മോഹന്‍ലാല്‍ ‘ബെന്‍സ് വാസു’ , സെല്‍ഫി ടീം ഫുള്‍ ഫോമില്‍ !

വ്യാഴം, 7 ജനുവരി 2016 (17:34 IST)
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ‘ബെന്‍സ് വാസു’ എന്ന് പേരിട്ടു. ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്ത ജി പ്രജിത്ത് ആണ് ബെന്‍സ് വാസു സംവിധാനം ചെയ്യുന്നത്. രജപുത്ര രഞ്ജിത് ആണ് സംവിധാനം.
 
ചിത്രം ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറായിരിക്കും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഒപ്പം’ എന്ന ത്രില്ലറിന് ശേഷം ഈ പ്രൊജക്ട് ആരംഭിക്കും.
 
അവിചാരിതമായാണ് പ്രജിത്ത് ഈ പ്രൊജക്ടിലേക്ക് വരുന്നത്. ‘ഉട്ടോപ്യയിലെ രാജാവ്’ എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ടാണിത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഈ പ്രൊജക്ട് പ്രജിത്തിലേക്ക് വരികയായിരുന്നു. 
 
‘2 കണ്‍‌ട്രീസ്’ എന്ന മെഗാഹിറ്റിന് ശേഷം രജപുത്ര രഞ്ജിത് നിര്‍മ്മിക്കുന്ന ചിത്രമാണ് ബെന്‍സ് വാസു.
 
ഒടുവിലാന്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജയന്‍ നായകനായ ഒരു ഹിറ്റ് ചിത്രത്തിന് ‘ബെന്‍സ് വാസു’ എന്നായിരുന്നു പേര്. ആ സിനിമയുടെ പേര് പുതിയ മോഹന്‍ലാല്‍ ചിത്രത്തിന് വരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ ഇരട്ടിയാകുകയാണ്.

വെബ്ദുനിയ വായിക്കുക