ഇത് കിടിലന്‍ സെല്‍ഫി ! (ഒരു വടക്കന്‍ സെല്‍ഫി നിരൂപണം - Rating 4.5/5)

ലിയോ സ്റ്റാലണ്‍ ഡേവിസ്

വെള്ളി, 27 മാര്‍ച്ച് 2015 (17:48 IST)
ഒരു വടക്കന്‍ സെല്‍‌ഫി. അവിടെ വടക്കന്‍ വീരഗാഥ പ്രതീക്ഷിച്ച് പോകരുത്. അങ്ങനെ പോകാതിരുന്നാല്‍, അതിഗംഭീരമായ ഒരു ചിരിവിരുന്ന് നിങ്ങള്‍ക്ക് കിട്ടും. ഇത് ഈ വര്‍ഷത്തെ മെഗാഹിറ്റ് സിനിമയാകുമെന്ന പ്രവചനം ഇവിടെ നടത്തുന്നു. നിവിന്‍ പോളി വീണ്ടും അത്ഭുതം പണിയുകയാണ്.
 
എന്തിനാണ് ഇങ്ങനെയൊരു പേര് ചിത്രത്തിനിട്ടതെന്ന് സിനിമ കണ്ടതിന് ശേഷം ഒരാളും ചോദിക്കില്ല. കാരണം, ഈ സിനിമയ്ക്ക് ഇതല്ലാതെ വേറൊരു പേരാണിരുന്നെങ്കില്‍ ഒരു രണ്ടുദിവസം കഴിഞ്ഞാല്‍ അത് മാറ്റി ‘ഒരു വടക്കന്‍ സെല്‍‌ഫി’ എന്നുതന്നെ ഇടേണ്ടിവരും. അത്ര ചേര്‍ച്ച. മാത്രമല്ല, വെറുതെ ഒരു ചന്തത്തിനിട്ടതല്ല ഈ പേര്. ഒരു സെല്‍ഫി ഉണ്ടാക്കുന്ന പുകിലുകള്‍ തന്നെയാണ് സിനിമയെ ഓരോ മിനിറ്റും രസകരമാക്കുന്നത്.
 
അടുത്ത പേജില്‍ - ഓരോ നിമിഷവും ചിരിച്ചുമറിയാം !

നവാഗതനായ ജി പ്രജിത്ത് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ നവാഗതന്‍റെ പ്രകടനം വിലയിരുത്തുന്നതിനുമുമ്പ്, ഇത് പ്രേക്ഷകരുടെ പള്‍സറിഞ്ഞ ഒരു മനുഷ്യന്‍റെ വിജയമാണെന്ന് പറയാം. വിനീത് ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് എഴുതിവച്ച ഓരോ ഡയലോഗും പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. ഓരോ നിമിഷവും ചിരിച്ചുകൊണ്ടുമാത്രം പ്രതികരിക്കുന്ന പ്രേക്ഷകരെ തിയേറ്ററില്‍ കാണുക എന്നത് അപൂര്‍വ സൌഭാഗ്യമാണ്.
 
നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ചിത്രത്തിലുടനീളം നടത്തിയിരിക്കുന്നത്. മഞ്ജിമ നാളത്തെ നായിക തന്നെ. സംശയമില്ല. സൌന്ദര്യത്തിലും അഭിനയത്തിലും തകര്‍ത്തിരിക്കുകയാണ് ഈ പെണ്‍കുട്ടി. വിനീത് ശ്രീനിവാസന്‍റെ കഥാപാത്രം ഒരു സര്‍പ്രൈസാണ്, തിയേറ്ററില്‍ കണ്ടുതന്നെ അറിയുക.
 
അടുത്ത പേജില്‍ - നോ ബോറടി, നോ ട്രാജഡി !

ബോറടിക്കുന്ന ഒരു രംഗം പോലുമില്ലാതെ അങ്ങേയറ്റം പ്ലസന്‍റായി ചിത്രത്തെ കൊണ്ടുപോകുകയാണ് സംവിധായകന്‍ പ്രജിത്ത്. ഒരു പുതിയ സംവിധായകന്‍റെ പതര്‍ച്ചയോ പാളിച്ചയോ മേക്കിംഗില്‍ ഇല്ല. മനോഹരമായി ഓരോ രംഗത്തെയും ഇഴചേര്‍ത്തിരിക്കുന്നു.
 
ജോമോന്‍ ടി ജോണിന്‍റെ ഛായാഗ്രഹണവും ഷാന്‍ റഹ്‌മാന്‍റെ സംഗീതവും ഈ സിനിമയുടെ രക്തവും മാംസവുമാണ്. അതിഗംഭീര വര്‍ക്കാണ് ഇരുവരും ചെയ്തിരിക്കുന്നത്. സിനിമയെ ഒരു അനുഭവമാക്കി മാറ്റുന്നതില്‍ ഇരുവരുടെയും സംഭാവന വിസ്മരിക്കാനാവില്ല ആര്‍ക്കും.
 
‘ഒരു വടക്കന്‍ സെല്‍‌ഫി’ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച എന്‍റര്‍‌ടെയ്നറാണ്. 100 ശതമാനം സംതൃപ്തിയോടെ തിയേറ്ററില്‍ നിന്നിറങ്ങിപ്പോരാം എന്നുറപ്പ്. കുടുംബത്തോടൊപ്പം ഈ വിഷുക്കാലത്ത് വടക്കന്‍ സെല്‍‌ഫി കളിക്കുന്ന തിയേറ്ററിലേക്ക് യാത്രപോകുന്നതിന് രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ല.
 
Rating: 4.5/5

വെബ്ദുനിയ വായിക്കുക