വീണ്ടും താക്കറെയുടെ കുടുംബകഥ!

ശനി, 2 ജനുവരി 2010 (16:47 IST)
IFM
രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ‘സര്‍ക്കാര്‍’, ‘സര്‍ക്കാര്‍ രാജ്’ എന്നീ സിനിമകള്‍ പറഞ്ഞത് മുംബൈയിലെ താക്കറെ കുടുംബത്തിന്‍റെ കഥയാണെന്നത് ഒരു രഹസ്യമല്ല. ബാല്‍ താക്കറെ എന്ന രാഷ്ട്രീയ നാടുവാഴിയുടെ ഛായയുള്ള കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ സര്‍ക്കാര്‍ സീരീസില്‍ അനശ്വരമാക്കിയത്. ഇപ്പോഴിതാ, താക്കറെ കുടുംബത്തിന്‍റെ കഥയുമായി വീണ്ടും ഒരു സിനിമ വരുന്നു.

ഈ വിവാദ പ്രമേയത്തില്‍ ഇത്തവണ കൈവയ്ക്കുന്നത് സംവിധായകന്‍ അവധൂത് ഗുപ്തെയാണ്. മറാത്തി ഭാഷയിലുള്ള ചിത്രത്തിന് പേര് ‘സെന്‍‌ഡ’. മഹാരാഷ്ട്രയില്‍ മാത്രമല്ല, രാജ്യമാകെ ഈ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. താക്കറെ കുടുംബത്തിനുള്ളില്‍, ഉദ്ദവ് താക്കറെയും രാജ് താക്കറെയും തമ്മില്‍ നടക്കുന്ന പോരാണല്ലോ മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ ഏറ്റവും ചൂടുള്ള വിഷയം. അതുതന്നെയാണ് അവധൂത് സിനിമയാക്കുന്നത്.

“മഹാരാഷ്ട്ര പൊളിറ്റിക്സില്‍ നടക്കുന്നത് എന്താണെന്ന് മാത്രമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അന്തിമമായ ഒരു തീര്‍പ്പിന് ഞാന്‍ ഇവിടെ മുതിരുന്നില്ല. ബാല്‍ താക്കറെയുമായും ഉദ്ദവുമായും രാജുമായുമൊക്കെ എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. അവര്‍ക്ക് എന്നെ വിശ്വാസമാണ്.” - അവധൂത് ഗുപ്തെ പറയുന്നു.

ഉദ്ദവ് - രാജ് പോരാട്ടം ഈ മാസം എട്ടിന് പ്രദര്‍ശനത്തിനെത്തുമ്പോള്‍ ചിത്രം എങ്ങനെ സ്വീകരിക്കപ്പെടുമെന്നതിനെക്കുറിച്ച് സിനിമാലോകത്ത് ആശങ്കകള്‍ ഏറെയാണ്.

വെബ്ദുനിയ വായിക്കുക