ആദാമിന്‍റെ മകന്‍ അബു - നിരൂപണം

വെള്ളി, 24 ജൂണ്‍ 2011 (19:43 IST)
PRO
‘ആദാമിന്‍റെ മകന്‍ അബു’ മനസില്‍ തറച്ചു കയറിയ ഒരു മുള്ളാണ്. അതിന്‍റെ വിങ്ങല്‍ പോകുന്നതേയില്ല. ഒരു സിനിമ തിയേറ്ററില്‍ മാത്രം ആസ്വദിക്കാനുള്ളതല്ല, ദിവസങ്ങളോളം മനസിനെ അസ്വസ്ഥമാക്കാനും ചിന്തിക്കാനുമുള്ളതാണെന്ന് അബു തെളിയിക്കുന്നു. അബു എന്നെ അലട്ടിക്കൊണ്ടേയിരിക്കും. ഇത്രയും ഷോക്കിംഗായ ഒരു ചിത്രം സമീപകാലത്ത് കണ്ട ഓര്‍മ്മയില്ല.

ഒരു അവാര്‍ഡ് പടം എന്ന മുന്‍‌വിധിയോടെയല്ല ‘ആദാമിന്‍റെ മകന്‍ അബു’ കാണാന്‍ പോയത് എന്ന് പറയട്ടെ. എന്തുകൊണ്ടോ, സാമ്പ്രദായിക അവാര്‍ഡ് ചിത്രങ്ങളുടെ ഗണത്തില്‍ ഈ സിനിമ പെടില്ലെന്ന് തോന്നി. ഈ സിനിമയോട് പ്രേക്ഷകന്‍ എന്ന നിലയില്‍, സിനിമാസ്വാദകനെന്ന നിലയില്‍, മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഒരു കടമയുണ്ടെന്നു തോന്നി.

തിയേറ്റര്‍ 60 ശതമാനം നിറഞ്ഞിരുന്നു. ഇത്രയും തിരക്ക് ഞാന്‍ പ്രതീക്ഷിച്ചില്ല. അവര്‍ എല്ലാം ഈ സിനിമയെ, അല്ല, നല്ല സിനിമ സ്നേഹിക്കുന്നവരാണെന്ന് മനസിലായി. താരസമ്പന്നമായ സിനിമകള്‍ തുടങ്ങുമ്പോഴുള്ള ആരവമോ അലങ്കോലമോ ഉണ്ടായില്ല. സിനിമ തീരുന്നതുവരെ കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളില്‍ നീറുകയായിരുന്നു കാഴ്ചക്കാരും. തുച്ഛമായ ജീവിതത്തിന്‍റെ ലക്‍ഷ്യം ദൈവത്തിനരികിലേക്കുള്ള യാത്രയാണെന്ന് ചിന്തിക്കുന്നവരായിരിക്കാം അവരെല്ലാം. അബു അവരുടെയെല്ലാം പ്രതിനിധിയാണ്.

അടുത്ത പേജില്‍ - മക്കാ മദീനത്തില്‍ എത്തുവാനല്ലാതെ...

PRO
അത്തറ് കച്ചവടക്കാരനാണ് അബു(സലിം‌കുമാര്‍). ഖുറാന്‍ പ്രതികളുടെ വില്‍പ്പനയും ഉണ്ട്. ഭാര്യ അയിഷുമ്മ(സറീനാ വഹാബ്). അവരുടെ ഏറ്റവും വലിയ സ്വപ്നം, ലക്‍ഷ്യം ഇതെല്ലാം ഹജ്ജിന് പോകുക എന്നതാണ്. അതിനുള്ള ധസ്ഥിതിയിലല്ല അവര്‍. ഒരു മകന്‍ ഗള്‍ഫിലുണ്ട്. അവന് പക്ഷേ മാതാപിതാക്കളെ വേണ്ട.

ഹജ്ജിനു പോകാനുള്ള ധനം സമ്പാദിക്കാനുള്ള ശ്രമങ്ങളിലാണ് അബു. വീടിനു മുമ്പില്‍ നില്‍ക്കുന്ന മരം മുറിച്ചു വിറ്റ് പണം വാങ്ങാന്‍ അവര്‍ തീരുമാനിച്ചു. മില്‍ ഉടമയായ ജോണ്‍സണ്‍(കലാഭവന്‍ മണി) മരം വാങ്ങാന്‍ തയ്യാറാകുന്നു. 60000 രൂപയും ജോണ്‍സണ്‍ അവര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ മരം ഗുണമില്ലാത്തതാണെന്ന് മണിക്ക് മനസിലാകുന്നു. ഇതറിഞ്ഞതോടെ അബു പണം തിരികെ നല്‍കുകയാണ്.

അബുവിനെ സഹായിക്കാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ട്. എന്നാല്‍ കടം വാങ്ങി ഹജ്ജിനു പോകാന്‍ അബുവും അയിഷുമ്മയും തയ്യാറല്ല. ഒടുവില്‍ അവര്‍ തിരിച്ചറിയുന്നു, തങ്ങളുടെ സ്വപ്നം ഒരിക്കലും നടക്കില്ല എന്ന്.

അതിനുശേഷം എന്തുണ്ടാകും എന്നതാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ്. ഹൃദയസ്പര്‍ശിയായ അവസാന രംഗങ്ങള്‍ക്ക് സാക്ഷിയാകുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞുപോയി. ഇത് മനസിനെ ശുദ്ധീകരിക്കുന്ന സിനിമയാണ്. കാഴ്ചയുടെ പുതിയ അനുഭവം.

അടുത്ത പേജില്‍ - വിസ്മയിപ്പിച്ച് സലിം‌കുമാര്‍, നെടുമുടി

PRO
ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം നല്‍കി സംസ്ഥാനവും രാജ്യവും ആദരിച്ച സലിംകുമാര്‍ ഈ സിനിമയില്‍ അബുവായി മാറിയിരിക്കുകയാണ്. ‘ഇത് നമ്മുടെ സലിം‌കുമാര്‍ തന്നെയല്ലേ?’ എന്ന് ഇടയ്ക്കിടെ ഉള്ളിലെ ‘കൊമേഴ്സ്യല്‍ പ്രേക്ഷകന്‍’ ഉറക്കെ ചോദിക്കും. എന്നാല്‍, സലിമിന്‍റെ മാസ്മരിക പ്രകടനത്തില്‍ സ്വയം മറന്നിരുന്നു പോകും. അത്രയ്ക്ക് ഉജ്ജ്വലം, അത്രയ്ക്ക് ഗംഭീരം.

സറീനാ വഹാബിന്‍റെ അഭിനയവും നന്നായി. ഭര്‍ത്താവിന്‍റെ കഷ്ടപ്പാടുകളും ഹജ്ജിനു പോകാനുള്ള തീവ്രമോഹവും എല്ലാം മനസിലിട്ട് ഉരുകി ജീവിക്കുന്ന അയിഷുമ്മ. ‘ചാമര’ത്തില്‍ ‘നാഥന്‍റെ കാലൊച്ച കേള്‍ക്കാനായി കാതോര്‍ത്തിരുന്ന’ ടീച്ചറെ ചിലപ്പോള്‍ മലയാളികള്‍ മറന്നേക്കും, എന്നാലും അയിഷുമ്മ അവരുടെ ഹൃദയത്തില്‍ നിന്ന് മായില്ല.

കലാഭവന്‍ മണി, ട്രാവല്‍ ഏജന്‍സി മാനേജര്‍ അഷ്‌റഫായി വന്ന മുകേഷ്(മുകേഷ് ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രമാണ്. കണ്ടുതന്നെ മനസ്സിലാക്കുക), സുലൈമാനായെത്തുന്ന ഗോപകുമാര്‍ എല്ലാവരും തകര്‍ത്തഭിനയിച്ചു. എന്നാല്‍ സലിംകുമാര്‍ കഴിഞ്ഞാല്‍ നമ്മുടെ ഹൃദയം കവരുന്നത് സ്കൂള്‍ മാസ്റ്ററെ അവതരിപ്പിച്ച നെടുമുടി വേണു തന്നെ.

ഒരാളുടെ അഭിനയം മാത്രം ചെറിയ കല്ലുകടിയായി. ചായക്കടക്കാരനായി അഭിനയിച്ച സുരാജ് വെഞ്ഞാറമ്മൂട്. അദ്ദേഹത്തിന് ലഭിച്ച ഏറ്റവും നല്ല കഥാപാത്രമാണിതെങ്കിലും അല്‍പ്പം ഓവറായി കക്ഷി അങ്ങ് ‘അഭിനയിച്ചു’. മൊത്തം സിനിമയുടെ നന്‍‌മയില്‍ സുരാജിന്‍റെ ‘പ്രകടനം’ പ്രേക്ഷകര്‍ അത്ര കാര്യമാക്കുന്നില്ല.

അടുത്ത പേജില്‍ - മികച്ച സംവിധാനം, ഛായാഗ്രഹണം, സംഗീതം

PRO
ആദാമിന്‍റെ മകന്‍ അബു സംഗീതപ്രധാനമായ ചിത്രമാണ്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും ഗാനങ്ങളും കാണികളെ മറ്റൊരു ലോകത്തേക്ക് നയിക്കുകയാണ്. അബുവിന്‍റെ യാതനകള്‍ പ്രേക്ഷകരില്‍ ഒരു നൊമ്പരാനുഭവമാക്കി മാറ്റുവാന്‍ രമേഷ് നാരായണന്‍റെ സംഗീതത്തിനും റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്കും കഴിയുന്നു.

ഗാനങ്ങളില്‍ ഏറ്റവും തീവ്രമായി മനസില്‍ പതിയുന്നത് ‘മക്കാ മദീനത്തില്‍...’, ‘കിനാവിന്‍റെ മിനാരത്തില്‍...’ ഇവ രണ്ടുമാണ്. ‘കിനാവിന്‍റെ മിനാരത്തില്‍...’ ഏറ്റവും നല്ല വരികളാല്‍ അനുഗ്രഹിക്കപ്പെട്ട ഗാനമാണ്.

മധു അമ്പാട്ടിന്‍റെ ക്യാമറയില്‍ പകര്‍ത്തപ്പെട്ട ഇതിഹാസമാണ് ആദാമിന്‍റെ മകന്‍ അബു. ഈ സിനിമയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ മധു അമ്പാട്ടിന്‍റെ ഛായാഗ്രഹണത്തിനായി. ഗാനരംഗങ്ങളില്‍ ദൈവികമായ ഒരനുഭൂതിയാണ് ഛായാഗ്രാഹകന്‍ പകര്‍ന്നു നല്‍കുന്നത്.

സലിം അഹമ്മദ് ഒറ്റച്ചിത്രം കൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ അടുത്ത സിനിമയ്ക്കായി ഏവരും കാക്കുകയാണ്. ‘അബു’വില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ക്ലാസിക്കുമായി സലിം അഹമ്മദ് ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക