ഇതാണ് സിനിമ ! “കുഞ്ഞനന്തന്‍റെ കട” - നിരൂപണം

വെള്ളി, 30 ഓഗസ്റ്റ് 2013 (21:11 IST)
PRO
കോബ്ര, കമ്മത്ത് ആന്‍റ് കമ്മത്ത് തുടങ്ങിയ സിനിമകള്‍ കണ്ടപ്പോള്‍ മനസില്‍ ആലോചിച്ചതാണ് - എന്തുകൊണ്ടാണ് മമ്മൂട്ടിയെപ്പോലെ ഒരു മഹാനടന്‍ ഇത്തരം സിനിമകള്‍ക്ക് സമയം നീക്കിവയ്ക്കുന്നത് എന്ന്. കൊമേഴ്സ്യല്‍ വിജയമാണ് ലക്‍ഷ്യമെങ്കിലും അത്തരം സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലും ഒരു മിനിമം നിലവാരം ഉണ്ടാകുമല്ലോ. അങ്ങനെയൊരു നിലവാരവുമില്ലാത്ത സിനിമകളില്‍ അഭിനയിച്ച് ബോക്സോഫീസിലും തുടര്‍ച്ചയായി മമ്മൂട്ടിക്ക് തിരിച്ചടി നേരിട്ടു.

എന്തായാലും ‘കുഞ്ഞനന്തന്‍റെ കട’ ഒരു മടങ്ങിവരവാണ്. മമ്മൂട്ടി എന്ന നടന്‍ തന്‍റെ സുവര്‍ണകാലത്തെ പ്രകടനങ്ങളിലേക്ക് നടത്തുന്ന മടങ്ങിവരവ്. അമരത്തില്‍, കാഴ്ചയില്‍, സുകൃതത്തില്‍ ഒക്കെ കണ്ട കൈയടക്കമുള്ള ഭാവപ്രകടനം ഈ സിനിമയിലും കാണാം. മമ്മൂട്ടി വിസ്മയിപ്പിക്കുന്ന മറ്റൊരു സിനിമ!

അടുത്ത പേജില്‍ - അതിജീവനത്തിന്‍റെ കഥ

PRO
‘ആദാമിന്‍റെ മകന്‍ അബു’ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത സിനിമ. മധു അമ്പാട്ടിന്‍റെ ക്യാമറ. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദസംവിധാനം. മമ്മൂട്ടിയുടെ ഗംഭീരമായ അഭിനയം. കുഞ്ഞനന്തന്‍റെ കട എന്ന സിനിമ എന്തുകൊണ്ടാണ് ‘മസ്റ്റ് വാച്ച്’ ആകുന്നത് എന്നതിനുള്ള കാരണങ്ങളാണിവ.

ഒരു സാധാരണക്കാരന്‍റെ ഈഗോയുടെയും അതിജീവനത്തിന്‍റെയും ദാമ്പത്യപ്രശ്നങ്ങളുടെയും കഥയാണ് കുഞ്ഞനന്തന്‍റെ കട. സലിം അഹമ്മദ് തന്‍റെ രണ്ടാമത്തെ വരവും ഗംഭീരമാക്കിയിരിക്കുന്നു.

അടുത്ത പേജില്‍ - ഈഗോ ഭരിക്കുന്ന മനുഷ്യന്‍!

PRO
ബന്ധങ്ങളുടെ ഇഴയടുപ്പവും അകല്‍ച്ചയും സംഘര്‍ഷങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം. കട ഈ സിനിമയില്‍ ഒരു കഥാപാത്രം തന്നെയാണ്. അത് നഷ്ടപ്പെടുമോ എന്ന ഭയം, അത് വിട്ടുകൊടുക്കാനാവില്ല എന്നുള്ള ഈഗോ എല്ലാം കുഞ്ഞനന്തനെ ഭരിക്കുന്നുണ്ട്. അരക്ഷിതനാണ് താന്‍ എന്നൊരു ബോധം അയാള്‍ക്ക് എപ്പോഴുമുണ്ടായിരുന്നതുപോലെ.

സമൂഹവും കുടുംബവുമായുള്ള കുഞ്ഞനന്തന്‍റെ ബന്ധമാണ് ആത്യന്തികമായി ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നത്. തിരക്കഥയുടെ മികവ് തന്നെയാണ് ഈ സിനിമയുടെ ശക്തി. ഓരോ കഥാപാത്രത്തിന്‍റെയും പശ്ചാത്തലത്തിന്‍റെയും ഡീറ്റെയിലിംഗ് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ സാധ്യമാക്കിയിരിക്കുന്നു.

അടുത്ത പേജില്‍ - ഇമ്മാനുവനും ബാവുട്ടിയും പോലെയല്ല!

PRO
ഇമ്മാനുവല്‍, ബാവുട്ടി ഒക്കെ പോലെ നന്‍‌മയുടെ ആള്‍‌രൂപമൊന്നുമല്ല കുഞ്ഞനന്തന്‍. അയാള്‍ക്ക് നല്ല വശവും ചീത്ത വശവുമുണ്ട്. ഒരു സാധാരണ മനുഷ്യന്‍ ചിന്തിക്കുന്നതുപോലെയൊക്കെ ചിന്തിക്കുന്നുമുണ്ട്. റോഡ് വികസനത്തിനായി സര്‍ക്കാര്‍ കട ഒഴിപ്പിക്കുമെന്നറിയുമ്പോള്‍ അയാള്‍ വിവശനാകുന്നതും കട നഷ്ടമാകാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങളും നോക്കുക.

കണ്ണൂരാണ് സിനിമയുടെ ലൊക്കേഷന്‍. ഭാഷ കണ്ണൂര്‍ ഭാഷ. പതിവുപോലെ മമ്മൂട്ടി ഈ സ്ലാംഗിലും ഒന്നാന്തരമായി. മമ്മൂട്ടി മാത്രമല്ല, അഭിനേതാക്കളെല്ലാം.

അടുത്ത പേജില്‍ - നൈല അസ്സലായി!

PRO
മമ്മൂട്ടിയുടെ നായികയായി പുതുമുഖം നൈല ഉഷയാണ് അഭിനയിക്കുന്നത്. ചിത്ര എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ നൈലയ്ക്ക് കഴിഞ്ഞു. ബാലചന്ദ്രമേനോന്‍, സിദ്ദിക്ക്, യവനിക ഗോപാലകൃഷ്ണന്‍, സലിംകുമാര്‍ തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ചിത്രത്തിലെ രണ്ട് ഗാനങ്ങളില്‍ ഒന്ന് മികച്ചതാണ്. എം ജയചന്ദ്രന്‍ ആലപിച്ച “ശരറാന്തല്‍...” ആലാപന സൌന്ദര്യം കൊണ്ട് ഹൃദയം കവരും.

വെബ്ദുനിയ വായിക്കുക