ഇതും സിനിമ, ‘മാഡ് ഡാഡ്’ വെറുപ്പിക്കുന്നു!

ശനി, 12 ജനുവരി 2013 (15:28 IST)
PRO
‘മാഡ് മാഡി’യെക്കണ്ട ആവേശത്തിലാണ് കേരളത്തിലെ ജനങ്ങള്‍. അവരുടെ മുന്നിലേക്കാണ് ഒരു ‘മാഡ് ഡാഡ്’ എത്തിയിരിക്കുന്നത്. സ്റ്റോറി ലൈനില്‍ ഒരു ‘അഭിയും നാനും’ മണത്തതിനാല്‍, നല്ല മുഹൂര്‍ത്തങ്ങളുള്ള സിനിമയാകുമെന്ന് തെറ്റിദ്ധരിച്ചാണ് ‘മാഡ് ഡാഡ്’ കാണാന്‍ പോയത്. അത് ‘വല്യ ചതിയായിപ്പോയി’ എന്നു പറഞ്ഞാല്‍ മതിയല്ലോ.

രേവതി എസ് വര്‍മ സംവിധാനം ചെയ്ത മാഡ് ഡാഡില്‍ കേന്ദ്ര കഥാപാത്രമായ പാലച്ചോട്ടില്‍ ഗീവര്‍ഗീസ് കുര്യാക്കോസ് ഈശോ(!!!)യെ അവതരിപ്പിക്കുന്നത് ലാലാണ്. ഈശോയുടെ മകള്‍ മരിയയായി നസ്രിയയും. അച്ഛനും മകളും തമ്മിലുള്ള അസാധാരണ സ്നേഹബന്ധത്തെക്കുറിച്ച് പറയാനാണ് സംവിധായിക ശ്രമിച്ചത്. എന്നാല്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ഒരു അറുബോറന്‍ സിനിമ എന്നേ ഈ ചിത്രത്തേക്കുറിച്ച് പറയാനാകൂ.

അച്ഛന് മകളെക്കുറിച്ച് ഏറെ പ്രതീക്ഷകളുണ്ട്. എന്നാല്‍ വിദേശത്തുനിന്ന് പഠനം കഴിഞ്ഞെത്തുന്ന മകള്‍ പറയുന്നു - എനിക്കൊരു പ്രണയമുണ്ട്! സോഡാ മാത്തന്‍റെ(ലാലു അലക്സ്) മകന്‍ ബോണി(ശ്രീജിത്ത് വിജയ്). ഇതോടെ അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധം ഏതവസ്ഥയിലേക്ക് പരിണമിക്കുന്നു എന്നതിന്‍റെ ചിത്രീകരണമാണ് മാഡ് ഡാഡ്.

തിരക്കഥയിലും സംവിധാനത്തിലും അഭിനേതാക്കളുടെ പ്രകടനത്തിലും ശരാശരിയിലും എത്രയോ പടി താഴെ മാത്രം മാര്‍ക്ക് നല്‍കാവുന്ന ചിത്രമാണ് മാഡ് ഡാഡ്. ഒരു തിരക്കഥ എങ്ങനെയാവാന്‍ പാടില്ല എന്നതിന്‍റെ ഉദാഹരണം. ഓരോ സീനും പ്രേക്ഷകര്‍ക്ക് നേരെയുള്ള ആക്രമണമാണ്. കണ്ടുമടുത്ത രംഗങ്ങള്‍ ആവര്‍ത്തിച്ച് അസഹനീയമായ കാഴ്ചയാക്കി മാറ്റുന്നു.

കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മേക്കപ്പ് ചിരിയുണര്‍ത്തുന്നതാണ്. വസ്ത്രാലങ്കാരം അതിലും മോശം. ഗാനങ്ങള്‍ എന്ന വിഭാഗത്തിലേക്ക് ശ്രദ്ധിക്കാനേ തോന്നില്ല. വ്യക്തമായ ഒരു സ്റ്റോറിലൈന്‍ ഇല്ലാത്ത ഒരു തട്ടിക്കൂട്ട് പ്രൊജക്ട് ആയിപ്പോകുന്നു ഈ ചിത്രം.

കോമഡികളൊന്നും ഏല്‍ക്കുന്നില്ല. ഡയലോഗുകളും മെലോഡ്രാമ കുത്തിക്കയറ്റിയ രംഗങ്ങളും സഹിക്കാനാകാതെ ചിലര്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയി ജീവന്‍ രക്ഷിച്ചു. എന്തായാലും ഈ ചിത്രത്തിന് പണം മുടക്കിയ നിര്‍മ്മാതാവിനെ കാത്തോളണേ എന്ന് പ്രാര്‍ത്ഥിച്ച് തിയേറ്റര്‍ വിടുകയായിരുന്നു മിക്കവരും.

വെബ്ദുനിയ വായിക്കുക