ഹിന്ദി ട്രാഫിക്കില്‍ അജയ് ദേവ്ഗണ്‍!

ബുധന്‍, 30 മെയ് 2012 (15:15 IST)
PRO
മലയാള സിനിമയ്ക്ക് ഏറെ നിര്‍ണ്ണായകമായ ചിത്രമായിരുന്നു ‘ട്രാഫിക്’. കഥയില്ലായ്മയും പരാജയങ്ങളും കൊണ്ട് തകര്‍ന്നുപോയ മലയാള സിനിമയെ പുതിയ സിനിമാഭിരുചികളിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ട്രാഫിക്കായിരുന്നു. രാജേഷ് പിള്ള സംവിധാനം ചെയ്ത ആ ചിത്രം ഇപ്പോള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്.

ഹിന്ദി, തമിഴ് ഭാഷകളിലാണ് ട്രാഫിക് വിസ്മയം തീര്‍ക്കാനെത്തുന്നത്. ഹിന്ദി റീമേക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംവിധായകന്‍ രാജേഷ് പിള്ള ആരംഭിച്ചുകഴിഞ്ഞു. ചിത്രീകരണം ജൂണ്‍ ആദ്യം തുടങ്ങും. മലയാളത്തില്‍ റഹ്‌മാന്‍ അനശ്വരമാക്കിയ സൂപ്പര്‍സ്റ്റാര്‍ കഥാപാത്രത്തെ ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ അവതരിപ്പിക്കും. അജയ് ദേവ്ഗണ്‍ തന്നെയാണ് ട്രാഫിക് ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത്.

ട്രാഫിക്കിലെ ഏറ്റവും പ്രധാന കഥാപാത്രമാണ് റഹ്‌മാന്‍ അവതരിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ വേഷം. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ സ്വഭാവഛായയുള്ള കഥാപാത്രം എന്ന് വിലയിരുത്തപ്പെട്ട വേഷത്തില്‍ അജയ് ദേവ്ഗണ്‍ എത്തുമ്പോള്‍ ഹിന്ദിസിനിമയ്ക്ക് അനുയോജ്യമായ മാറ്റങ്ങളുണ്ടാകും. ഈ കഥാപാത്രമാകാന്‍ മുമ്പ് സണ്ണി ഡിയോളിനെ സമീപിച്ചിരുന്നു.

തെന്നിന്ത്യന്‍ റീമേക്ക് ചിത്രങ്ങളോട് അജയ് ദേവ്ഗണിന് ഇപ്പോള്‍ ഭ്രമമാണ്. സിങ്കത്തിന്‍റെ ഹിന്ദിപ്പതിപ്പ് മെഗാഹിറ്റായതോടെയാണ് തെന്നിന്ത്യയിലെ മികച്ച സിനിമകള്‍ റീമേക്ക് ചെയ്യാനുള്ള ശ്രമം അജയ് ആരംഭിച്ചത്.

മലയാളത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച പൊലീസുകാരന്‍റെ വേഷം ഹിന്ദിയില്‍ പ്രകാശ് രാജാണ് അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച വേഷത്തില്‍ ജിമ്മി ഷെര്‍ഗില്‍ എത്തും. വിനീത്‌ ശ്രീനിവാസന്‍ ചെയ്‌ത വേഷം നസിറുദ്ദീന്‍ഷായുടെ പുത്രന്‍ ഇമാദ്‌ ഷാ അവതരിപ്പിക്കും.

വെബ്ദുനിയ വായിക്കുക