രാമുവിന്‍റെ തീക്കളിയില്‍ ലാല്‍

FILEIFM
ഏറെ പ്രതീക്ഷിച്ചിരുന്ന ഷോലെയുടെ രണ്ടാം ഭാവം, ‘രാംഗോപാല്‍ വര്‍മ്മ കി ആഗ്’ തിയേറ്ററുകളിലെത്തി. മൂല കഥയില്‍ നിന്ന് വേറിട്ട് നടന്ന് വിജയം നുകരാന്‍ രാംഗോപാല്‍ നടത്തിയ ശ്രമം അത്ര വിജയിച്ചില്ലെങ്കിലും രണ്ട് അഭിനയ പ്രതിഭകള്‍ ഇവിടെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ കുറിച്ചു‍-ലാലും ബച്ചനും.

ബോളിവുഡില്‍ ഒരു റീമേക്കിലൂടെയാണ് ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ മോഹന്‍ ലാലിന്‍റെ അഭിനയം വിലയിരുത്താന്‍ പോവുന്നത്. ഷോലെ എന്ന ക്ലാസ്സിക് സിനിമ റീമേക്ക് ചെയ്യാനുള്ള സാഹസികത രാംഗോപാല്‍ കാണിച്ചപ്പോള്‍ മോഹന്‍ലാല്‍ എന്ന തെന്നിന്ത്യന്‍ നടന് അത് വന്‍ ബ്രേക്കായി മാറുകയാണ്.

ക്ലാസിക് വില്ലന്‍ ‘ഗബ്ബര്‍ സിംഗ്’ അമിതാഭിലൂടെ ‘ബബ്ബന്‍’ ആയപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഒരു വില്ലന്‍ കഥാപാത്രം അനശ്വരമാവുന്ന പ്രതിഭാസമാണ്. മുംബൈ താവളമാക്കി പ്രവര്‍ത്തിക്കുന്ന ബബ്ബനെ കണ്ടിട്ടുള്ളവര്‍ ആരുമില്ല. കാരണം കണ്ടവര്‍ പിന്നെ ജീവിച്ചിരിക്കില്ല, പോരേ ഈ കഥാപാത്രത്തിനെ കുറിച്ച് മനസ്സിലാക്കാന്‍.


FILEIFM
പക്ഷേ ബബ്ബന് ഒരു എതിരാളി ഉണ്ടാവുന്നു-ഇന്‍സ്പെക്ടര്‍ നരസിംഹ (മോഹന്‍ലാല്‍). ബബ്ബനെ സ്ഥൈര്യത്തോടെ നേരിടുന്ന നരസിംഹ വ്യത്യസ്ത അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനം കൈയ്യടക്കുമെന്ന് ഉറപ്പാ‍ണ്.

സിരകളെ മരവിപ്പിക്കുന്ന രീതിയില്‍ ബബ്ബനെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന രംഗം, ലാലും ബബ്ബനും തമ്മില്‍ കണ്ടു മുട്ടുന്ന രംഗം, സഹോദരന്‍റെ മരണത്തിന് ഇന്‍സ്പെക്ടര്‍ നരസിംഹ (ലാല്‍) യുടെ കുടുംബത്തെ ഒന്നാകെ വകവരുത്തന്ന രംഗങ്ങള്‍ ഇവയെല്ലാം രാംഗോപാല്‍ വര്‍മ്മ ടച്ച് കാത്ത് സൂക്ഷിക്കുന്നു. നിഷ കോത്താരിയെ അവതരിപ്പിക്കുന്ന സീനും രാംഗോപാല്‍ സ്പെഷല്‍ തന്നെയാണ്.

എന്നാല്‍, ആദ്യ പകുതി പ്രേക്ഷകരെ രസച്ചരടില്‍ മുറുകെപ്പിടിപ്പിക്കുന്ന ആഗ് തുടര്‍ന്ന് കാ‍റ്റില്ലാത്ത ബലൂണാവുന്നത് ഒരു പക്ഷേ സഹിക്കാനാവില്ല. രണ്ടാം പകുതിയില്‍ ഇഴയുന്ന പടം കാണികള്‍ക്ക് അവസാനിക്കാത്ത യാത്രപോലെ തോന്നിയാലും കുറ്റം പറയേണ്ടതില്ല.

FILEIFM
അമിത് റോയിയുടെ ഛായാഗ്രഹണം മികച്ച നിലവാരം പുലര്‍ത്തുന്നു. എന്നാല്‍ ഗാനങ്ങളില്‍ ഊര്‍മ്മിളയുടെ ചുവടുകളില്‍ പെയ്തിറങ്ങുന്ന ‘മെഹ്‌ബൂബ’ മാത്രമാണ് മനസ്സില്‍ തങ്ങുക.

പൊതുവെ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞാല്‍, മോഹന്‍ലാല്‍-ഡബിള്‍ ഓക്കെ. ബച്ചന്‍-ക്ലാസ്സിക്.ദേവ്ഗണ്‍-പിടിച്ച് നില്‍ക്കുന്നു. സുഷ്മിത സെന്‍, നിഷ കോത്താരി- മികച്ച രീതിയില്‍ റോളുകള്‍ കൈകാര്യം ചെയ്തു. പുതു മുഖം പ്രശാന്ത് രാജ്- നന്നായി.

ഛായാഗ്രഹണം നന്നായി. പാട്ടുകള്‍ മെച്ചമാക്കുന്നതില്‍ പരാജയപ്പെട്ടു. ഷോലെയില്‍ നിന്ന് ആഗിലേക്കുള്ള മാറ്റം അടിമുടി വിമര്‍ശനാത്മകം തന്നെയാണ്.