ശ്രീനിവാസന്‍ കുറ്റാന്വേഷകനായ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഏറ പ്രതീക്ഷയുണ്ടാകും. എന്നാല്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാതെ സിനിമക്ക് എത്തിയാല്‍ ‘ആയൂര്‍രേഖ’ നിങ്ങളെ നിരാശരാക്കില്ല. സൂപ്പര്‍താരങ്ങളുടെ പ്രമുഖ കൂട്ടുകെട്ടുകള്‍ പ്രേക്ഷകരെ നിരാശരാക്കുമ്പോള്‍ ജി എം മനു എന്ന പുതുമുഖ സംവിധായകന്‍ പാസ്മാര്‍ക്കെങ്കിലും നേടുന്നു.
പുതുതായി ഒന്നും സമ്മാനിക്കുന്നില്ലെങ്കിലും വമ്പന്‍മാരുടെ സിനിമ സംരംഭങ്ങള്‍ പ്രേക്ഷകരെ നിര്‍ദ്ദയം വഞ്ചിക്കുമ്പോള്‍ ‘ആയൂര്‍രേഖ’ പോലുളള സിനിമകള്‍ നിരാശപ്പെടുത്തുന്നില്ല എന്നത് വലിയ കാര്യമാണ്. വന്‍ പരസ്യ തന്ത്രങ്ങളോ വിതരണ തന്ത്രങ്ങളോ ഒന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ജെ എം മനു എന്ന പുതുമുഖ സംവിധായകന്‍റെ ‘ആയൂര്‍രേഖ’ കണ്ട് പ്രേക്ഷകന് മനസ്താപമുണ്ടാകില്ല എന്ന് ഉറപ്പിച്ച് പറയാം.
ഡോക്ടര്‍ അപര്‍ണയുടെ(ലക്ഷ്മി ശര്‍മ്മ) മരണം അന്വേഷിക്കാനെത്തുന്ന കുറ്റാന്വേഷ വിദഗ്ധനാണ് ജേക്കബ് ജോര്‍ജ്(ശ്രീനിവാസന്‍). കുഴപ്പക്കാരിയായ മോഡേണ്‍ പെണ്ണാണ് അപര്‍ണ്ണ. ഭര്‍ത്താവ് ഡോക്ടര്‍ വേണുഗോപാലുമായുള്ള വിവാഹമോചനകേസ് കോടതിയിലാണ്. സ്വന്തം ആശുപത്രിയിലെ കീഴ് ജീവനക്കാരോടെല്ലാം അപര്‍ണ ക്രൂരമായാണ് പെരുമാറുന്നത്. സഹ ഡോക്ടറായ മല്ലിക(ജ്യോതിര്‍മയി)യുടെ ഭര്‍ത്താവ് ആനന്ദുമായി (ഇന്ദ്രജിത്ത്)അടുക്കാന്‍ അപര്‍ണ്ണ ശ്രമിക്കുന്നു. അപര്‍ണയുടെ വീട്ടിനടുതത്ത് താമസിക്കാനെത്തുന്ന തൃപ്രയാര്‍ മാധവനും(മുകേഷ്) അപര്‍ണയെ നോട്ടമുണ്ട്.
അപര്‍ണയുടെ വിവാഹമോചനകേസില്‍ വിധിവരാനിരിക്കെ ഒരു ദിവസം കിടപ്പു മുറിയില്‍ അവരെ മരിച്ച നിലയില്‍ കാണുന്നു. പെത്തഡിന്‍ അമിതമായി കുത്തിവച്ച് മരിച്ചെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കേസ് അന്വേഷിക്കാന്‍ ജോര്‍ജ് ജേക്കബ് എത്തുന്നതോടെ സ്ഥിതിഗതികള്‍ മാറി മറിയുന്നു. ആദ്യപകുതിയില്‍ ലക്ഷ്മി ശര്‍മ്മയും രണ്ടാം പകുതിയില്‍ ശ്രീനിവാസനും സിനിമ മുന്നോട്ട് കൊണ്ട് പോകുന്നു.
സ്ഥിരം ശൈലിയില്‍ ശ്രീനി കുറ്റാന്വേഷണവുമായി മുന്നോട്ട് പോകുന്നു. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഉര്‍വ്വശി എന്നിവരും സിനിമയിലുണ്ട്. സാങ്കേതികമായി സിനിമ നിരാശപ്പെടുത്തുന്നില്ലെങ്കിലും ഗാനങ്ങള്‍ മോശമാണ്. പുതിയ സംവിധായകനില്‍ നിന്ന് എന്തെങ്കിലും വ്യത്യസ്ഥമായ ഒന്ന് സിനിമയില്‍ സംഭവിക്കുന്നില്ല.പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കുന്നത് തന്നെ വലിയ കാര്യം.