ദീപികയ്ക്ക് പകരം തൃപ്തി; വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് നടി

നിഹാരിക കെ.എസ്

ഞായര്‍, 25 മെയ് 2025 (09:59 IST)
സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ നായികയെ തീരുമാനിച്ചു. ചിത്രത്തിൽ ദീപിക പദുക്കോണിന് പകരം തൃപ്തി ദിമ്രി നായികയാവും. സംവിധായകൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി എക്സിലൂടെ അറിയിച്ചത്. 9 ഭാഷകളിൽ നടിയുടെ പേര് എഴുതിയ പോസ്റ്ററുമായാണ് പ്രഖ്യാപനം. തൃപ്തി ദിമ്രിയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
 
‘ഇപ്പോഴും ഇതെനിക്ക് പൂർണമായി വിശ്വസിക്കാനായിട്ടില്ല. ഈ ഒരു യാത്രയിൽ എന്നെയും വിശ്വസിച്ച് ഒപ്പം കൂട്ടിയതിന് ഒരുപാട് നന്ദി. താങ്കളുടെ 
വിഷന്റെ ഭാഗമാകാൻ എനിക്ക് അവസരം നൽകിയതിന് സന്ദീപ് റെഡ്ഡി വംഗയോട് ഒരുപാട് നന്ദി” എന്നാണ് തൃപ്തി ദിമ്രി കുറിച്ചിരിക്കുന്നത്.
 
നേരത്തെ ദീപിക മുന്നോട്ട് വച്ച ഡിമാൻഡുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അതിനാൽ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ദിവസം എട്ടു മണിക്കൂർ ജോലി സമയം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വച്ചതെന്നാണ് സൂചന. തെലുങ്കിൽ സംഭാഷണം പറയാൻ ദീപിക വിസമ്മതിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. കുഞ്ഞിന് ജന്മം നൽകിയ ശേഷം കുറച്ചു കാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ദീപിക. നടി ഗർഭിണി ആയതിനാൽ ആയിരുന്നു സ്പിരിറ്റിന്റെ ചിത്രീകരണം നീണ്ടുപോയത്. എന്നാൽ നടിയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ ചിത്രത്തിന്റെ ടീമിന് ആയില്ല. ഇതോടെയാണ് നടിയെ സിനിമയിൽ നിന്നും മാറ്റിയത്. 
 
അതേസമയം, പ്രഭാസിനൊപ്പം തൃപ്തി ദിമ്രി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. സന്ദീപ് റെഡ്ഡിയുടെ ‘അനിമൽ’ എന്ന ചിത്രത്തിൽ രശ്‌മിക മന്ദനയെ കൂടാതെ തൃപ്തിയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിക്ക് നാഷണൽ ക്രഷ് എന്ന വിശേഷണം ലഭിച്ചിരുന്നു. സ്പിരിറ്റ് 2025 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍