സുരേഷ്ഗോപി തിരിച്ചെത്തുന്നു, മോഹന്‍ലാലിനെ കുടുക്കാന്‍!

ബുധന്‍, 17 ഏപ്രില്‍ 2013 (16:38 IST)
PRO
‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന സിനിമ തകര്‍ന്നപ്പോള്‍ സുരേഷ്ഗോപി എന്ന പഴയ സൂപ്പര്‍താരവും മലയാള സിനിമയില്‍ നിന്ന് മാറിനിന്നു. അതിന് ശേഷം മലയാളത്തില്‍ ഒരു പടം ചെയ്യാന്‍ സുരേഷ് തയ്യാറായിട്ടില്ല. തമിഴില്‍ ഷങ്കര്‍ ചിത്രമായ ‘ഐ’യില്‍ അഭിനയിച്ചുവരികയാണ് താരം. ഒപ്പം ഏഷ്യാനെറ്റില്‍ ‘കോടീശ്വരന്‍’ ഷോയും നടത്തുന്നുണ്ട്.

ചൂടന്‍ പൊലീസ് വേഷങ്ങളില്‍ എന്നും തിളങ്ങിയിട്ടുള്ള സുരേഷ്ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ മലയാളത്തിലേക്ക് എത്തുന്നു എന്നൊരു വാര്‍ത്ത ലഭിക്കുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ‘മിസ്റ്റര്‍ ഫ്രോഡ്’ എന്ന ചിത്രത്തിലാണ് സുരേഷ്ഗോപി അഭിനയിക്കുന്നത്.

ഏറെ ദുരൂഹതയുള്ള ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്‍റെ ദുരൂഹത നീക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ്ഗോപി വരുന്നത്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. എ വി അനൂപാണ് നിര്‍മ്മാണം.

അടുത്ത പേജില്‍ - ഈ ചിത്രം ലോക്പാല്‍ പോലെയാകില്ല!

PRO
ലോക്പാലുമായി സമാനത കണ്ടതിനെ തുടര്‍ന്ന് മിസ്റ്റര്‍ ഫ്രോഡിന്‍റെ കഥയിലും തിരക്കഥയിലും ബി ഉണ്ണികൃഷ്ണന്‍ വലിയ അഴിച്ചുപണിയാണ് നടത്തുന്നത്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കാനിരുന്ന പ്രൊജക്ടാണ് മിസ്റ്റര്‍ ഫ്രോഡ്. എന്നാല്‍ ലോക്പാല്‍ റിലീസാകുകയും പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മിസ്റ്റര്‍ ഫ്രോഡ് മാറ്റിവയ്ക്കുകയായിരുന്നു.

ഒറ്റയാനും രസികനും കുടിലബുദ്ധിക്കാരനുമായ ഫ്രോഡായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. തന്‍റെ ഏറ്റവും അവസാനത്തെ ചതിപ്രയോഗം ഏറ്റവും കൃത്യതയോടെ നടത്താന്‍ ദൃഢനിശ്ചയം ചെയ്ത അയാളുടെ നീക്കങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ‘One Man... Many Faces' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍.

റഷ്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ ഈ സിനിമ ചിത്രീകരിക്കുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതെങ്കിലും പൂര്‍ണമായും ഇന്ത്യയില്‍ തന്നെ ചിത്രീകരിക്കാനാണ് ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂരിഭാഗവും കേരളത്തില്‍ ചിത്രീകരിക്കുന്ന മിസ്റ്റര്‍ ഫ്രോഡിന്‍റെ ചില രംഗങ്ങള്‍ മൈസൂര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും.

സണ്ണി വെയ്ന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും മിസ്റ്റര്‍ ഫ്രോഡില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നാണ് സംവിധായകന്‍ നല്‍കുന്ന വിവരം.

വെബ്ദുനിയ വായിക്കുക