണ് ഇന്ത്യന്‍ റുപ്പിയിലൂടെ. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ പത്മരാജര്‍ ഒരു വിളക്കുമരം പോലെ മലയാള സിനിമയ്ക്ക് പ്രകാശം നല്‍കിയപ്പോള്‍, ഇപ്പോള്‍ രഞ്ജിത് ചെയ്യുന്നതും അതുതന്നെയാണ്. നല്ല സിനിമകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും, ഇലകളും പൂക്കളുമായി നില്‍ക്കുന്ന ഒരു തണല്‍മരം.

അടുത്ത പേജില്‍ - ഈ പുഴയും സന്ധ്യകളും...

PRO
PRO
ഷഹബാസ് അമന്‍ എന്ന ഗസല്‍ ഗായകനാണ് ഇന്ത്യന്‍ റുപ്പിയുടെ സംഗീതം. ചിത്രം കാണുന്നവരെല്ലാം മയങ്ങിപ്പോകുന്നത് ‘ഈ പുഴയും സന്ധ്യകളും..’ എന്ന ഗാനത്തിലാണ്. എന്തൊരു ശാന്തതയാണ് ആ ഗാനത്തിന്. എന്ത് സ്വാസ്ഥ്യമാണ് അത് പകരുന്നത്. ആ ഗാനരംഗത്തിന്‍റെ സുഖം അനുഭവിക്കാന്‍ വേണ്ടിമാത്രം ഇന്ത്യന്‍ റുപ്പി പലതവണ കാണാം.

അട്ടഹാസമോ ആഹ്ലാദഘോഷമോ ഒന്നും ഈ സിനിമയിലില്ല. ഒരു ചെറിയ ചിത്രം. പറയുന്നത് ഒരു വലിയ വിഷയവും. എനിക്കിപ്പോള്‍ അമിതാവേശവും ആക്രമണവും ഓട്ടപ്പാച്ചിലുമൊക്കെയുള്ള ചിത്രങ്ങള്‍ ഇഷ്ടമല്ല. മനസ് ശാന്തതയാഗ്രഹിക്കുന്നതുതന്നെ കാരണം. എന്നാല്‍ സ്നേഹവീട് പോലെയുള്ള ചെയ്തുകൂട്ടലുകളോട് പൂര്‍ണമായും യോജിക്കാനും വയ്യ.

മലയാളം, തമിഴ് സിനിമകളിലെ ആക്രമണ വാസനകള്‍ കണ്ട് മനസുമടുത്ത് ഇപ്പോള്‍ കൂടുതലും കാണുന്നത് ഹിന്ദി സിനിമകളാണ്. ‘സിന്ദഗി ന മിലേഗി ദൊബാര’ പോലെയുള്ള ചെറിയ സിനിമകളുടെ ആശ്വാസത്തില്‍ ഒതുങ്ങിക്കൂടുന്നു. ഒരു കിംഗ് ആന്‍റ് കമ്മീഷണര്‍ കാണാനുള്ള കരുത്ത് ഈ ശരീരത്തിനോ മനസിനോ ഇല്ലെന്നുതോന്നുന്നു.

ഇന്ത്യന്‍ റുപ്പിയില്‍ ഒരു സമയത്ത് കാണാനിഷ്ടമുള്ള രണ്ടുപേരെ കണ്ടു. ആസിഫ് അലിയും ഫഹദ് ഫാസിലും. അതിഥി താരങ്ങളാണ്. എസ് കുമാറിന്‍റെ ചന്തമുള്ള ദൃശ്യങ്ങള്‍ മനസില്‍ പതിഞ്ഞുവിടരുന്നു. നല്ല സിനിമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ റുപ്പിയെ തഴഞ്ഞ് മുന്നോട്ടുപോകാനാവില്ല.

വെബ്ദുനിയ വായിക്കുക