രണ്ടുലോകങ്ങളിലെ രാജാവാണ് എ ആര് മുരുഗദോസ്. കോളിവുഡിലെയും ബോളിവുഡിലെയും. രണ്ട് ഇന്‍ഡസ്ട്രിയിലെയും വലിയ ഹിറ്റുകളുടെ തമ്പുരാന്. ബോളിവുഡില്‍ തന്റെ പുതിയ സിനിമയ്ക്ക് മുരുഗദോസ് തുടക്കമിട്ടുകഴിഞ്ഞു. ചിത്രത്തിന് പേര് - അകിറ !
ജാപ്പനീഷ് ഭാഷയില്‍ ബ്രില്യന്റ് എന്നര്‍ത്ഥമുള്ള ഈ വാക്ക് സിനിമയ്ക്ക് ഏറെ യോജിച്ചതാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സൊനാക്ഷി സിന്‍ഹയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘മൌനഗുരു’ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഈ സിനിമ.
തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വലിയ ശക്തികളോട് ഒറ്റയ്ക്കുനിന്ന് പോരാടി ജയിക്കുന്ന പെണ്‍കുട്ടിയായാണ് സൊനാക്ഷി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ശത്രുഘ്നന്‍ സിന്‍ഹയും അനുരാഗ് കശ്യപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആര് ഡി രാജശേഖര്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം അനിരുദ്ധ്.
മുംബൈ, പുനെ, രാജസ്ഥാന് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന അകിറയുടെ ഹൈലൈറ്റ് സൊനാക്ഷിയുടെ ആക്ഷന്‍ രംഗങ്ങളായിരിക്കും.