അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് ആണ് ആദ്യം റിലീസിനൊരുങ്ങുന്നത്. പുതുമുഖങ്ങളുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള ഹീറോയാണ് ബോസ്. മമ്മൂട്ടിയില്‍ നിന്ന് ഇതുവരെ കാണാത്ത രീതിയിലുള്ള മാനറിസങ്ങളും ഹ്യൂമറും എല്ലാം ഇതിൽ കാണാം. ചെറുപ്പത്തിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവും മനസിൽ പേറി നടക്കുന്ന ആളാണ് ബോസ്. എന്നാല്‍ അത് നടന്നില്ല. പകരം സിനിമയ്ക്കായി നിർമാതാക്കൾക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബിസിനസ് തിരഞ്ഞെടുത്തു. സിനിമയെ വല്യ ഇഷ്ടമായതിനാൽ സിനിമാ ഡയലോഗുകളൊക്കെ പറയുന്ന ആള്‍ രസികനാണ്. എന്നാല്‍ കൊടുത്ത പണം കൃത്യമായി തിരിച്ചുകിട്ടിയില്ലെങ്കില്‍ ബോസ് പ്രശ്‌നക്കാരനാകും. അതുകൊണ്ടാണ് അയാളെ ഷൈലോക്ക് എന്ന് വളിക്കുന്നത്.
ഷൈലോക്കിനു ശേഷം ബോബി സഞ്ജയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘വൺ’ റിലീസ് ആകും. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ കടയ്ക്കൽ ചന്ദ്രനെന്ന മുഖ്യമന്ത്രിയുടെ കഥയാണ് പറയുന്നത്. കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.
ഇതിനു പിന്നാലെയാണ് ജോഫിൻ സംവിധാനം ചെയ്യുന്ന ‘ദ പ്രീസ്റ്റ്’ വരുന്നത്. മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്‌ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ജോഫിന്‍റെ തിരക്കഥ വായിച്ച് ആവേശത്തിലായ മമ്മൂട്ടി മറ്റ് പ്രൊജക്‍ടുകള്‍ മാറ്റിവച്ച് ഈ സിനിമയ്‌ക്ക് ഡേറ്റ് നല്‍കുകയായിരുന്നു. അല്‍പ്പം നെഗറ്റീവ് ഷേഡുള്ള നായകനായി മമ്മൂട്ടി കസറുമെന്നുതന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.