പൃഥ്വിരാജുമായി കൈകോർക്കാൻ ജിതിൻ ലാൽ? ഒരുങ്ങുന്നത് സയൻസ് ഫിഷൻ ഴോണർ സിനിമ

നിഹാരിക കെ.എസ്

തിങ്കള്‍, 12 മെയ് 2025 (15:45 IST)
ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ ഒരുക്കിയ സിനിമയാണ് അജയന്റെ രണ്ടാം മോഷണം. സിനിമ ഹിറ്റായിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഒരു ഫാന്റസി അഡ്വെഞ്ചർ ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമ 100 കോടി കളക്ഷൻ നേടിയിരുന്നു. അടുത്തതായി നടൻ പൃഥ്വിരാജിനെ നായകനാക്കിയാണ് ജിതിൻ സിനിമയൊരുക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിനെ സംബന്ധിച്ച അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
 
പൃഥ്വിരാജുമൊത്തുള്ള ചിത്രം ഇന്നലെ ജിതിൻ ലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായത്. അജയന്റെ രണ്ടാം മോഷണത്തിന്റെ തിരക്കഥാകൃത്തായ സുജിത് നമ്പ്യാരും ചിത്രത്തിലുണ്ട്. പൃഥ്വി ചിത്രത്തിനായി സുജിത് ആണ് തിരക്കഥയൊരുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. സയൻസ് ഫിഷൻ ജോണറിൽ വമ്പൻ ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് സൂചനകൾ.
 
അതേസമയം, കഴിഞ്ഞ വർഷമാണ് ടൊവിനോ-ജിതിൻ ചിത്രം അജയന്റെ രണ്ടാം മോഷണം റിലീസ് ആയത്. കൃതി ഷെട്ടി, ബേസിൽ ജോസഫ്, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ശിവജിത്ത്, ഹരീഷ് ഉത്തമൻ, കബീർ ദുഹൻ സിംഗ്, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മാജിക് ഫ്രെയിംസും യുജിഎം എന്റർടൈൻമെന്റും ചേർന്നാണ് സിനിമ നിർമ്മിച്ചത്. 3D യിലും 2D യിലുമാണ് സിനിമ പുറത്തിറങ്ങിയത്. 30 കോടി ബഡ്ജറ്റിൽ ഇറങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും 106.75 കോടിയാണ് നേടിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍