രാജ 2 ഒരു സംഗീത വിസ്‌മയം, മമ്മൂട്ടിച്ചിത്രത്തിനായി മറ്റൊരു ഹരിമുരളീരവം?

ബുധന്‍, 4 ജനുവരി 2017 (07:44 IST)
പുലിമുരുകൻ ഒരു വിസ്‌മയമാകുന്നത് അതിൻറെ സംഗീതസാന്നിധ്യം കൊണ്ടുകൂടിയാണ്. കുറച്ചുകൂടി വ്യക്തമാക്കിപ്പറഞ്ഞാൽ അതിൻറെ പശ്ചാത്തല സംഗീതം. ഗോപിസുന്ദർ ഒറ്റയ്ക്ക് ചെയ്ത പശ്ചാത്തല സംഗീതമാണത്. ഒറ്റയ്ക്ക് എന്ന്പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാണ്. ആ സിനിമയുടെ പശ്ചാത്തലമൊരുക്കാൻ മറ്റൊരാളുടെയും സഹായം ഗോപിക്ക് ലഭിച്ചിട്ടില്ല. ഓരോ ചെറുശബ്ദം പോലും ഗോപി സ്വയം സൃഷ്ടിച്ചത്!
 
ഇപ്പോൾ വൈശാഖ് തൻറെ അടുത്ത ബ്രഹ്‌മാണ്ഡ ചിത്രത്തിൻറെ പണിപ്പുരയിലാകുമ്പോൾ ആ സിനിമയും സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്നു. മമ്മൂട്ടി നായകനാകുന്ന 'രാജ 2' എന്ന പ്രൊജക്ട് ഇതിനകം തന്നെ സിനിമാലോകത്തെ ഹോട്ട് സബ്‌ജ‌ക്ട് ആണ്. ഉദയ്‌കൃഷ്ണയുടെ രചനയിലൊരുങ്ങുന്ന ഈ ഫാമിലി ആക്ഷൻ എൻറർടെയ്‌നറും സംഗീതപ്രധനമായ സിനിമയായിരിക്കും.
 
ഗോപിസുന്ദർ തന്നെയാണ് രാജ 2ൻറെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. മമ്മൂട്ടിയുടെ പ്രണയവും നൃത്തരംഗങ്ങളുമുള്ളതിനാൽ അഞ്ചോളം പാട്ടുകൾ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഡി എസ് പി, അനിരുദ്ധ് തുടങ്ങിയവരുടെ ശൈലിയിൽ നല്ല ഒന്നാന്തരം ഫാസ്റ്റ് നമ്പരുകൾ പ്രതീക്ഷിക്കാം.
 
അതേസമയം, ആറാം തമ്പുരാനിലെ ഹരിമുരളീരവം പോലെ ഒരു ഗംഭീരമായ ഗാനവും രാജ 2ൻറെ പ്രത്യേകതയായിരിക്കുമെന്നാണ് സൂചന. ഈ വർഷം മമ്മൂട്ടിയുടെ 100 കോടി ക്ലബ് പ്രതീക്ഷയാണ് രാജ 2.

വെബ്ദുനിയ വായിക്കുക