പോലീസുകാര്‍ തിരയുന്ന ചന്ദനക്കടത്തുകാരനായി അല്ലു അര്‍ജുന്‍, 'പുഷ്പ' ടീസര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്

വ്യാഴം, 8 ഏപ്രില്‍ 2021 (09:15 IST)
അല്ലു അര്‍ജുന്‍ തന്റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ വേളയില്‍ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'പുഷ്പ'ലെ സ്‌പെഷ്യല്‍ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. ഇതിനകം തന്നെ 6 മില്യണില്‍ കൂടുതല്‍ ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. പുഷ്പ രാജ് എന്ന അല്ലു അര്‍ജുന്‍ കഥാപാത്രത്തിന്റെ രൂപം വെളിപ്പെടുത്തുന്നതായിരുന്നു ഹസ്വ വീഡിയോ. ഇടതൂര്‍ന്ന വനപ്രദേശത്ത്, ഒരുകൂട്ടം ചന്ദനക്കടത്തുകാര്‍ മരമുകളില്‍ നിന്നും മലമുകളില്‍ നിന്നും പോലീസ് വരുന്ന വിവരം അറിയിക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടോടുന്ന അല്ലു അര്‍ജുന്‍ കഥാപാത്രം പുഷ്പ രാജും പിന്നീട് അദ്ദേഹത്തിന്റെ ചന്ദനക്കടത്തും എല്ലാമാണ് 80 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍.
 
കന്നഡ നടന്‍ ധനഞ്ജയ് പോലീസ് ഉദ്യോഗസ്ഥനായി എത്തുന്നു. രശ്മിക മന്ദാന തനി നാട്ടിന്‍പുറത്തുകാരിയാണ് വേഷമിടുന്നത്.അല്ലു അര്‍ജുനനെ ലോറി ഡ്രൈവറായും കാണാം. 
 
സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ' ഒരു പാന്‍-ഇന്ത്യന്‍ റിലീസ് ചിത്രമാണ്. ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നു. മാസ്-ആക്ഷന്‍ എന്റര്‍ടെയ്നറിനു വേണ്ടിയുളള അല്ലു അര്‍ജുന്റെ മേക്കോവര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍