“മഹാപ്രസ്ഥാനം ആരംഭിച്ചുകഴിഞ്ഞു. അവസാനം സ്തംഭം പൂര്‍ണമായും കടലില്‍ താണപ്പോള്‍ ഭീമന്‍ വെറും കൌതുകംകൊണ്ടു വിടര്‍ന്ന മന്ദഹാസമൊതുക്കി, യുധിഷ്ഠിരനെ നോക്കി. അദ്ദേഹം കണ്ണടച്ച് ശിരസ്സു കുനിച്ച് നില്‍ക്കുകയായിരുന്നു. ജ്യേഷ്ഠന്‍റെ പിന്നിലായി തലകുനിച്ചു നില്‍ക്കുന്ന ദ്രൌപദിയോടു പറയാന്‍ ഒരു കാര്യം ഓര്‍മ്മിച്ചിരുന്നു. കടല്‍ക്കരയില്‍ ചിതറിക്കിടക്കുന്ന നഗരാവശിഷ്ടങ്ങള്‍ക്കിടയില്‍, മണലില്‍ പൂഴ്ന്ന ഒറ്റത്തേരിനും തകര്‍ന്ന ഒരു സിംഹസ്തംഭത്തിനുമിടയ്ക്ക്, ഗതിമുട്ടിക്കിടന്ന ഒരു നീര്‍ച്ചാലില്‍, വാടിയ പൂമാലകള്‍!”
രണ്ടാമൂഴം. മലയാളസാഹിത്യത്തിലെ ഉജ്ജ്വല ഇതിഹാസം. ‘രണ്ടാമൂഴം’ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. ‘ഏഴാമത്തെ വരവ്’ എന്ന പ്രൊജക്ടിന് ശേഷം എം ടിയും ഹരിഹരനും രണ്ടാമൂഴത്തിന്‍റെ ജോലികളിലേക്ക് കടക്കും. ഭീമനായി മോഹന്‍ലാല്‍ അഭിനയിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടിയും യുവനടന്‍ ഇന്ദ്രജിത്തും ഈ പ്രൊജക്ടിന്‍റെ ഭാഗമാകുമെന്നാണ് സൂചന.
പാണ്ഡവരില്‍ ഒരാളുടെ വേഷത്തിലാണ് ഇന്ദ്രജിത്തിനെ പരിഗണിക്കുന്നതെന്നറിയുന്നു. മമ്മൂട്ടി ദുര്യോധനനാകും. മറ്റ് താരങ്ങളുടെ കാര്യങ്ങള്‍ ഹരിഹരന്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. എം ടിയും ഹരിഹരനും താരങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമനമെടുത്തതായാണ് അറിയാന്‍ കഴിയുന്നത്.
വലിയ ക്യാന്‍വാസിലാണ് ‘രണ്ടാമൂഴം’ ഒരുങ്ങുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും ഇത്. ഇന്ത്യയിലെയും വിദേശത്തെയും ഏറ്റവും വലിയ ടെക്നീഷ്യന്‍മാര്‍ ഈ പ്രൊജക്ടുമായി സഹകരിക്കും. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടിയായിരിക്കുമെന്നും അറിയുന്നു.
ഗോകുലം ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനം ആരംഭിച്ചേക്കും.
അടുത്ത പേജില്‍ - ക്ലൈമാക്സില്‍ മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ ഗദായുദ്ധം!
PRO
“1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്‍മാറിയ എന്‍റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട് ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസ്സില്‍ എഴുതാനും, വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ എഴുതിത്തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്‍റെ ദയയ്ക്കു നന്ദി” - രണ്ടാമൂഴം എന്ന നോവലിന്‍റെ രചനാകാലത്തേക്കുറിച്ച് എം ടി എഴുതിയതാണിത്.
മലയാള സാഹിത്യത്തിലെ ‘രണ്ടാമൂഴം’ എന്ന പ്രകാശഗോപുരത്തെ ക്യാമറയില്‍ പകര്‍ത്താന്‍ കൊതിക്കാത്ത സംവിധായകര്‍ ചുരുക്കം. എന്നാല്‍ ഭയം കാരണം ആരും തയ്യാറായില്ല. എന്തായാലും ഹരിഹരന്‍ ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്.
ജന്‍മം കൊണ്ടും നിയോഗം കൊണ്ടും രണ്ടാമനായ ഭീമസേനനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലും മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു. ദുര്യോധനനെ അവതരിപ്പിക്കുന്ന മമ്മൂട്ടി യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വില്ലനാണ്. ഭീമനും ദുര്യോധനനും തമ്മിലുള്ള ഗദായുദ്ധം ഈ സിനിമയുടെ ക്ലൈമാക്സ് ത്രില്‍ ആയിരിക്കും.
പഴശ്ശിരാജയേക്കാള്‍ പത്തുമടങ്ങ് വലിയ ഒരു സിനിമയാക്കി രണ്ടാമൂഴത്തെ മാറ്റാനാണ് ഹരിഹരന്‍റെയും ഗോകുലം ഗോപാലന്‍റെയും ശ്രമം. ഇന്ത്യയിലെ നിഗൂഢവനങ്ങളിലായിരിക്കും രണ്ടാമൂഴം ചിത്രീകരിക്കുക.