സജിന്‍ രാഘവന്‍റെ ചതിക്കുഴിയില്‍ ഇനി നിര്‍മ്മാതാക്കള്‍ വീഴരുത്!
ബുധന്‍, 8 ഫെബ്രുവരി 2012 (17:22 IST)
PRO
സിനിമയോട് ആത്മാര്‍ത്ഥതയില്ലാത്ത സജിന്‍ രാഘവന്‍ എന്ന സംവിധായകന്‍റെ ചതിക്കുഴിയില്‍ ഇനി നിര്‍മ്മാതാക്കള്‍ വീഴരുതെന്ന് ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവ് വൈശാഖ് രാജന്‍. സിനിമയുടെ ‘എബിസിഡി’ അറിയാത്ത സംവിധായകനാണ് സജിന്‍ രാഘവനെന്നും വൈശാഖ് രാജന്‍ പറയുന്നു.
സജിന്‍ രാഘവന് സംവിധാനത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിയില്ല. ഷൂട്ടിംഗ് തുടങ്ങി രണ്ടാം ദിവസം തന്നെ ഇക്കാര്യം വ്യക്തമായി. ആക്ഷനും കട്ടും എവിടെ പറയണം എന്നറിയില്ല. ഷോട്ട് ഡിവിഷനെക്കുറിച്ച് ധാരണയില്ല. ഇത് മനസിലാക്കിയ ക്യാമറാമാന്‍ എസ് കുമാര്‍ സംവിധായകനെ മറികടന്ന് സ്വന്തം തീരുമാനങ്ങള്‍ ഷൂട്ടിംഗ് സെറ്റില്‍ നടപ്പാക്കാന്‍ തുടങ്ങി. ഇതോടെ ഷൂട്ടിംഗ് 21 ദിവസം കൂടുതല്‍ നീളുകയും എനിക്ക് 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു - വൈശാഖ് രാജന്‍ പറയുന്നു.
സംവിധായകന്‍റെ കഴിവില്ലായ്മയെക്കുറിച്ച് ശ്രീനിവാസനും അറിയാമായിരുന്നു. അത് ബോധ്യമായതിന് ശേഷം ശ്രീനിയും സംവിധായകനും തമ്മില്‍ സംസാരിച്ചിട്ടില്ല. ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന സിനിമയ്ക്ക് പോസ്റ്ററടിക്കുന്നത് ഞാന്‍ പൈസ മുടക്കിയാണ്. സംവിധായകനും ക്യാമറാമാനും തങ്ങളുടെ പേരുകള്‍ പോസ്റ്ററുകളില്‍ വേണമെന്നുണ്ടെങ്കില്‍ അവര്‍ പണം മുടക്കി പോസ്റ്ററടിക്കട്ടെ - വൈശാഖ് രാജന്‍ നിര്‍ദ്ദേശിക്കുന്നു.