രണ്ടാമൂഴത്തിന് 600 കോടി, മോഹന്‍ലാല്‍ ഇനിയും ഞെട്ടിക്കും; അടുത്ത മോഹന്‍ലാല്‍ ചിത്രത്തിന് ബജറ്റ് 400 കോടി!

വെള്ളി, 13 ജനുവരി 2017 (20:28 IST)
രണ്ടാമൂഴം എന്ന പ്രൊജക്ടിന് 600 കോടി രൂപയാണ് ചെലവ് വരുകയെന്ന മോഹന്‍ലാലിന്‍റെ പ്രഖ്യാപനം അമ്പരപ്പോടെയാണ് ഏവരും കേട്ടത്. വാര്‍ണര്‍ ബ്രദേഴ്സ് പോലെയുള്ള വമ്പന്‍ കമ്പനികളാണ് ആ സിനിമയ്ക്ക് ഫണ്ട് ചെയ്യുന്നത്. എന്തായാലും ആ പ്രഖ്യാപനത്തിന്‍റെ ഞെട്ടല്‍ മാറും മുമ്പേ മോഹന്‍ലാലിന്‍റെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ വിവരം വരുന്നു. 
 
രണ്ടാമൂഴത്തിന് ശേഷം മോഹന്‍ലാലിന്‍റെ അടുത്ത ബ്രഹ്മാണ്ഡചിത്രത്തിന് 400 കോടിയാണ് ബജറ്റ്. ‘നായര്‍സാന്‍’ എന്ന ആ പ്രൊജക്ടില്‍ മോഹന്‍ലാലിനൊപ്പം ജാക്കിചാനും ഉണ്ടാവും. മോഹന്‍ലാലും ജാക്കി ചാനും ഉള്‍പ്പടെയുള്ള ആക്ഷന്‍ രംഗങ്ങളായിരിക്കും ആ സിനിമയുടെ ഹൈലൈറ്റ്.
 
ചൈനയും മംഗോളിയയും പ്രധാന ലൊക്കേഷനാകുന്ന സിനിമയുടെ സംവിധാനം ആല്‍ബര്‍ട്ട് ആന്‍റണിയാണ്. എ ആര്‍ റഹ്‌മാനാണ് സംഗീതം. ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായിരിക്കും ഈ സിനിമയ്ക്ക് പണം മുടക്കുക.
 
ചിത്രത്തിന്‍റെ തിരക്കഥ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായതാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കഥയാണ് നായര്‍സാന്‍ പറയുന്നത്. അത്രയും വര്‍ഷം മുമ്പുള്ള ജപ്പാന്‍ പുനഃസൃഷ്ടിക്കുക എന്ന വലിയൊരു വെല്ലുവിളി നായര്‍സാന്‍ ടീമിന് മുന്നിലുണ്ട്.

വെബ്ദുനിയ വായിക്കുക