വീണ്ടും പോക്കിരിപ്പോലീസ് ആയി വിജയ്!

വെള്ളി, 7 നവം‌ബര്‍ 2014 (20:16 IST)
പൊലീസ് വേഷത്തില്‍ വീണ്ടും ഇളയദളപതി വിജയ് എത്തുന്നു. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്‍റടെയ്നറിലാണ് വിജയുടെ പൊലീസ് അവതാരം. കലൈപ്പുലി എസ് താണു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നയന്‍‌താരയായിരിക്കും നായിക.
 
വിജയുടെ മെഗാഹിറ്റായ പോക്കിരിയിലും ജില്ലയിലുമൊക്കെ പൊലീസ് വേഷത്തില്‍ അദ്ദേഹം മിന്നിത്തിളങ്ങിയിരുന്നു. പുതിയ സിനിമയില്‍ ഒരു ഒന്നാന്തരം പൊലീസ് കഥാപാത്രവും ഒരു കിടിലന്‍ പൊലീസ് സ്റ്റോറിയുമാണ് വിജയ്ക്കുവേണ്ടി അറ്റ്‌ലീ തയ്യാറാക്കിയിരിക്കുന്നത്.
 
ജി വി പ്രകാശാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ സിനിമയുടെ സംഗീത സംവിധായകന്‍. ജി വി പ്രകാശിന്‍റെ അമ്പതാം ചിത്രമായിരിക്കും ഇത്. അറ്റ്‌ലീയുടെ രാജാ റാണി, എ ആര്‍ മുരുഗദോസിന്‍റെ കത്തി എന്നിവയ്ക്ക് ക്യാമറ ചലിപ്പിച്ച ജോര്‍ജ് വില്യംസാണ് ഛായാഗ്രഹണം.
 
2016 പൊങ്കല്‍ റിലീസായാണ് ഈ സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതിനുമുമ്പ് ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഫാന്‍റസി സിനിമയാണ് വിജയ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക