അസാധാരണമാംവിധം സാധാരണം; കഥയുടെ ‘പുക’ എനിയ്ക്ക് പിടിച്ചു!- ഇടുക്കി ഗോള്‍ഡ് റിവ്യൂ

ബുധന്‍, 16 ഒക്‌ടോബര്‍ 2013 (15:13 IST)
PRO
PRO
ഇടുക്കി ഗോള്‍ഡ് എന്ന ആഷിക്ക് അബുവിന്റെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. യാത്രിയും പറഞ്ഞിരുന്നു ഒരുമിച്ച് പടം കാണാന്‍ പോകാമെന്ന്. പക്ഷേ യാത്രിക്ക് അത്യാവശ്യമായി മംഗലാപുരം പോകേണ്ടി വന്നു. ഞാനാണെങ്കില്‍ എന്റെ വീട്ടില്‍, എന്നു പറഞ്ഞാല്‍ അച്ചായന്മാരുടെ നാടായ സാക്ഷാല്‍ കാഞ്ഞിരപ്പള്ളിയില്‍. അപ്പോഴാണ് കാഞ്ഞിരപ്പള്ളിയിലെ ഞങ്ങളുടെ സ്വന്തം തീയേറ്ററായ ഗ്രാന്‍ഡ് ഓപ്പറയില്‍ റിലീസ് ഉണ്ടെന്നറിഞ്ഞത്. പിന്നെ ഒരു കാര്യം കൂടിയുണ്ട് പടം കാണാന്‍, ഞങ്ങളുടെ വളരെ അടുത്ത സ്ഥലമായ പൊന്‍‌കുന്നം‌കാരനായ ബാബു ആന്റണിയുണ്ട് ചിത്രത്തില്‍. ബാബു ആന്റണിയുടെ തീയേറ്ററായ ലീലാ മഹലില്‍ പോയി ഞാന്‍ കുഞ്ഞുന്നാളിലേ എത്ര പടം കണ്ടിട്ടുണ്ടെന്ന് അറിയാമോ?

പിന്നെ താമസിച്ചില്ല പപ്പായെ സോപ്പിട്ട് മൂന്ന് സീറ്റ് ഒപ്പിച്ചു. അങ്ങനെ പപ്പയുടെ അനിയത്തിയുടെ മക്കളായ മാത്തപ്പന്റെയും ജയ്‌സണ്‍ന്റെയും അകമ്പടിയോടെ തീയേറ്ററിലെത്തി. പിന്നെ അസാധാരണമാംവിധം സാധാരണമെന്നൊരു പരസ്യവാചകം ഉണ്ടായിരുന്നതു കൊണ്ട് പടം കണ്ടുതീര്‍ന്നപ്പോള്‍ എനിയ്ക്ക് നിരാശയുണ്ടായില്ല. പക്ഷേ മാത്തപ്പനും ജയ്സണും തെറി പറഞ്ഞു കൊന്നു എന്നെ.

അടുത്ത പേജില്‍: നൊസ്റ്റാള്‍ജിയയുടെ പുക

PRO
PRO
മൊത്തത്തില്‍ ഒരു നൊസ്റ്റാള്‍ജിയയുടെ പുകയാണ് ചിത്രം. വിജയരാഘവന്‍ , പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, മണിയന്‍ പിള്ള രാജു, ബാബു ആന്റണി എന്നിവരാണു പ്രധാന കഥാപാത്രങ്ങള്‍ . സന്തോഷ് എച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചെറുകഥയെ ആസ്പദമാക്കി ദിലീഷ്, ശ്യം എന്നിവരാണു ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുറ്റം പറയരുതല്ലോ, എല്ലാവരും തകര്‍ത്ത് അഭിനയിച്ചിട്ടിട്ടുണ്ട്. സജിത മഠത്തിലും ചെറിയ വേഷത്തിലാണെങ്കിലും ശ്രദ്ധേയ സാന്നിധ്യമാണ്.

പ്രതാപ് പോത്തന്റെ മൈക്കിള്‍ എന്ന എന്‍ ആര്‍ ഐ കാരനില്‍ നിന്നാണു സിനിമ തുടങ്ങുന്നത്. ചെക്കോസ്ലോവിയായില്‍ 35 വര്‍ഷം ജീവിച്ച മൈക്കിള്‍ തിരിച്ച് നാട്ടിലെത്തി തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ ഒപ്പം പഠിച്ചിരുന്ന നാല് സുഹൃത്തുക്കളെ കണ്ട് പിടിക്കാനായി ഒരു പത്ര പരസ്യം ചെയ്യുന്നു. അങ്ങനെ ആ നാലു സുഹൃത്തുകള്‍ പരസ്പരം കണ്ട് മുട്ടി ഇടുക്കിയിലെ ചെറുതോണിയിലേക്ക് അവരുടെ പഴയ വിദ്യാലയത്തിലേക്ക് വീണ്ടുമൊരു യാത്ര നടത്തുന്നു. ഈ യാത്രയും അതിനോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ചിത്രം മുന്നോട്ട് പോകുകയാണ്

അടുത്ത പേജില്‍: ഓള്‍ഡിന്റെ ‘ന്യൂജനറേഷന്‍’


PRO
PRO
മൈക്കിള്‍ , മദന്‍ , രവി , ആന്റണി , രാമന്‍ എന്നീ അഞ്ച് പേരുടെ കണ്ട് മുട്ടലും 30 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജീവിത സാഹചര്യങ്ങളുമെല്ലാം കൌതുകത്തോടെ കണ്ടിരിക്കാം. യാത്രി കൂടെയുണ്ടായിരുന്നെങ്കില്‍ പ്രതാപ് പോത്തനോടുള്ള ആരാധന മൂത്ത് എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചേനെ. ഞാനാദ്യം യാത്രിയെ ആന്റിയെന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ യാത്രിയെന്ന് വിളിച്ചാല്‍ മതിയെന്നാണ് ഓര്‍ഡര്‍. ചിലപ്പോള്‍ ഞാന്‍ സ്നേഹം കൂടി കിളവിയെന്നൊക്കെ വിളിക്കും. പക്ഷേ ആളു പ്രവര്‍ത്തിയിലെ എന്നെക്കാള്‍ ചെറുപ്പമാണ് കേട്ടോ. കാടുകയറി പോകുന്നു, എഴുത്തിലെ ഈ സ്വാധീനത്തിനു പിന്നിലും ആ സ്നേഹമാണ്.

ഒരു കാര്യം തുറന്നു പറയാതെ വയ്യ ആഷിക്ക് അബുവിന്റെ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ഈ സിനിമ മികച്ച നിലവാരം പുലര്‍ത്തുന്നില്ല. നൊസ്റ്റാള്‍ജിക്കായ ചില നിമിഷങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഈ സിനിമ മുഴുവന്‍ സമയവും ഒരു സാധാരണ സംവിധായകന്റെ ശരാശരി നിലവാരം മാത്രമുള്ള സിനിമ മാത്രമാണിത്. മൊത്തത്തില്‍ ഓള്‍ഡിന്റെ ‘ന്യൂജനറേഷന്‍’ ആണ് സംഭവം.


അടുത്ത പേജില്‍: കഞ്ചാവ് പേരില്‍; സിനിമയ്ക്ക് അത്ര ലഹരിയില്ല


PRO
PRO
ശിവനെയും ചെഗുവേരയെയും കഞ്ചാവ് വലിപ്പിച്ച വിവാദത്തിന്റെ ലഹരിയൊന്നും സിനിമയ്ക്കില്ല. മൊത്തതില്‍ കണ്ടിരിക്കാം വിരസതയില്ലാതെ. ഒരു ചെറുകഥ പോലെ കണ്ടിരിക്കാം. പിന്നെ എടുത്തു പറയേണ്ട കാര്യം ഷൈജു ഖാലിദിന്റെ ക്യാമറയാണ്.

ഞാന്‍ പലതവണ കണ്ടിട്ടുള്ള ഇടുക്കിയുടെ വേറിട്ട കാഴ്ചയാണ് ഷൈജുവിന്റെ ക്യാമറ കാട്ടിത്തരുന്നത്. പിന്നെ പരസ്യം ഓര്‍ത്തുകൊണ്ട് പടം കാണാന്‍ പോവുക, ‘അസാധാരണമാംവിധം സാധാരണം’

വെബ്ദുനിയ വായിക്കുക