ലിസമ്മയുടെ വീട്ടില്‍ ടി പി വധവും ഐസ്ക്രീം വാണിഭവും

വെള്ളി, 10 ഓഗസ്റ്റ് 2012 (17:22 IST)
PRO
സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളും പീഡനത്തിന്‍റെ കണ്ണീര്‍ കഥകളും ചേര്‍ന്ന ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാളത്തില്‍ തിരിച്ചെത്തുന്നത്. അച്ഛനുറങ്ങാത്ത വീടിന്‍റെ രണ്ടാം ഭാഗമായ ലിസമ്മയുടെ വീട് ബാബു ജനാര്‍ദ്ദനനാണ് സംവിധാനം ചെയ്യുന്നത്. അച്ഛനുറങ്ങാത്ത വീട്ടിലെ നായികാ കഥാപാത്രം പുതിയ പശ്ചാത്തലത്തിലേക്ക് പറിച്ചുനടപ്പെടുന്നു. ഉടന്‍ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുകയാണ് ലിസമ്മയുടെ വീട്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ സഖാവ് ശിവന്‍കുട്ടിയെ പൊതുവഴിയില്‍ വച്ചു വെട്ടിക്കൊല്ലുന്നിടത്താണ് കഥ ആരംഭിക്കുന്നത്. സി ഐ ടി യു സജീവപ്രവര്‍ത്തകനായ ശിവന്‍കുട്ടിയെ വിവാഹം കഴിച്ചാണ് ലിസമ്മ നീലേശ്വരത്തേക്കു വന്നത്. ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ ഒരു പ്രമുഖന് പങ്കുണ്ടെന്നു പറയാന്‍ ലിസമ്മയ്ക്ക് വന്‍ തുക ഓഫര്‍ ചെയ്യുന്നു. പ്രത്യേക സാഹചര്യത്തില്‍ തന്നെ പീഡിപ്പിച്ച പ്രമുഖ നേതാവിന്‍റെ പേര് ലിസമ്മ തുറന്നു പറയുന്നു, അത് വലിയ വിവാദമാകുന്നു. ഇങ്ങനെയാണു കഥ മുന്നോട്ടു പോകുന്നത്. വാ‍ടാമല്ലി, ബാങ്കോക്ക് സമ്മര്‍ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച രാഹുല്‍ മാധവ് ആണ് ടി പി ചന്ദ്രശേഖരനുമായി സാദൃശ്യമുള്ള സഖാവ് ശിവന്‍കുട്ടിയായി അഭിനയിക്കുന്നത്.

ലിസമ്മയുടെ ജീവിതകഥ പറയുന്നതിനിടയ്ക്ക് സമകാലീന രാഷ്ടീയ സംഭവങ്ങള്‍ ഇടം പിടിച്ചത് സ്വഭാവികം മാത്രമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ അത് അങ്ങനെ കരുതാനാവില്ല. അടുത്തിടെ ഇറങ്ങിയ വീണ്ടും കണ്ണൂരെന്ന സിനിമയിലും ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പരാമര്‍ശിക്കപ്പെട്ടിരുന്നു. പക്ഷേ, അതുകൊണ്ടൊന്നും ആ പടം വിചാരിച്ചതുപോലെ ഓടിയില്ല.

ലിസമ്മയുടെ വീടെന്ന സിനിമയ്ക്ക് ടി പി വധവുമായും ഐസ്ക്രീം കേസുമായും സാമ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അല്ലെങ്കില്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ അക്കാര്യം പുറത്തുവിടുന്നുണ്ട്. ടി പി വധം ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നറിയിക്കാനായി കഴിഞ്ഞ ദിവസം ഒരു ടി വി ചാനലില്‍ ആ രംഗങ്ങളുടെ ഡബ് കോപ്പി പ്രദര്‍ശിപ്പിച്ചിരുന്നു.

പീഡനത്തിനിരയായ ലിസമ്മയുടെ പത്തു വര്‍ഷത്തിനു ശേഷമുള്ള വിവാദ വെളിപ്പെടുത്തലുകളും പാ‍ര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ലിസമ്മയുടെ ഭര്‍ത്താവിനെ പെരുവഴിയിലിട്ട് വെട്ടിക്കൊല്ലുന്നതും
സീരിയലില്‍ അഭിനയിക്കാന്‍ പോയി പീഡനത്തിനിരയായ പെണ്‍കുട്ടിയുമൊക്കെ ലിസമ്മയുടെ വീട് എന്ന സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ബാബു ജനാര്‍ദ്ദനന്‍ ശ്രമിച്ചിട്ടുണ്ട്. ഈ വ്യാപാരതന്ത്രം മലയാളികളില്‍ ഫലിക്കുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ.

അച്ഛനുറങ്ങാത്ത വീടിന് സുര്യനെല്ലി കേസുമായി സാമ്യമുണ്ടായിരുന്നെങ്കിലും ആ കേസിലുള്‍പ്പെട്ട നേതാക്കന്‍‌മാരെപ്പറ്റിയൊന്നും പരാമര്‍ശമില്ലാതെ, ലിസമ്മയുടെ കണ്ണീര്‍ജീവിതം മാത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ലിസമ്മയുടെ വീട്ടിലെത്തുമ്പോള്‍ കഥയാകെ മാറുകയാണ്. നിരവധി വിവാദങ്ങള്‍ ചേര്‍ന്ന കഥയാണ് ബാബു ജനാര്‍ദ്ദനന്‍ ഒരുക്കിയിരിക്കുന്നത്.

രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ പോള്‍ മുത്തൂറ്റ് വധം അപ്പാടെ പകര്‍ത്തിയെടുത്ത ത്രില്ലര്‍ എന്ന സിനിമയെ പ്രേക്ഷകര്‍ നിഷ്കരുണം നിരാകരിച്ചിരുന്നു. ലിസമ്മയുടെ വീട് ഒരുക്കുന്നത് ബാബു ജനാര്‍ദ്ദനനാണ് എന്നത് മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്. സമകാലീന സംഭവങ്ങള്‍ക്ക് നേരെ കണ്ണാടി പിടിക്കുന്നത് വെറും കച്ചവടതന്ത്രത്തിന് മാത്രമായല്ലെങ്കില്‍ ‘ലിസമ്മയുടെ വീട്’ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.

വെബ്ദുനിയ വായിക്കുക