മോഹന്‍ലാലിന്‍റെ ഡേറ്റില്‍ അഴിച്ചുപണി, വിജയ് ചിത്രം മേയില്‍ തുടങ്ങും!

വ്യാഴം, 24 ജനുവരി 2013 (18:39 IST)
PRO
മോഹന്‍ലാല്‍ തന്‍റെ ഈ വര്‍ഷത്തെ പ്ലാന്‍ ആകെ ഉടച്ചുവാര്‍ത്തിരിക്കുന്നു. പ്രിയദര്‍ശന്‍ ചിത്രം വേണ്ടെന്നുവച്ചതോടെയാണ് ഈ വര്‍ഷത്തെ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വലിയ മാറ്റമുണ്ടായത്. പ്രിയദര്‍ശന്‍ ചിത്രത്തിന് നല്‍കിയിരുന്ന ഡേറ്റുകള്‍ അഡ്ജസ്റ്റ് ചെയ്ത് മറ്റ് രണ്ട് ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കി. ഇതോടെ മോഹന്‍ലാലും തമിഴ് മെഗാസ്റ്റാര്‍ വിജയും ഒന്നിക്കുന്ന ‘ജില്ല’ എന്ന സിനിമ മേയ് മാസത്തില്‍ ആരംഭിക്കാന്‍ കളമൊരുങ്ങി.

ഇതിനൊപ്പം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്‍ ഫ്രോഡ്’ എന്ന സിനിമയും തുടങ്ങുകയാണ്. തമിഴ് ചിത്രത്തിന് മുമ്പ് ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍ പൂര്‍ത്തിയായി പ്രദര്‍ശനത്തിനെത്തും.

നിലവിലെ സാഹചര്യത്തില്‍ മോഹന്‍ലാലിന്‍റെ പുതിയ ചിത്രങ്ങള്‍ ഈ ക്രമത്തിലാണ്:

1. റെഡ്‌വൈന്‍
2. ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍
3. മിസ്റ്റര്‍ ഫ്രോഡ്
4. ജില്ല(തമിഴ്)

സൂപ്പര്‍ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൌധരി നിര്‍മ്മിക്കുന്ന ‘ജില്ല’ സംവിധാനം ചെയ്യുന്നത് നവാഗതനായ നേശനാണ്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക.

അതേസമയം, ഈ വര്‍ഷം അവസാനം പ്രിയദര്‍ശന്‍ ചിത്രം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ പ്രൊജക്ടില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഉണ്ടായിരിക്കില്ല. മറ്റൊരു സബ്‌ജക്ടാണ് ആലോചിക്കുന്നത്.

വെബ്ദുനിയ വായിക്കുക